മാഹി: മാഹിയിലെ ജനങ്ങളുടെ പ്രിയങ്കരനായിരുന്നു ദിലീപ്കുമാർ എന്ന സർക്കാർ ഉദ്യോഗസ്ഥൻ. തലസ്ഥാനമായ പുതുച്ചേരിയിൽ ആരോഗ്യവകുപ്പിലെ ജൂനിയർ അക്കൗണ്ട്സ് ഓഫീസറായിരുന്നു ചെറുകല്ലായിയിലെ കുമരകത്ത് ദിലീപ് കുമാർ. മാഹിയിലെ ജനങ്ങൾക്ക് പുതുച്ചേരിയിലെ സർക്കാർ ഓഫീസുകളിൽ എത്തിച്ചേരാൻ 800 ഓളം കിലോമീറ്റർ സഞ്ചരിക്കണം. സർക്കാറുമായി ബന്ധപ്പെട്ട ഏത് സേവനത്തിനും മാഹിക്കാർ ദിലീപ് കുമാറിനെയാണ് കാര്യമായി ആശ്രയിക്കാറ്. ഓഫീസുകളിൽ കുരുങ്ങിക്കിടക്കുന്ന പ്രശ്നങ്ങളിൽ നിന്നും കുരുക്കഴിച്ച് സേവനം എത്തിക്കുന്നതിൽ ദിലീപ് കുമാറിന്റെ മികവ് ശ്രദ്ധയമായിരുന്നു. ഇക്കാരണങ്ങളാൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മയ്യഴിയിലെ ഏതൊരാൾക്കും ദിലീപ് കുമാർ ദിലീപേട്ടനായിരുന്നു.

അവധി ദിവസങ്ങളിൽ മാഹിയിലെത്തി തിരിച്ച് പോകുമ്പോൾ ഒരു കൂട്ടം നിവേദനങ്ങളും അപേക്ഷകളുമാണ് ദിലീപ് കുമാറിന്റെ കൈകളിലുണ്ടാവുക. എല്ലാറ്റിനും തനിക്കാവും വിധം സഹായം നൽകുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അത്രമേൽ ജനങ്ങൾ സ്നേഹിച്ച ദിലീപ് കുമാർ കഴിഞ്ഞ ഓഗസ്റ്റ് 11 ന് മാഹിയിലെ സ്വകാര്യ ഡയാലിസിസ് സെന്ററിൽ ഡയാലിസിസിന് വിധേയനാവുകയും മരണമടയുകയും ചെയ്തു. ദിലീപ് കുമാറിന്റെ അസ്വഭാവിക മരണത്തിൽ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ജയശ്രീ ദിലീപ് കുമാർ പുതുച്ചേരിയിലെ ലഫ്. ഗവർണർക്ക് പരാതി നൽകിയിരിക്കയാണ്. മാഹിയിൽ വിദഗ്ദ ഡോക്ടർമാരുടേയും ഭൗതിക സൗകര്യങ്ങളുടേയും അഭാവത്തിൽ സ്വകാര്യ ഡയാലിസിസ് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കേ ഒരു മണിക്കൂറിനകം ദിലീപ് കുമാർ മരണമടയുകയായിരുന്നു. പുതുച്ചേരിയിൽ ജോലി ചെയ്യുന്ന ദിലീപ് കുമാർ ആഴ്ചയിൽ രണ്ട് തവണ ജിപ്മർ മെഡിക്കൽ കോളേജിൽ ഡയാലിസിസിന് വിധേയനായിരുന്നു. 28 തവണയായി ഇതുവരെ ഡയാലിസിസ് ചെയ്തപ്പോഴും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതിനിടയിൽ കുടുംബസമേതം നാട്ടിലേക്ക് വരേണ്ടി വന്നതിനാൽ ആഗ്സ്ത് 11 ന് മാഹിയിലെ സ്വകാര്യ ഡയാലിസിസ് സെന്ററിൽ ഡയാലിസിസിന് വിധേയനാക്കി.

അതിന് തൊട്ടു മുമ്പ് സെന്റർ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയി നെഫ്റോളജിസ്റ്റിനെ കാണുകയും പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തിരുന്നു. മാഹി ഡയാലിസിസ് സെന്ററിൽ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനകം മരണുപ്പെടുകയായിരുന്നു. ദേഹമാസകലം ചോരയിൽ കുളിച്ചു കിടന്ന ദിലീപിനെ ഡയാലിസിസ് കേന്ദ്രത്തിലെ അധികൃതർ മാഹി ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണപ്പെട്ടതായി സ്ഥിരീകരിച്ചു കഴിഞ്ഞു.

അടുത്ത കാലത്തായി ആരംഭിച്ച ഈ സ്വകാര്യ ഡയാലിസിസ് സെന്ററിന് പുതുച്ചേരി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചുള്ള രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും ഡയാലിസിസ് സെന്ററിന് വേണ്ട പ്രാഥമിക സൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഡോക്ടറില്ല. വിദഗ്ദ പരിശീലനം സിദ്ധിച്ച നഴ്സുമാരോ ടെനീഷ്യന്മാരോ ഇല്ല. ആംബുലൻസ് , ഓക്സിജൻ, ഐ.സി.യു റും സൗകര്യങ്ങളുമില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപിന്റെ മരണത്തെ തുടർന്ന് നിയമാനുസൃത ലൈസൻസ് ഇല്ലാത്തതിനെതിരെ മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയരക്ടർ എസ്. പ്രേം കുമാർ സെന്ററിന് നോട്ടീസ് നൽകിയിട്ടുണ്ട്. മരണംവരേയും മുടക്കമില്ലാതെ ജോലി ചെയ്തിരുന്ന തന്റെ ഭർത്താവ് അംഗീകാരമില്ലാത്ത പ്രാഥമിക സൗകര്യങ്ങളില്ലാത്ത ഡയാലിസിസ് സെന്ററിന്റെ അനാസ്ഥ കാരണമാണ് മരണപ്പെട്ടതെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഭാര്യ ജയശ്രീ നൽകിയ നിവേദനത്തിലാവശ്യപ്പെട്ടു.