കൊച്ചി: ജാമ്യത്തിലിറങ്ങിയതിനു ശേഷം ആദ്യമായി നടൻ ദിലീപ് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഇന്നലെ രാവിലെ ആറരയോടെ ഉഷഃപൂജ നടയടച്ച സമയത്തു ദിലീപ് തനിച്ചാണു ദർശനത്തിന് എത്തിയത്. നട തുറന്ന സമയത്തു ദർശനം നടത്തി സോപാനത്തു കദളിക്കുലയും നെയ്യും സമർപ്പിച്ചു. നേരത്തെ സെന്റ് ജൂഡ് പള്ളിയിലും ദിലീപ് പോയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ അടുത്ത ദിവസമായിരുന്നു ഇത്. ഇനി തുലാം ഒന്നിന് ദിലീപ് ശബരിമലയിലേക്ക് പോകും. അതിന് ശേഷമാകും സിനിമയിൽ സജീവമാവുക. ഈ മാസം 20 ഓടെ കമ്മാരസംഭവത്തിന്റെ ലൊക്കേഷനിൽ ദിലീപ് എത്തുമെന്നാണ് സൂചന.

ദിലീപ് ശബരിമലയ്ക്ക് പോവാനായി വ്രതമെടുത്തിലാണ്. ശബരിമലയ്ക്ക് പോയി വന്നതിന് ശേഷം താടി എടുത്ത ശേഷമായിരിക്കും ദിലീപ് ചിത്രത്തിൽ ജോയിൻ ചെയ്യുക. 16ന് വൈകുന്നേരം ആലുവപ്പുഴയുടെ തീരത്തുള്ള തറവാട് വീട്ടിൽ നിന്ന് കെട്ട് നിറച്ച് 17 ന് പുലർച്ചെ മല ചവിട്ടുമെന്നാണ് ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. തുടർന്ന് 17 ന് രാത്രിയോടെ ദിലീപ് മലയിറങ്ങും. ചിത്രത്തിന്റെ ഷൂട്ടിംങ് വരെയുള്ള ദിവസങ്ങളിൽ ആലുവയിലെ വീട്ടിൽ തുടരാനാണ് നടന്റെ ആലോചന.

ദിലീപ് മൂന്ന് വ്യത്യസ്ഥ വേഷത്തിൽ എത്തുന്ന കമ്മാര സംഭവത്തിന്റെ പകുതിയോളം ഷൂട്ടിങ്ങ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. തമിഴ് താരം സിദ്ധാർഥിന്റേതടക്കം ഇനിയും 25 ദിവസത്തോളം ഷൂട്ടിങ്ങ് ഇനിയും പൂർത്തിയാവാനുണ്ട്. സിദ്ധാർഥിന് അഞ്ച് ദിവസത്തെ ഷൂട്ടിങ്ങ് ആണ് ഇനി ബാക്കി ഉള്ളത്. നമിതാ പ്രമോദ് നായികയാവുന്ന കമ്മാര സംഭവത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളാണ് അണി നിരക്കുന്നത്. ദിലീപിനെതിരെ പറഞ്ഞവർ പോലും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്നതാണ് ഇതിന്റെ സവിശേഷത.

മുരളീ ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് അമ്പാട്ട് ആണ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ രതീഷ് അമ്പാട്ട് പരസ്യ സംവിധാന രംഗത്ത് നിന്നാണ് സിനിമ സംവിധാനവുമായി എത്തുന്നത്. സിദ്ധാർഥ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് കമ്മാര സംഭവം. ദിലീപിനും സിദ്ധാർഥിനോടുമൊപ്പം തമിഴിലെ തന്നെ മുൻ നിര താരമായ ബോബി സിംഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2016 ഓഗസ്റ്റ് 18 നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.

എന്നാൽ പിന്നീട് മറ്റ് ചിത്രങ്ങളുടെ തിരക്കിലേക്ക് പോയി തിരിച്ച് ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കെയായിരുന്നു അറസ്‌ററും 85 ദിവസത്തെ ജയിൽ വാസവും സംഭവിക്കുന്നത്. തേനിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന കമ്മാര സംഭവം ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്ന പലരും ഇപ്പോൾ പല ചത്രങ്ങളുടെ ഭാഗമായതിനാൽ അവരുടെ ഡേറ്റ് ആണ് ഇപ്പോൾ സംവിധായകനും നിർമ്മാതാവും നേരിടുന്ന പ്രധാന പ്രശനം. ചിത്രത്തിൽ മുരളീ ഗോപി, ശ്വേതാ മേനോൻ, മണിക്കുട്ടൻ, വിജയരാഘവൻ, ഇന്ദ്രൻസ്, സിദ്ധീഖ്, വിനയ് ഫോർട്ട് തുടങ്ങിയ വൻ താര നിരയാണ് ഉള്ളത്. എന്നാൽ ഇവരിൽ പലരും മറ്റ് ചിത്രങ്ങളുടെ കരാറിൽ ആണെന്നുള്ളതാണ് പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്.

ഈ ചിത്രവും 15 കോടിയോളം ചെലവിൽ 3 ഡിയിൽ ആണ് ചിത്രീകരിക്കുന്നത്.രാമലീലയുടെ വമ്പിച്ച വിജയം കമ്മാര സംഭവത്തിന്റെ അണിയപ്രവർത്തകർക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ടിയാന് ശേഷം മുരളീ ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് കമ്മാര സംഭവം. കമ്മാര സംഭവത്തിന്റെ ഷൂട്ടിങ്ങിന് ശേഷമായിരിക്കും ഛായാഗ്രാഹകൻ രാമചന്ദ്രബാബു ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണം ആരംഭിക്കുക.