പുതുമുഖ താരങ്ങളെ പ്രേത്സാഹിപ്പിക്കാൻ മലയാള സിനിമയിലെ മുതിർന്ന താരങ്ങൾക്ക് മടിയാണ് എന്ന ആക്ഷേപം ഏറെകാലങ്ങളായി നിലനിൽക്കുന്നതാണ്. ഇങ്ങനെ ആക്ഷേപങ്ങൾ കേട്ട താരമാണ് ദിലീപ്. പുതുമുഖ താരങ്ങളുടെ സിനിമയിൽ ആളെ കയറ്റി കൂവിക്കുന്നു താരം എന്ന വിധത്തിലായിരുന്നു പ്രചരണങ്ങൾ. ഇതിനിടെ ന്യൂജനറേഷൻ സംവിധായകരെ വിമർശിച്ച് ദിലീപ് രംഗത്തെത്തിയെന്ന വാർത്തയും കേട്ടിരുന്നു. ന്യൂജനറേഷൻ തരംഗത്തിലും ദിലീപ് സിനിമയിൽ തന്റെ പാതയിൽ തന്നെയാണ് സഞ്ചരിച്ചത്. എന്നാൽ ഇങ്ങനെ പലകോണുകളിൽ നിന്നും വിമർശനം ഉയരുമ്പോഴും തനിക്ക് പറയാനുള്ള കാര്യങ്ങൾ മറിച്ചാണെന്നാണ് ദിലീപ് പറയുന്നത്.

ദിലീപിനൊപ്പം പുതുതലമുറ നായകന്മാരെ കാണാറില്ലെങ്കിലും ഇവരെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് താരം പറയുന്നു. ന്യൂജനറേഷനിലെ മുൻനിരക്കാരായ ഫഹദ് ഫാസിലും ദുൽഖർ സൽമാനുമൊക്കെ വ്യക്തിപരമായി തനിക്കേറെ അടുപ്പമുള്ളവരാണെന്ന് ദിലീപ് പറയുന്നു. ഒരു സിനിമാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് തന്റെ അടുപ്പക്കാരായ സിനിമാക്കാരെക്കുറിച്ച് മനസു തുറന്നത്.

ഫഹദ് ഫാസിലിനെ തനിക്ക് ചെറുപ്പത്തിൽ മുതൽ പരിചയമുള്ളയാളാണെന്ന് ദിലീപ് പറയുന്നു. ഫഹദുമായുള്ളത് സഹോദര തുല്യമായ ബന്ധമാണെന്നും ദിലീപ് പറയുന്നു. ഫാസിൽ സാറന്റെ മകനെന്ന നിലയിലാണ് ഫഹദിനെ ആദ്യം പരിചയം. ഞങ്ങൾ തമ്മിൽ ഒരു സഹോദര സ്‌നേഹമാണുള്ളത്. ഫഹദ് എന്നൊന്നുമല്ല എനിക്ക് ഷാനുവാണെന്നും ദിലീപ് പറയുന്നു.

ദുൽഖർ സൽമാനെ കുറിച്ച് ദിലീപ് പറയുന്നത് തന്റെ വല്യേട്ടന്റെ മകനെന്നാണ്. എനിക്ക് ദുൽഖർ എന്നൊന്നും വായിൽ വരില്ല. ചാലൂന്നേവിളിച്ച് ശീലിച്ചിട്ടുള്ളു. ഷാനുവായാലും ചാലുവായാലും അവർസിനിമാ നടന്മാരാകുന്നതിന് മുൻപേ എനിക്കറിയാവുന്നവരാണ്. അതുപോലെ ശ്രീനിയേട്ടന്റെ മകൻ വിനീതിനെ ചെറുപ്പം മുതലേ അറിയാവുന്നതാണ്. വിനീത് സംവിധാനം ചെയ്ത ആദ്യ സിനിമ മലർവാടി ആർട്ക്ലബ് നിർമ്മിച്ചത് ഞാനാണ്.

പുതിയ തലമുറയിലെ അഭിനേതാക്കളെ ഉപദേശിക്കാൻ ഞാനാളല്ല. പുതിയ തലമുറ അതിപ്പോ ജനിച്ച് വീഴുന്ന കുഞ്ഞിന് പോലും ടാലന്റുണ്ട്. പുതു തലമുറയ്ക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. പുതുതായി വന്ന തലമുറ എന്നോട് നന്നായിട്ടേ പെരുമാറിയിട്ടുള്ളു. പുതിയ നായകന്മാരുടെ കൂടെ ഞാനങ്ങനെ സിനിമകൾ ചെയ്തിട്ടില്ല. അമ്മയുടെ മീറ്റിംഗിനോമറ്റ് ചടങ്ങുകളിലോ ഒക്കെ വച്ചാണ് പലരെയും കാണാറെന്നും ദിലീപ് പറയുന്നു.

പുതുമുഖ താരങ്ങളെ പ്രോത്സാഹിപ്പിക്കാറില്ലെന്ന് വിമർശിക്കുന്നവർക്ക് ദിലീപിന് നൽകാനുള്ള മറുപടി ഇതാണ്. നിവിൻ പോളി, അജു വർഗീസ്, ഇവരൊക്കെ ഞാൻ നിർമ്മിച്ച മലർവാടി ആർട്‌സ് ക്ലബിലൂടെ വന്നവരാണ്. ഇവരെല്ലാവരുമായി നല്ല സുഹൃദ് ബന്ധമുണ്ടെന്നും ദിലീപ് വ്യക്തമാക്കുന്നു. സിനിമയിൽ എത്തിയത് മുതൽ സൂപ്പർതാരങ്ങളുമായി നല്ല ബന്ധമാണ് മമ്മൂട്ടിയും മോഹൻലാലുമായി ഉള്ളതെന്നും ദിലീപ് വ്യക്തമാക്കുന്നു. സിനിമയിൽ ഉള്ള എല്ലാവരും അടുത്ത സുഹൃത്തുക്കളല്ല. എന്നാൽ തലേന്ന് പരിചയപ്പെട്ട ഒരാളായിരിക്കും ചിലപ്പോൾ ഒരാപത്ഘട്ടത്തിൽ സഹായിക്കുന്നത്. അങ്ങനെ ഒരുപാട് അനുഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ടാകുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കുന്നു. താൻ ഏറ്റവും കൂടുതൽ സഹായിച്ചവരും സ്‌നേഹിച്ചവരുമാണ് എന്നെ ഏറ്റവും അധികം വേദനിപ്പിച്ചിട്ടുള്ളതെന്നും താരം പറയുന്നു.