കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ തെളിവെടുപ്പിനായി തൃശ്ശൂരിലെത്തിച്ചു.   ദിലീപിനെ തെളിവെടുപ്പിനായി ഇപ്പോൾ ടെന്നിസ് ക്ലബ്ബിൽ എത്തിച്ചിരിക്കുകയാണ്. വലിയ ജനക്കൂട്ടം ആണ് ഇവിടെ ഉള്ളത്. നേരത്തെ ജോയിസ് പാലസിലും ദിലീപിനെ എത്തിച്ചെങ്കിലും അവിടെ ദിലീപിനെ പുറത്തേക്കിറക്കിയില്ല. കുറേ നെരം പൊലീസ് വാഹനത്തിൽ തന്നെ ഇരുത്തിയ ശേഷം ഇവിടെ നിന്നും ടെന്നീസ് ക്ലബ്ബിലേക്ക് പോവുകയായിരുന്നു. ഇവിടെ നിന്നും ഇനി ഗരുഡാ ഹോട്ടലിലേക്കായിരിക്കും പോവുക.

 

ഇന്നലെ തൊടുപുഴയിലെ കോളേജിലും കൊച്ചിയിലെ ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും നടനെ തെളിവെടുപ്പിനായി കൊണ്ടു പോകുന്നത്. ഇന്ന് തൃശ്ശൂരിൽ ജോർജ്ജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷൻ ആയിരുന്ന തൃശ്ശൂരിലെ ടെന്നിസ് ക്ലബ്ബിലാണ് താരത്തെ എത്തിക്കുക. ഇവിടെ വെച്ച് പൾസർ സുനിയും ദിലീപും കൂടിക്കാഴ്‌ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു.

തൃശ്ശൂരിലെ ടെന്നീസ് ക്ലബ്ബ്, ജോയ്‌സ് പാലസ്, ഹോട്ടൽ ഗരുഡ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പിന് കൊണ്ടുപോകേണ്ടത്. വെള്ളിയാഴ്ച രാവിലെ 11 ന് വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടതിനാൽ ഇതിന് മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയിൽവിട്ട ദിലീപിനെ തൊടുപുഴ വഴിത്തലയിലുള്ള ശാന്തിഗിരി കോളേജ്, കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടൽ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിച്ച പലയിടങ്ങളിലും ശക്തമായ ജനരോഷമാണ് ദിലീപിനെതിരെ ഉണ്ടായത്. കൂക്കുവിളിച്ചും പാവാടയും നൈറ്റിയും വീശിക്കാണിച്ചുമായിരുന്നു പലയിടത്തും പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ മിക്കയിടത്തും ദിലീപിനെ വാഹനത്തിൽനിന്ന് പുറത്തിറക്കാൻ പോലുമായില്ല.

തൊടുപുഴ വഴിത്തല ശാന്തിഗിരി കോളേജിൽ പൊലീസിന് വാഹനത്തിൽനിന്നിറക്കാതെ തെളിവെടുത്ത് മിനിറ്റുകൾക്കകം ദിലീപിനെ തിരികെ കൊണ്ടുപോരേണ്ടിവന്നു. സുനിയുമായി സംസാരിച്ചുനിന്ന സ്ഥലം ദിലീപ് പൊലീസിനു ചൂണ്ടിക്കാണിച്ചു. ഗൂഢാലോചന നടത്തിയെന്നു പൊലീസ് കണ്ടെത്തിയ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലെ നാലാം നിലയിലെ പത്താം നമ്പർ മുറിയിലെത്തിച്ചായിരുന്നു തുടർന്നുള്ള തെളിവെടുപ്പ്. പത്തുമിനിറ്റോളമാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്.

അതേസമയം 20 വർഷം കഠിനതടവു ലഭിക്കാവുന്ന കൂട്ടമാനഭംഗം എന്ന വകുപ്പാണു കേസിൽ ചുമത്തിയിരിക്കുന്നത്. ഇക്കാരണത്താൽ പൊലീസ് നിരത്തുന്ന തെളിവുകൾ വിചാരണക്കോടതി തലനാരിഴ കീറി പരിശോധിക്കും. ഇത്തരം കേസുകളിൽ സംശയത്തിന്റെ നേരിയ ആനുകൂല്യം പോലും പ്രതിക്കാണു ലഭിക്കുക. ഇപ്പോഴത്തെ സംഭവത്തിന് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത പീഡനക്കേസുകളിൽ നിന്നു രണ്ടു കാര്യത്തിൽ അപൂർവതയുണ്ട് കുറ്റം നടപ്പാക്കാനുള്ള ക്വട്ടേഷനും അതിന്റെ ഗൂഢാലോചനയും.

ദിലീപിനെ അറസ്റ്റ് ചെയ്യും മുൻപു പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നിയമോപദേശം തേടിയിരുന്നു. ദിലീപിന്റെ പങ്കു കോടതിയിൽ തെളിയിക്കാൻ സഹായിക്കുന്ന പത്തിലധികം ശാസ്ത്രീയ തെളിവുകളും അഞ്ചു ദൃക്‌സാക്ഷി മൊഴികളും പരിശോധിച്ച നിയമവിദഗ്ധൻ, ആവശ്യം വന്നാൽ പ്രതികളിൽ ഒരാളെ മാപ്പുസാക്ഷിയാക്കാനും നിർദ്ദേശിച്ചു. ഈ ഘട്ടത്തിലാണു നാദിർഷായുടെ പേരു മാപ്പുസാക്ഷിയായി ഉയർന്നത്. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, പ്രതികളെ സംരക്ഷിക്കൽ, അന്വേഷണ സംഘത്തെ വഴിതെറ്റിക്കൽ, കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരം മറച്ചുവയ്ക്കൽ, പൊലീസിന്റെ കൃത്യ നിർവഹണത്തിനു തടസം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസിൽ കൂടുതൽ അറസ്റ്റുണ്ടാവും.