കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ നടൻ ദിലീപ് ജയിൽ മോചിതനായ ശേഷം നേരെ പോയത് പറവൂർക്കവലയിലെ വീട്ടിലേക്ക്. ഭാര്യ കാവ്യാമാധവനുൾപ്പെടെ ബന്ധുക്കളും സിനിമാതാരങ്ങളായ സിദ്ദിഖ്, ധർമ്മജൻ തുടങ്ങിയവരും അവിടെ ദിലീപിനെ സ്വീകരിച്ചു. കാവ്യയെ കെട്ടിപ്പിടിച്ചും മറ്റുള്ളവരെയും പിന്നാലെ ആശ്‌ളേഷിച്ചും കുടുംബത്തിലെ കുഞ്ഞുങ്ങളെ എടുത്തുയർത്തിയുമാണ് താരം ആഹ്‌ളാദം പങ്കുവച്ചത്. അമ്മയും സഹോദരിയും ഉൾപ്പെടെയുള്ളവരും ഇവിടെ ദിലീപിനെ കാത്തുനിന്നിരുന്നു. കുടുംബാംഗങ്ങളും മധുരം വിതരണം ചെയ്താണ് സന്തോഷം പങ്കുവച്ചത്. രാമലീല കാര്യം കാണുന്ന കാര്യം ചോദിച്ചപ്പോൾ നാളെ എന്നായിരുന്നു ദിലീപിന്റെ മറുപടി.

 

കാത്തുനിന്ന മാധ്യമപ്രവർത്തകരോടും കൈവീശിക്കാണിച്ചെങ്കിലും കോടതിയുടെ കർശന നിർദ്ദേശങ്ങൾ ഉള്ളതിനാൽ താരം പ്രതികരണത്തിന് മുതിർന്നില്ല. ജയിലിനു പുറത്തെന്ന പോലെ വീട്ടിനുമുന്നിലും താരത്തെ കാണാൻ ആരാധകർ നിറഞ്ഞിരുന്നു. ദിലീപ് എത്തിയതറിഞ്ഞ് പറവൂർ കവലയിലെ വീട്ടിന് മുന്നിലേക്കും ആരാധകർ പ്രവഹിച്ചു.

വീട്ടിലേക്ക് കയറാൻ തുനിഞ്ഞെങ്കിലും തിരികെ വന്ന് ഗെയ്റ്റിന് മുകളിലൂടെ ആരാധകർക്ക് ഹസ്തദാനം നടത്തിയും കൈവീശിക്കാണിച്ചും ദിലീപ് സന്തോഷം പങ്കുവച്ചു. കാവ്യയും ആരാധകരെ അഭിവാദ്യം ചെയ്തു. 85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം നേടി ജയിൽ മോചിതനാവാൻ ആയത്.

സിദ്ദിഖിനേയും ധർമ്മജനേയും കൂടാതെ പിന്നീട് വീട്ടിലേക്കും സിനിമാ താരങ്ങളും പ്രവർത്തകരും ദിലീപിനെ കാണാൻ എത്തി. കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, അരുൺഗോപി തുടങ്ങിയവരും ദിലീപിനെ സന്ദർശിച്ച് പുറത്തിറങ്ങാനായതിൽ സന്തോഷം പങ്കുവച്ചു.

ഇതിനിടെ കോടതിയുടെ പ്രത്യേക അനുമതിയോടെ പിതൃതർപ്പണ ചടങ്ങിന് രണ്ടുമണിക്കൂർ ദിലീപ് വീട്ടിൽ എത്തിയിരുന്നു. ദിലീപ് ഇന്ന് മോചിതനായേക്കുമെന്ന സൂചനകൾ രാവിലെയോടെ തന്നെ പുറത്തുവന്നിരുന്നു. ഇതോടെ ആരാധകർ ഓരോ ജില്ലയിലും ആഘോഷ പരിപാടികളും മധുരപലഹാര വിതരണവും സംഘടിപ്പിക്കുകയും ചെയ്തു. പിന്നീടും ആരാധകർ താരത്തെ കാണാൻ നിന്നതോടെ വീടിന്റെ ബാൽക്കണിയിൽ കയറിയാണ് ദിലീപ് ആരാധകരെ അഭിവാദ്യം ചെയ്തത്.

ദ്വീർഘകാലത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ താരത്തിന് ആരാധകർ വലിയ സ്വീകരണമാണ് ഒരുക്കിയത്. പുഷ്പവൃഷ്ടി നടത്തിയും ആരവങ്ങളോടും കൂടിയാണ് ആരാധകർ ദിലീപിനെ സ്വീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ദിലീപിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

ഇത് പ്രകാരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ദിലീവ് വൈകീട്ട് 5.20തോടെയാണ് പുറത്തിറങ്ങിയത്. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും സുഹൃത്തുക്കളും സ്വീകരിക്കാൻ വാഹനവുമായി ജയിലിലെത്തി.

താരത്തിന് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിധിയുടെ പകർപ്പ് അങ്കമാലി കോടതിയിൽ എത്തിച്ച ശേഷം ഇവിടെ നിന്നും ദിലീപിന്റെ റിലീസിങ് ഓർഡറും അഞ്ച് മണിയോടെ തയ്യാറാക്കി. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജയിലിൽ നിന്നും പുറത്തുവരികയായിരുന്നു. ദിലീപിന്റെ സിനിമകളിലെ രംഗങ്ങളെ പോലും വെല്ലുന്ന രംഗമായിരുന്നു പുറത്ത്. അമ്പതിലേറെ ക്യാമറകൾ തുറിച്ചു നോക്കിയപ്പോൾ പൊലീസ് അകമ്പടിയോടെ താരം പുറത്തിറങ്ങി.

വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച് പുറത്തിറങ്ങിയ ദിലീപ് താടിവെച്ചിരുന്നു. ആരാധകരെ കൈവീശി കാണിച്ചും കൈകൂപ്പിയും നന്ദി പറഞ്ഞും അഭിവാദ്യം ചെയ്തു. പുഷ്പ്പ വൃഷ്ടിയോടെയാണ് ആരാധകർ ദിലീപിനെ സ്വീകരിച്ചത്. ആവോശത്തോടെ ആരാധകരും കൈവീശി. കാറിൽ കയറിയ ദിലീപ് പിന്നീടും ആരാധകരെ അഭിവാദ്യം ചെയ്തു. വെള്ള ഇന്നോവ കാറിൽ കയറിയ താരം നേരെ പറവൂർ ക്കവലയിലെ കുടുംബ വീട്ടിലേക്ക് പോകുകയായിരുന്നു.