കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബ്ബിൽ ഇന്ന് രണ്ടര മണിക്കൂറോളം ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. നോട്ടീസ് നൽകി ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടനെ വിളിച്ചു വരുത്തുകയായിരുന്നു. കേസിലെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. നടി ആക്രമത്തിനിരയായ സമയം താൻ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നൽകിയെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ദിലീപിനെ നോട്ടീസ് നൽകി പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നത്.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. നടി ആക്രമണത്തിന് ഇരയായ ദിവസം ആശുപത്രിയിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ ദിലീപ് വ്യാജ രേഖയുണ്ടാക്കിയെന്നതിൽ വ്യക്തത വരുത്താനാണ് വീണ്ടും നടനെ ചോദ്യം ചെയ്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നത് പൊലീസിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ദിലീപ് പൊലീസ് ക്ലബ്ബിൽ നിന്ന് മടങ്ങി. ഇതോടെ ചോദ്യം ചെയ്യലിന് ശേഷം ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയും അകന്നു.

എസ്‌പി സുദർശനൻ, സി.ഐ ബിജു പൗലോസ് എന്നിവരാണ് ദിലീപിനെ ചോദ്യം ചെയ്തത്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. നിർണ്ണായക വിവരങ്ങൾ അപ്പുണ്ണിയിൽ നിന്നും പൊലീസിന് ലഭിച്ചുവെന്നാണ് സൂചന. അതിനിടെ ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പൊലീസ് നിഷേധിച്ചു. കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമമെന്ന് അന്വേഷണ സംഘത്തിലെ പ്രധാനി മറുനാടനോട് പറഞ്ഞു. പഴതുതുകൾ അടച്ചു കുറ്റപത്രം നൽകാൻ വേണ്ടി മാത്രമാണ് ഇത്. ജാമ്യം റദ്ദാക്കി ദിലീപിനെ വീണ്ടും ജയിലിലടക്കാൻ പൊലീസ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സമയത്ത് താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന് ദിലീപ് വാദം ഉന്നയിച്ചിരുന്നു. കൃത്യം നടക്കുമ്പോൾ പ്രതി മറ്റൊരിടത്തായിരുന്നു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുക. ഇന്ത്യൻ തെളിവ് നിയമത്തിലെ 11ാം വകുപ്പനുസരിച്ച് പ്രതിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഇത് പ്രതിരോധിക്കാനുള്ള ശക്തമായ തെളിവുകൾ നിരത്തി പിഴവുകളില്ലാത്ത കുറ്റപത്രം സമർപ്പിക്കാനാണ് അന്വഷണസംഘം ശ്രമിക്കുക. ഇതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യൽ. അപ്പുണ്ണിയേയും വിളിച്ചു വരുത്തിയത് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ്. ദിലീപ് സമർപ്പിച്ച മെഡിക്കൽ രേഖ സംബന്ധിച്ച സംശയദൂരീകരണമാണ് ചോദ്യം ചെയ്യൽ നടന്നത്.

ദിലീപ് സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വെന്ന് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ദിലീപ് ഹാജരാക്കിയിരുന്ന്.പൊലീസ് ഇതു സംബന്ധിച്ച് അനേഷണം നടത്തുകയും ഡോക്ടറുടെയും നഴ്‌സുമാരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. ദിലീപ് ചികിത്സക്ക് എത്തിയിരുന്നെങ്കിലും അഡ്‌മിറ്റ് ആയില്ല എന്നാണ് ഇവർ മൊഴി നൽകിയത്.

ഈ സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ ദിലീപ് ചികിത്സ തേടിയിരുന്നെന്നും സർട്ടിഫിക്കേറ്റ് വ്യാജമല്ലെന്നുമാണ് ഡോക്ടർ മൊഴി നല്കിയിട്ടുള്ളത്.