കൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫ്യൂയോക്) അധ്യക്ഷ സ്ഥാനത്തേയ്ക്കില്ലെന്ന് നടൻ ദിലീപ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സംഘടനകളുടെയും പദവി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനം ആവശ്യമില്ലെന്ന് കാണിച്ച് താരം ആന്റണി പെരുമ്പാവൂർ അടങ്ങുന്ന തീയറ്റർ ഉടമകൾക്ക് കത്തു നൽകി. അധ്യക്ഷ സ്ഥാനം വീണ്ടും നൽകാനുള്ള യോഗ തീരുമാനത്തിൽ നന്ദിയുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

നടിയെ ഉപദ്രവിച്ച കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് 'ഫ്യൂയോക്' അധ്യക്ഷനായി നടൻ ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തത്. ദിലീപിനെ സംഘടനയിൽനിന്നു പുറത്താക്കിയിട്ടില്ലെന്നും തീരുമാനം ഉടൻ ദിലീപിനെ അറിയിക്കുമെന്നും നിലവിലെ അധ്യക്ഷൻ ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. ദിലീപിന് പ്രവർത്തിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് തന്നെ ചുമതലയേൽപ്പിച്ചത്. അദ്ദേഹം തിരിച്ചുവന്ന സാഹചര്യത്തിൽ താൻ സ്ഥാനം ഒഴിയുകയാണെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു.

ജൂലൈ 10നു ദിലീപ് അറസ്റ്റിലായതിനെ തുടർന്നാണ് അദ്ദേഹത്തെ സ്ഥാനത്തു നിന്ന് ഒഴിവാക്കി വൈസ് പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെ നിയമിച്ചത്. എന്നാൽ, 85 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ചു മണിക്കൂറുകൾക്കകം, സംഘടനാ നേതൃത്വം യോഗം ചേർന്നു ദിലീപിനെ അധ്യക്ഷ സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം നേടി പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂർ കഴിയും മുൻപാണ് ദിലീപിനെ വീണ്ടും സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് ദിലീപ് മുൻകൈയെടുത്ത് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവത്കരിച്ചത്. എന്നാൽ, പിന്നീട് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ പുറത്താക്കി ആന്റണി പെരുമ്പാവൂർ പ്രസിഡന്റാവുകയായിരുന്നു.

അതേസമയം സംസ്ഥാനത്തെ ഏറ്റവും ശക്തമായ തിയറ്റർ ഉടമകളുടെ സംഘടനയുടെ തലപ്പത്ത് ദിലീപ് എത്തുന്നതോടെ മലയാള സിനിമയിൽ അദ്ദേഹം പിടിമുറുക്കി എന്ന പ്രതീതി ശക്തമായിരുന്നു. താരങ്ങളെയും അതുവഴി മലയാള സിനിമാ നിർമ്മാണ രംഗത്തെയും കൈയിലൊതുക്കാൻ പോന്നതായിരുന്നു ഫിയോക്ക അധ്യക്ഷ സ്ഥാനം. എന്നാൽ, വീണ്ടും ശത്രുക്കളെ ക്ഷണിച്ചുവരുത്തേണ്ട കാര്യമില്ലെന്ന നിഗമനത്തിൽ ദിലീപ് സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.

ദിലീപ് പുറത്തിറങ്ങിയതോടെ താരസംഘടനയായ അമ്മയും നിലപാട് തിരുത്തിയേക്കുമെന്ന സൂചനയും ഉണ്ടായിരുന്നു. എന്നാൽ അമ്മയിൽ അംഗത്വത്തിന് വേണ്ടി ആവശ്യം ഉന്നയിക്കേണ്ടെന്നാണ് ദിലീപിന്റെ തീരുമാനം എന്ന് അറിയുന്നു. ദിലീപിന് പുനപ്രവേശനം നൽകാനുള്ള തീരുമാനത്തെ എതിർത്തിരുന്നവരുടെ കൂട്ടത്്തിൽ പൃഥ്വിരാജിനും ആസിഫലിക്കും രമ്യാ നമ്പീശനും ഉണ്ടായിരുന്നു.