- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വധഗൂഢാലോചക്കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചത്'; എഫ്‌ഐആർ റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ; റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണം; ഫോണുകളുടെ ഫോറെൻസിക് പരിശോധന ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകൻ ബി.രാമൻ പിള്ള മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ദിലീപ് ഉയർത്തുന്ന ആരോപണം.
ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കത്തക്ക തെളിവുകളില്ല. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ഹർജിയിൽ പറയുന്നുണ്ട്. ഈ കേസിൽ ദിലീപടക്കമുള്ള അഞ്ച് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നും ഹർജിയിൽ പറയുന്നു. ഡിജിപി സന്ധ്യയുടെയും എഡിജിപി ശ്രീജിത്തിന്റെയും അറിവോടെയാണ് ഈ ഗൂഢാലോചന നടത്തിയത്. ഇതാണ് അന്വേഷിക്കേണ്ടതെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു.
''ഡിവൈഎസ്‌പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് '. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ ആക്ഷേപം ശരിവെക്കുന്നതാണെന്നും പ്രതികൾ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, പ്രതികളുടെ നീക്കം തടയാൻ പരമാവധി തെളിവ് ശേഖരിക്കാൻ ക്രൈം ബ്രാഞ്ചും ശ്രമം തുടങ്ങിയിട്ടുണ്ട്. ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറെൻസിക് പരിശോധന ഫലം ലഭിക്കുന്നതോടെ ഗൂഡലോചനയ്ക്ക് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. കുസാറ്റ് ആൽഫി നഗറിലുള്ള വില്ലയിലായിരുന്നു പരിശോധന.എന്നാൽ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
കേസിൽ ദിലീപും സഹോദരൻ അനൂപും സഹോദരീഭർത്താവ് സുരാജും അടക്കം അഞ്ച് പ്രതികൾക്ക് ഫെബ്രുവരി ഏഴിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ