ആലുവ: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിക്കൽ കേസിൽ മുഖ്യപ്രതിസ്ഥാനത്തുള്ള ദിലീപ് പൾസർ സുനിയെ ക്വട്ടേഷൻ ഏൽപ്പിച്ചത് സിനിമയിൽ അവസരം നൽകിയും ഒന്നര കോടിയോളം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തുമാണ്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകരാൻ കാരണം നടിയാണെന്ന കാരണത്താലാണ് ക്വട്ടേഷൻ നൽകിയത്. ദിലീപ് നേരിട്ടാണ് പൾസർ സുനിക്ക് ക്വട്ടേഷൻ ഏൽപ്പിച്ചെന്നാണ് അറിയുന്നത്.

വ്യക്തിവൈരാഗ്യം മൂലമാണു നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനുള്ള ക്വട്ടേഷൻ നൽകിയതെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയത്. 2013ൽ എറണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലിൽ താരസംഘടനയായ 'അമ്മ'യുടെ പരിപാടി നടക്കുന്നതിനിടയിലാണു ദിലീപ് ക്വട്ടേഷൻ സംബന്ധിച്ചു മുഖ്യപ്രതി സുനിൽകുമാറിനോടു സംസാരിച്ചത്. മറ്റു ചില നടന്മാർക്കും ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നതായി ചോദ്യംചെയ്യലിൽ ദിലീപ് സമ്മതിച്ചു. പണത്തിനു പുറമെ ദിലീപിന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനിൽകുമാറിനെ വശത്താക്കിയത്.

നാലു വർഷം മുൻപു നടത്തിയ ഗൂഢാലോചന മുതലുള്ള വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണു പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിനു മുൻപു ക്വട്ടേഷൻ നടത്താൻ തൃശൂർ, ഗോവ എന്നിവിടങ്ങളിൽ സുനി നടത്തിയ രണ്ടു നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. ദിലീപ് നേരിട്ടും മാറിനിന്നും നടത്തിയ മുഴുവൻ ഗൂഢാലോചനകൾക്കും അന്വേഷണസംഘം തെളിവുകൾ കണ്ടെത്തി.

കേസിൽ ആദ്യം അറസ്റ്റിലായ സുനിൽകുമാർ ബ്ലാക്‌മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിക്കുന്നതായി ആരോപിച്ചു ദിലീപ് സമർപ്പിച്ച പരാതിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ദിലീപ് ഉന്നയിച്ച കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നു പൊലീസിനു ബോധ്യപ്പെട്ടതോടെ കുരുക്കു മുറുകി. അന്വേഷണം തന്നിലേക്കെത്തുന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസിനെ കബളിപ്പിക്കാനുള്ള നീക്കങ്ങൾ നാദിർഷയുമായി ചേർന്ന് ദിലീപ് ആസൂത്രണം ചെയ്തതെന്നാണു പൊലീസ് നിഗമനം.

ദിലീപ്, നാദിർഷാ എന്നിവരെ ആദ്യം കസ്റ്റഡിയിൽ എടുത്തു 13 മണിക്കൂർ ചോദ്യംചെയ്തു വിട്ടയച്ചതിന്റെ പിറ്റേന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനു ലഭിച്ച രഹസ്യ സന്ദേശമാണ് അറസ്റ്റിലേക്കുള്ള അന്തിമനീക്കത്തിനു പൊലീസിന് ഊർജം പകർന്നത്. ക്വട്ടേഷൻ തുക സംബന്ധിച്ചു ദിലീപ് ഫോണിൽ സുനിലിനോടു സംസാരിച്ചതു യാദൃശ്ചികമായ കേൾക്കാൻ ഇടയായ വ്യക്തിയാണ് അന്വേഷണസംഘത്തിനു നിർണായകവിവരം കൈമാറിയത്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എല്ലാവരെയും രാത്രിതന്നെ അങ്കമാലി മജിസ്‌ട്രേട്ടിനു മുൻപിൽ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവൻ, മാതാവ് ശ്യാമള എന്നിവരുടെ മൊഴികളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. പ്രതിയുടെ മൊഴികൾ വിശ്വസിക്കുന്ന തരത്തിൽ പെരുമാറി പൊലീസ് നടത്തിയ 'റെയ്ഡ് മെത്തേഡി'ലുള്ള ചോദ്യം ചെയ്യൽ മുറയാണ് ദിലീപിനെ വീഴ്‌ത്തിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് ഐജി ദിനേശ് കശ്യപാണു ഇന്നലെ നടത്തിയ നിർണായക ചോദ്യം ചെയ്യലിനുള്ള തന്ത്രങ്ങൾ മെനഞ്ഞത്. ജൂൺ 28 നു നടത്തിയ ചോദ്യം ചെയ്യലിൽ പങ്കെടുത്തിരുന്നില്ലെങ്കിലും ചോദ്യാവലി തയ്യാറാക്കിയത് ഐജി: കശ്യപായിരുന്നു. അന്വേഷണ വിവരങ്ങൾ ചോരാതിരിക്കാൻ നിർണായക നീക്കങ്ങൾ നടത്തിയത് സിഐ ബൈജു പൗലോസിന്റെ ചുമതലയിലായിരുന്നു. ജയിൽ കേന്ദ്രീകരിച്ചു പ്രതികളുടെ നീക്കങ്ങൾ ചോർത്തിയതും തെളിവുകൾ ശേഖരിച്ചതും ബൈജുവാണ്.

കേസിൽ ഏതാനും പ്രതികൾ അറസ്റ്റിലായതോടെ സംഭവവുമായി ദിലീപിനുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥർ ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ഒരു സന്ധ്യയ്ക്കു രണ്ടു വാഹനങ്ങളിലായി പത്തോളം പൊലീസ് ഉദ്യോഗസ്ഥർ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നായിരുന്നു സൂചന. വാഹനങ്ങൾ പാലസ് വളപ്പിലിട്ട ശേഷം നടന്നാണ് ഇവർ പോയത്. എല്ലാവരും മഫ്തിയിലായിരുന്നു.

ചിലരുടെ കയ്യിൽ ഫയലുകളും ഉണ്ടായിരുന്നു. നേരത്തെ നഗരത്തിൽ ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സംഘത്തിന്റെ വഴികാട്ടി. ഈ സമയത്തു പാലസ് പരിസരത്തുണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകർ പൊലീസുകാരെ ശ്രദ്ധിച്ചു. പക്ഷേ, പൊലീസ് സംഘം ദിലീപിന്റെ വീട്ടിലേക്കു കയറുന്നതു മതിലിന്റെ മറമൂലം ഇവർക്കു കാണാൻ കഴിഞ്ഞില്ല. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ പൊലീസ് പോയതു ദിലീപിന്റെ വീട്ടിലേക്കു തന്നെ എന്നുറപ്പിച്ച പൊതുപ്രവർത്തകരാണ് നടനെ പൊലീസ് ചോദ്യം ചെയ്‌തെന്ന വിവരം ആദ്യം പുറത്തുവിട്ടത്.