കൊച്ചി: മേടമാസത്തിലെ ദർശന പുണ്യം നേടി നടൻ ദിലീപ് സന്നിധാനത്ത്. കറുപ്പുടുത്ത് ഇരുമുടി കെട്ടേന്തി സന്നിധാനത്ത് എത്തിയ ദിലീപ് ഇന്ന് രാവിലെയാണ് ധർമ്മസാശ്താവിനെ ദർശിച്ചത്. അടുത്ത സുഹൃത്തുക്കളും ദിലീപിനൊപ്പം ഉണ്ടായിരുന്നു. ദിലീപ് ഈ തീർത്ഥാടന കാലത്ത് ശബരിമലയിൽ എത്തുമെന്ന് മറുനാടൻ എക്‌സ്‌ക്ലൂസീവായി റിപ്പോർട്ട് ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോൾ തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ദിലീപിന്റെ മല ചവിട്ടൽ.

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം നടൻ ദിലീപ് ശബരിമലയിൽ എത്തിയിരുന്നു. അന്ന് ജയിൽ വാസത്തിനിടെയാണ് ദിലീപ് വ്രതം എടുക്കാൻ തുടങ്ങിയത്. ജയിൽ മോചിതനായ ശേഷം പ്രാർത്ഥനയുടെ ഭാഗമായിട്ടായിരുന്നു ദർശനം. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം വീണ്ടും ശക്തമായി നടക്കുമ്പോഴാണ് ദിലീപ് വീണ്ടും ശബരിമലയിൽ എത്തുന്നത്. വിശ്വാസ വഴയിലാണ് ദിലീപ് എന്നും സഞ്ചരിക്കാറുള്ളത്. ഇതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ശബരിമല ദർശനവും. ജ്യോതിഷ അഭിപ്രായം കൂടി പരിഗണിച്ചാണ് നേർച്ചകൾക്ക എത്തിയത്.

നടിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായ ദിലീപ് ആരും അറിയാതെ ദർശനത്തിനാണ് ആഗ്രഹിച്ചത്. അന്നും വാർത്ത തൽസമയം മാധ്യമങ്ങളിൽ എത്തിയിരുന്നു. ഇത്തവണ വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. അവസാന ദിവസം സന്നിധാനത്ത് തിരക്ക് കുറവായിരിക്കുക പതിവാണ്. ഇത് മനസ്സിലാക്കിയാണ് ഇന്ന് രാവിലെ ദിലീപ് ദർശനത്തിന് എത്തിയത്. മേൽശാന്തിയേയും തന്ത്രിയേയും എല്ലാം കണ്ട് അനുഗ്രഹം നടൻ വാങ്ങും. പ്രത്യേക പൂജകളും നടത്തി. നടിയെ ആക്രമിച്ച കേസിൽ സംശയ നിഴിലുള്ള സുഹൃത്തായ ശരത്തും ദിലീപിനൊപ്പം ഉണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കർ സെന്റ് ജൂഡ് പുണ്യാളന്റെ അടുത്തേക്കായിരുന്നു. പള്ളിയിലെത്തിയ ദിലീപ് മുഴുവൻ കുർബാനയും കഴിഞ്ഞശേഷമാണ് മടങ്ങിയത്. പിന്നീട് ഗുരുവായൂരും ശബരിമലയും അടക്കം പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം ദിലീപ് എത്തിയിരുന്നു.

കാവ്യാമാധവനെ ചോദ്യം ചെയ്യുന്നത് ഉടനില്ലെന്നും റിപ്പോർട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കാവ്യ പറയുന്ന സ്ഥലത്ത് അന്വേഷണ സംഘമെത്തുമെന്നാണ് ഒടുവിലെ വിവരം. കേസിൽ ഉന്നത തലത്തിൽ ചില ഇടപെടൽ നടന്നുവെന്നാണ് സൂചന. കാവ്യമാധവനെ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് ആദ്യം ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കാവ്യ തടസം അറിയിച്ചതിനെ തുടർന്ന് ബുധനാഴ്ചത്തേക്ക് മാറ്റി. എന്നാൽ ബുധനാഴ്ച ചോദ്യം ചെയ്യൽ നടന്നില്ല. ചോദ്യം ചെയ്യൽ തീയതിയിൽ ഇനിയും ധാരണ ഉണ്ടായിട്ടില്ല.

ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിൽ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ മാധവൻ അന്വേഷണ സംഘത്തെ അറിയിച്ചത്. കാവ്യ ഇവിടെയാണ് താമസം. മറ്റൊരു സ്ഥലത്തേക്കും താനില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവിടെയെത്തി ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് ചില തടസങ്ങളുണ്ട്. ഇരുവിഭാഗത്തിനും സാധ്യമായ സ്ഥലം അറിയിക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് അനിയോജ്യമായ സ്ഥലം കാവ്യ മാധവൻ ഏപ്രിൽ 18 വരെ അറിയിച്ചില്ലെങ്കിൽ പത്മസരോവരം വീട്ടിൽ അന്വേഷണ സംഘമെത്തുമെന്നാണ് സൂചന.

പ്രൊജക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വച്ചാകും ചോദ്യം ചെയ്യൽ. മാത്രമല്ല, സംവിധായകൻ ബാലചന്ദ്രകുമാറിനെ കാവ്യയ്‌ക്കൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലും അന്വേഷണ സംഘത്തിന്റെ ആലോചനയിലുണ്ട്. അതേസമയം, ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കത്തിന് തടസം നേരിട്ടു എന്നാണ് മറ്റൊരു വിവരം. ഉന്നതതലത്തിൽ ചില ഇടപെടലുകൾ നടന്നുവെന്നും അതുകാരണമാണ് അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് മാറ്റിവച്ചതെന്നും സൂചനയുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിനും മറ്റംഗങ്ങൾക്കുമെതിരെ ദിലീപിന്റെ അഭിഭാഷകർ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിൽ മറുനാടനെതിരേയും ആക്ഷേപങ്ങളുണ്ടായിരുന്നു.

വധഗൂഢാലോചന കേസ് റദ്ദാക്കണം എന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മതി ദിലീപിന്റെ അഭിഭാഷകർക്കെതിരായ നീക്കം എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിർദ്ദേശമത്രെ. കേസിലെ ചില തെളിവുകൾ അഭിഭാഷകർ തന്നെ നശിപ്പിച്ചുവെന്ന സംശയത്തിലാണ് ഇവരെ ചോദ്യം ചെയ്യാനിരുന്നത്. മൂന്ന് മാസം കൂടി അധിക സമയം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഇക്കാര്യം കോടതി പരിഗണിച്ചാൽ കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിന് കൂടുതൽ സമയം ലഭിക്കും.

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിനെതിരേ പരാതിയുമായി ദിലീപിന്റെ അഭിഭാഷൻ എത്തുമ്പോൾ വാർത്തകളെല്ലാം ആദ്യം നൽകുന്നത് ഷാജൻ സ്‌കറിയയുടെ ഓൺലൈൻ ചാനലാണെന്ന സമ്മതവും ആ പരാതിയിൽ ഉണ്ടായിരുന്നു. കേസിൽ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ശ്രീജിത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പി. ബൈജു പൗലോസ് എന്നിവർക്കെതിരേ അഡ്വ. ഫിലിപ്പ് ടി. വർഗീസാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് ഷാജൻ സ്‌കറിയയേയും ഓൺലൈൻ ചാനലിനേയും കുറിച്ച് പറയുന്നത്.

കേസിൽ വിചാരണ അട്ടിമറിക്കാനാണ് എ.ഡി.ജി.പി. ശ്രീജിത്ത് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായാണ് അന്വേഷണസംഘം പ്രവർത്തിക്കുന്നത്. എ.ഡി.ജി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അഭിഭാഷകർക്കെതിരേ അപവാദം പ്രചരിപ്പിക്കുകയാണ്. കേസിൽ വിചാരണ നടന്നുവരവേ ബാലചന്ദ്രകുമാർ എന്നയാളെ രംഗത്തിറക്കി കഥകൾ മെനയുകയാണ്. ബാലചന്ദ്രകുമാർ വർഷങ്ങളായി എ.ഡി.ജി.പി.യുടെ സുഹൃത്താണെന്നാണ് ആരോപണം. ഓഡിയോ ക്ലിപ്പുകൾ ആദ്യം പുറത്തു വരുന്നത് മറുനാടൻ മലയാളിയിലൂടെയാണെന്ന് സമ്മതിക്കുന്ന ദിലീപിന്റെ അഭിഭാഷകൻ മറ്റ് ഗൂഢാലോചനകളൊന്നും മറുനാടനെതിരെ ആരോപിക്കുന്നുമില്ലെന്നതാണ് വസ്തുത. മറുനാടനൊപ്പം റിപ്പോർട്ടർ ടിവിക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.

ദിലീപിന്റെ അറസ്റ്റിലെ വിശദാംശങ്ങൾ ആദ്യം നൽകിയതും മറുനാടനായിരുന്നു. കാർണിവൽ ഗസ്റ്റ് ഹൗസിലെ അറസ്റ്റും മറ്റും ഏറെ ചർച്ചയാവുകയും ചെയ്തു. അന്നൊന്നും അന്വേഷണ സംഘത്തിന്റെ തലപ്പത്ത് ശ്രീജിത്തുണ്ടായിരുന്നില്ല. കാവ്യാ മാധവനെ ചോദ്യം ചെയ്യുമെന്നും മുമ്പ് വാർത്ത നൽകി. കേസിൽ പ്രതിയാക്കേണ്ടവരെ സാക്ഷിയാക്കിയാൽ കേസ് തന്നെ അട്ടിമറിക്കുമെന്നും തുറന്നു കാട്ടി. എന്നാൽ അതിൽ ക്രൈംബ്രാഞ്ചിന് ചില വീഴ്ചകളുണ്ടായി. അത് വിചാരണ ഘട്ടത്തിൽ ദിലീപിന് അനുകൂലവുമായി. ഇതിന് പിന്നാലെയാണ് ദിലീപിനെതിരെ പുനരന്വേഷണം വരുന്നത്. അപ്പോഴും മറുനാടൻ എക്‌സ്‌ക്ലൂസിവുകൾ നൽകി. ഇതെല്ലാം മറുനാടൻ റിപ്പോർട്ട് ചെയ്യുമ്പോൾ അന്വേഷണത്തിന്റെ ചുമതലയിൽ എഡിജിപി ശ്രീജിത്തുണ്ടായിരുന്നില്ലെന്നതാണ് വസ്തുത.