കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും നിർണായക തെളിവായ മൊബൈലുകൾ ഒളിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ ഫോണുകൾ ഉടൻ നൽകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. എന്നാൽ ഈ ഫോണുകൾ ദിലീപും കൂട്ടരും ക്രൈംബ്രാഞ്ചിന് നൽകില്ല.

ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതവും സുരാജിന്റെ ഒരു ഫോണുമാണ് ഒളിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഈ മൊബൈലുകൾ ഉടൻതന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ഇടയിലാണ് നോട്ടീസ് കൈമാറിയത്. എന്നാൽ ഈ ഫോണുകൾ തങ്ങളുടെ കൈവശമില്ലെന്നാണ് ദിലീപിന്റേയും മറ്റുള്ളവരുടേയും നിലപാട്. ഈ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിദഗ്ധരെ ഏൽപ്പിച്ചുവെന്നാണ് ദിലീപിന്റേയും മറ്റുള്ളവരുടേയും നിലപാട്.

പൂനയിലെ വിദഗ്ധ സ്ഥാപനത്തിലാണ് ദിലീപും കൂട്ടരും ഫോണുകൾ കൈമാറിയത് അത്രേ. ബാലചന്ദ്രകുമാറിന്റെ കേസ് വന്നതിന് പിന്നാലെ അയാളുമായി നടത്തിയ മുഴുവൻ വിവരങ്ങളും വീണ്ടെടുക്കാനായിരുന്നു ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് കൈമാറിയതെന്നാണ് സൂചന. അഭിഭാഷകനായ ബി രാമൻപിള്ളയുടെ നിർദ്ദേശ പ്രകാരമാണ് ഇത് ചെയ്തതെന്നാണ് നിലപാട്. ഇങ്ങനെ ഫോൺ കൈമാറിയതിന്റെ രേഖകളും നടന്റേയും ബന്ധുക്കളുടേയും കൈയിലുണ്ട്. അതുകൊണ്ട് തന്നെ ഫോണിൽ കുടുക്കാൻ കഴിയില്ലെന്നാണ് ദിലീപിന്റെ പക്ഷം.

നാളെ ഗൂഢാലോചന കേസിൽ ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് വിശദ റിപ്പോർട്ട് നൽകും. ഫോൺ ഒളിപ്പിച്ചതാകും ഇതിൽ പ്രധാനമായും ചർച്ചയാക്കുക. ദിലീപിനേയും കൂട്ടരേയും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെടും. ഇതിനെ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയ രസീതുകൾ ഉയർത്തി ദിലീപിന്റെ വക്കീൽ പൊളിക്കാനാണ് സാധ്യത. നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കുള്ള സുപ്രീംകോടതി വിധിയും ദിലീപ് ക്യാമ്പിന് പ്രതീക്ഷയാണ്.

നടൻ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളുടെ ചോദ്യംചെയ്യൽ ഇന്നലെ അവസാനിച്ചിരുന്നു. ഹൈക്കോടതി അനുവദിച്ച മൂന്നു ദിവസവും രാവിലെ ഒമ്പതുമണിമുതൽ രാത്രി എട്ടു മണി വരെ ആകെ 33 മണിക്കൂറായിരുന്നു ചോദ്യംചെയ്യൽ. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലുള്ളവരെയും വിളിച്ചുവരുത്തിയിരുന്നു. സംവിധായകരായ റാഫി, അരുൺഗോപി, വ്യാസൻ എടവനക്കാട് എന്നിവരും ഇതിലുൾപ്പെടും. വരും ദിവസങ്ങളിലും മൊഴിയെടുക്കൽ ഉണ്ടാകും.

ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്തത്. കേസിൽ ഒരാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കുമുറുക്കാൻ സാധ്യതയുണ്ട്. അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മാറ്റാനാണു സാധ്യത. ഇതിനിടെയാണ് ഫോണിലെ കൃത്രിമം ക്രൈംബ്രാഞ്ച് ചർച്ചയാക്കാൻ ശ്രമിച്ചത്.

ഫോൺ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടിസിന് ഉടൻ മറുപടി നൽകും. അഭിഭാഷകർക്ക് ഫോൺ കൈമാറിയെന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ പറഞ്ഞു. ദിലീപ് അടക്കം നാല് പ്രതികൾ ഫോൺ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ദിലീപിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാനാണ് ഫോൺ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പഴയ ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് നോട്ടിസ് നൽകുകയായിരുന്നു.

തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് പ്രതികൾ സമർപ്പിച്ചത് പുതിയ ഫോണുകളാണ്. പുതിയ ഫോണുകൾ കൈമാറിയതിലൂടെ കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. പഴയ ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്‌പി. മോഹനചന്ദ്രൻ പറഞ്ഞു. റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ചശേഷമേ അന്വേഷണപുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.