കൊച്ചി: കുറ്റപത്രം ചോർന്നത് ഗൗരവതരം ആണെന്നും ഉദ്യോഗസ്ഥന്റെ മറുപടി തൃപ്തികരമല്ലന്നും അങ്കമാലി കോടതി വിധിച്ചിരുന്നു. അന്വേഷണ സംഘത്തിന് ശക്തമായ താക്കീത് നൽകി കേസ് അവസാനിപ്പിച്ചു. ദിലീപ് കൊടുത്ത പരാതിയിൽ ആയിരുന്നു കോടതിയുടെ തീരുമാനം. ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി കാര്യങ്ങൾ തിരിയുകയാണെന്നാണ് വിലയിരുത്തൽ. രണ്ടാം പ്രതി മാർട്ടിന്റെ മൊഴി മാറ്റവും ദിലീപിന് ഗുണകരമാണ്. അന്വേഷണത്തിന്റെ ചുമതലയിൽ നിന്ന് എഡിജിപി ബി സന്ധ്യയേയും പിണറായി സർക്കാർ മാറ്റി. ഈ സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിൽ ശക്തമായ നിയമപോരാട്ടത്തിന് ദിലീപ് ഒരുങ്ങുകയാണ്.

തന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരുടെ കടുത്ത ഫാനായിരുന്നു സന്ധ്യ. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന്റെ പകവീട്ടാൻ കെട്ടിചമച്ചതാണ് നടിയെ ആക്രമിച്ച കേസ്. ഇതിന് സിനിമയിലെ ചിലരും കൂട്ടുനിന്നുവെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഇത് വീണ്ടും സജീവ ചർച്ചയാക്കാനാണ് നീക്കം. ഇതിനൊപ്പം പലതും കേസിൽ പൊലീസ് വിട്ടുകളഞ്ഞുവെന്ന് കണ്ടെത്തുക കൂടിയാണ് ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ള. വിചാരണയിലൂടെ തന്റെ കക്ഷികളെ കേസിൽ നിന്ന് രക്ഷിച്ചെടുക്കുന്ന മാന്ത്രികത രാമൻപിള്ള വക്കീലിനുണ്ട്. ദിലീപ് കേസിലും പഴുതുകൾ രാമൻപിള്ള വക്കീൽ കണ്ടെത്തി കഴിഞ്ഞു. മാഡത്തെ വിട്ട് ജനപ്രിയ നായകനെ കുരുക്കുകയാണെന്നാണ് രാമൻപിള്ള വക്കീലിന്റെ വാദം. ഇതുമായി ഉടൻ ദിലീപ് ഹൈക്കോടതിയിലെത്തും.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാർഡിലെ 'സ്ത്രീ ശബ്ദ'മാണ് ദിലീപ് കോടതിയിൽ ഉയർത്തിക്കാട്ടുക. മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ വിധി കേസിൽ അതീവ നിർണ്ണായകമാകും. ആവശ്യം കോടതി തള്ളിയാൽ ഹൈക്കോടതിയിലേക്ക് മാറും. മെമ്മറി കാർഡ് കിട്ടിയാലും പോരാട്ടം ഹൈക്കോടതിയിലേക്ക് എത്തിക്കാനാണ് തീരുമാനം. 'സ്ത്രീശബ്ദം' എന്ന കച്ചിത്തുരുമ്പാക്കുകയാണ് രാമൻപിള്ള വക്കീൽ. കേസിലെ നിർണായക തെളിവായ മെമ്മറികാർഡിലെ ഉള്ളടക്കത്തെപ്പറ്റി നൽകിയ പരാതിയുടെ തുടർച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക.

മെമ്മറികാർഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പൊലീസ് കുറ്റപത്രത്തിൽ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 'ഓൺ ചെയ്യൂ...' എന്ന വാചകം മെമ്മറികാർഡിൽ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം. ഈ ശബ്ദത്തെ പറ്റി പൊലീസ് അന്വേഷിച്ചതു പോലുമില്ല. മെമ്മറികാർഡിലെ ഈ സ്ത്രീ ശബ്ദം രഹസ്യമാക്കാനാണ് തെളിവുകൾ ദിലീപിന് നൽകാത്തതെന്നാണ് ആക്ഷേപം. ചില ഉന്നത ഇടപെടലുകൾ നടന്നിട്ടുണ്ട്. തനിക്കെതിരായ തെളിവുകൾ കിട്ടേണ്ടത് തന്റെ അവകാശമാണെന്നും ദിലീപ് വാദിക്കും.

മെമ്മറികാർഡിൽ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന വാദം കോടതിയിൽ ഉയർത്താനാണ് ദിലീപ് ശ്രമിക്കുന്നത്. ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിലാണ് പൊലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകൾ എടുത്തത്. വീഡിയോയിൽ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാൽ, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്റെ പരാതിയിൽ പറയുന്നു. ഇതിന് പിന്നിലും കള്ളക്കളിയുണ്ട്. ഈ ഓഡിയോ കിട്ടിയാൽ കുറ്റപത്രം റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.

മെമ്മറികാർഡ് ലഭിച്ചാൽ കേസിൽ ഏറെ ദൂരം മുന്നോട്ടുപോകാമെന്ന കണക്കുകൂട്ടലിലാണ് ദിലീപെന്നാണ് സൂചന. കേസിൽ തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകൾ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ കോടതി നടപടികൾ ഏകദേശം അവസാനിച്ച ഘട്ടത്തിലാണു എഡിജിപി തിരുവനന്തപുരം റേഞ്ച് എഡിജിപി സ്ഥാനത്ത് നിന്ന് സന്ധ്യയെ മാറ്റിയത്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ സമ്മർദത്തിലാണ് ഇതെന്നും സൂചനയുണ്ട്. എന്നാൽ, നടിക്കേസിലെ മേൽനോട്ടച്ചുമതലയിൽനിന്ന് സന്ധ്യയെ ഉടൻ ഒഴിവാക്കില്ല. അന്വേഷണവുമായി നേരിട്ട് ബന്ധമില്ലെങ്കിലും കേസിലെ എല്ലാ ചോദ്യം ചെയ്യലുകളും സന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു. ദിലീപിനു ജാമ്യം ലഭിച്ചതും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതും പ്രത്യേക അന്വേഷണ സംഘത്തിനു തിരിച്ചടിയായി. കൃത്യമായ തെളിവുകൾ ശേഖരിക്കാനായില്ലെന്ന് ആക്ഷേപം നിലനിൽക്കവെയാണു സ്ഥാനചലനം എന്നതും ശ്രദ്ധേയമാണ്.

താരതമ്യേന അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളജാണ് സന്ധ്യയുടെ പുതിയ തട്ടകം. എസ്‌പി. റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സാധാരണ ഈ തസ്തികയിൽ എത്താറുള്ളത്. എ.ഡി.ജി.പിയെ തരംതാഴ്‌ത്തി നിയമിച്ചുവെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. ജിഷ കേസിന്റെ അന്വേഷണച്ചുമതല വഹിച്ച സന്ധ്യയെ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചിരുന്നു. നടിക്കേസിലെ മൊഴികൾ ചോർന്നതും അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതും അന്വേഷണ സംഘത്തെ കൂടുതൽ പ്രതിരോധത്തിലാക്കി. ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു മുൻ ഡി.ജി.പി: ടി.പി. സെൻകുമാറിന്റെ നിലപാട്.

സന്ധ്യയുടെ നടപടികളിൽ അന്വേഷണ തലവൻ ഐ.ജി: ദിനേന്ദ്ര കശ്യപും അതൃപ്തനായിരുന്നു. ഈ സാഹചര്യമെല്ലാം ദിലീപ് ഇനി നിയമ പോരാട്ടങ്ങളിൽ സജീവമായി ചർച്ചയാക്കും.