മുംബൈ: തന്റെ സ്വപ്‌ന ബംഗ്ലാവ് നിന്നിരുന്ന മണ്ണ് കൈവിട്ട് പോകാതിരിക്കാൻ ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം ദിലീപ് കുമാറിന്റെ ഭാര്യയുടെ നിയമപോരാട്ടം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളും ഓർമ്മക്കുറവും ദിലീപ് കുമാറിനെ വലയ്ക്കുമ്പോഴാണ് ഭാര്യ സൈറ ബാനു (74) നിയമ പോരാട്ടം നടത്തുന്നത്. 'അമ്മയെയും സഹോദരങ്ങളെയും ഒരു ബംഗ്ലാവ് കാണിക്കാമെന്നു പറഞ്ഞു ദിലീപ്കുമാർ കൂട്ടിക്കൊണ്ടുപോയി. അദ്ഭുതത്തോടെ അവർ അതു കണ്ടു പുറത്തിറങ്ങവെ അദ്ദേഹം താക്കോൽ എടുത്തു നീട്ടി പറഞ്ഞു: ഇത് ഇനി നമ്മുടെ വീടാണ്'-

സിനിമാ സ്‌റ്റൈൽ ഗൃഹപ്രവേശത്തെക്കുറിച്ചു പറയുന്നത്, നടന്റെ ആത്മകഥ അദ്ദേഹത്തിനായി തയാറാക്കിയ 'സ്‌ക്രീൻ' മാഗിസിൻ മുൻ എഡിറ്റർ ഉദയതാര നായർ. അൻപതുകളിലാണു പാലി ഹിൽസിലെ അരയേക്കർ ദിലീപ്കുമാർ വാങ്ങുന്നത്. 1969 ൽ വിവാഹശേഷം ദിലീപും സൈറയും ഏറെക്കാലം ഇവിടെ താമസിച്ചു. പിന്നീട് ഇരുവരും പാലി ഹിൽസിൽ സൈറയുടെ ബംഗ്ലാവിലേക്കു മാറി. ഇവിടെയാണ് ഇപ്പോഴും. മക്കളില്ല.

ദിലീപ്കുമാറിന്റെ ഓർമ മങ്ങിത്തുടങ്ങിയ കാലത്താണു ബംഗ്ലാവ് പൊളിച്ചു താമസ സമുച്ചയം നിർമ്മിക്കാനുള്ള ഇടപാട്. ഏതാനും നിലകൾ നടന്റെ കുടുംബത്തിനു കൈമാറണമെന്നായിരുന്നു കരാർ. 2 കെട്ടിട നിർമ്മാണ കമ്പനികളുമായി കരാറൊപ്പിട്ടതു സൈറയുടെ നേതൃത്വത്തിൽ. അവർ ബംഗ്ലാവ് പൊളിച്ചു നീക്കിത്തുടങ്ങിയതിനു പിന്നാലെ, 250 കോടി വിലമതിക്കുന്ന വസ്തുവിൽ അവകാശവാദവുമായി മറ്റൊരു കെട്ടിട നിർമ്മാതാവ് സമീർ ഭോജ്‌വാനി രംഗത്തെത്തുകയായിരുന്നു.

നടൻ ഭൂമി വാങ്ങിയ ഖട്ടാവ് എന്നയാളെ സ്വാധീനിച്ച് ഏതാനും രേഖകൾ കൈക്കലാക്കിയ ശേഷമാണ് ഇയാളുടെ അവകാശവാദം എന്ന് ആരോപണമുണ്ട്. ഭോജ്വാനിയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. നിശ്ചിത പണം നൽകി ദിലീപ്കുമാർ കേസ് അവസാനിപ്പിച്ചു വസ്തു തിരിച്ചെടുക്കണമെന്ന കോടതി വിധിയും അതിനെതിരെയുള്ള ഭോജ്വാനിയുടെ നിലപാടുമെല്ലായി നീളുകയാണു കേസ്. ആരും സഹായിക്കാനില്ലാതെ വന്നതോടെയാണിപ്പോൾ സൈറ പ്രധാനമന്ത്രിയുടെ സഹായം തേടിയിരിക്കുന്നത്.