കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് താരസംഘടനയായ എഎംഎംഎയിൽ നിന്നും രാജിവച്ചു. പ്രതിഷേധങ്ങൾ ശക്തമായതോടെ നേരത്തെ സംഘടനയിൽ നിന്നും ദിലീപ് വിട്ടുനിൽക്കുകയായിരുന്നു. എഎംഎംഎ പ്രസിഡന്റ് മോഹൻലാലിനോടാണ് രാജി കാര്യം അറിയിച്ചതെന്നാണ് വിവരം. സംഘടന എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് ദിലീപിന്റെ രാജി കാര്യം ചർച്ച ചെയ്യും.

രാജികത്ത് ഈ മാസം പത്തിന് നൽകിയതാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അമ്മ പ്രസിഡന്റ് മോഹൻലാലിനാണ് രാജികത്ത് കൈമാറിയതെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. അതേസമയം ദിലീപിന്റെ സംരക്ഷക വേഷം കെട്ടി മോഹൻലാൽ രംഗത്തുവന്നതിന് പിന്നാലെയാണ് രാജിസംബന്ധിച്ച വാർത്തകളും ചാനലുകളിലൂടെ പുറത്തുവന്നത്. അതേസമയം ഈ രാജിവാർത്തയോടെ പ്രതികരിക്കാൻ താരസംഘടന ഭാരവാഹികൾ തയ്യാറായിട്ടില്ല.

കഴിഞ്ഞ ജൂണിൽ ചേർന്ന ജനറൽ ബോഡിയിൽ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. നടി ഊർമിള ഉണ്ണിയാണ് ഇക്കാര്യം യോഗത്തിൽ അവതരിപ്പിച്ചത്. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ഡബ്ല്യസിസിയുടെ നേതൃത്വത്തിൽ നടിമാർ ശക്തമായി പ്രതിഷേധിച്ചതോടെ താരസംഘടനയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് ദിലീപ് മാറി നിൽക്കുകയായിരുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്നു ഡബ്‌ള്യുസിസി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേരളത്തിലെ സിനിമാസംഘടനകൾ വാക്കാലല്ലാതെ ഒരു സഹായവും നൽകിയില്ല. 15 വർഷം മലയാളസിനിമയിൽ പ്രവർത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ടയാൾ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആൾ അകത്ത്, ഇതെന്തു നീതി ? ഇരയായ പെൺകുട്ടിയെ ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചു. 'ചൂടുവെള്ളത്തിൽ വീണ പൂച്ച' എന്ന നടൻ ബാബുരാജിന്റെ പരാമർശം ഹീനം. അമ്മയുടെ ഭാരവാഹികൾ നീതിമാന്മാരല്ലെന്ന് രേവതി തുറന്നടിച്ചു.

ഡബ്‌ള്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും 'അമ്മ' പ്രസിഡന്റ് മോഹൻലാൽ തയാറായില്ല. നടിമാർ എന്നുമാത്രം പറഞ്ഞാണ് പരാമർശിച്ചത്. ദിലീപിന്റെ കാര്യത്തിൽ 'അമ്മ'യുടെ ബൈലോ വച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിച്ചു. ദിലീപ് സംഘടനയിലുണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നു പത്മപ്രിയ പറഞ്ഞു. പ്രതിയായ നടൻ അഭിനയ അവസരങ്ങൾ തട്ടിമാറ്റി. സംഘടന ആരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

അമ്മ സ്ത്രീകളുടെ അവസരങ്ങൾ ഇല്ലാതാക്കുന്ന സംഘടനയായി മാറി. അമ്മ ഭാരവാഹികൾ എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു. 'ഞങ്ങൾ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും രോഷാകുലരുമാണ് '. തിലകന്റെ കാര്യം ജനറൽ ബോഡി ചർച്ചചെയ്തില്ല. അദ്ദേഹത്തെ നിർവാഹകസമിതി പുറത്താക്കി. ഒന്നരവർഷം മുൻപ് 17കാരി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെന്നു രേവതി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംവിധാനങ്ങൾ വേണം. ആ പെൺകുട്ടി തുറന്നുപറയാൻ സന്നദ്ധയാകുമ്പോൾ അത് പുറത്തുവരും.

വാർത്താസമ്മേളനത്തിനിടെ ദുരനുഭവം വെളിപ്പെടുത്തി അഭിനേത്രി അർച്ചന പത്മിനിയും രംഗത്തെത്തി. 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചിത്രത്തിന്റ െസറ്റിലാണ് താൻ ലൈംഗികാതിക്രമം നേരിട്ടതെന്നു അർച്ചന പറഞ്ഞു. സാങ്കേതികപ്രവർത്തകനായ ഷെറിൻ സ്റ്റാൻലിക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നൽകിയിട്ടും നടപടിയില്ല. പാലീസിൽ പരാതി നൽകാത്തത് ആവർത്തിച്ചുള്ള അധിക്ഷേപം ഭയന്നാണെന്നും നടി പറഞ്ഞു.