- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്സർലാന്റിൽ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയിലൂടെ ആ ദൃശ്യങ്ങൾ യുകെയിൽ എത്തി; പ്രവാസിയും നടനുമായുള്ള പിണക്കം തിരിച്ചറിഞ്ഞ് ക്രൈംബ്രാഞ്ച്; യുകെയിലെ ദിലീപിന്റെ കൂട്ടുകാരുടെ മൊഴി ഫോണിൽ എടുത്ത് അന്വേഷണ സംഘം; ഒർജിനൽ കണ്ടെത്താൻ വീണ്ടും ഇടപെടൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെത്താനായി അന്വേഷണം വിദേശത്തേക്ക്. ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ വിദേശത്തേക്ക് കടത്തിയെന്ന ആരോപണം പരിശോധിക്കും. വിദേശത്തുനിന്നും സംവിധായകൻ ബാലചന്ദ്രകുമാറിന് ലഭിച്ച ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
യുകെയിലെ ദിലീപിന്റെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. ദൃശ്യങ്ങൾ എങ്ങനെ ലഭിച്ചു, പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പീഡനദൃശ്യങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് യു.കെ, സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ നിന്നാണ് ബാലചന്ദ്രകുമാറിന് ഫോൺ കോളുകൾ വന്നത്.
സ്വിറ്റ്സർലാന്റിൽ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയുടെ കൈവശമാണ് ദൃശ്യമുള്ളതെന്നാണ് വെളിപ്പെടുത്തൽ. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇയാൾ ഇപ്പോൾ നടനുമായി പിണക്കത്തിലാണ്. ഇയാൾ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ലണ്ടനിൽ നിന്ന് ആലുവ സ്വദേശിയായ ഷരീഫ് എന്നയാൾ വിളിച്ചുവെന്നും പീഡന ദൃശ്യങ്ങൾ ലണ്ടനിലെ നാലുപേരുടെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
യുകെയിൽ നിന്നും വിളിച്ചയാൾ വീഡിയോ കോളിൽ വന്നാൽ ദൃശ്യങ്ങൾ കാണിക്കാമെന്നും ബാലചന്ദ്രകുമാറിനോട് വാഗ്ദാനം ചെയ്തിരുന്നു. ഇരുവരുടേയും നമ്പർ സഹിതം വിവരങ്ങൾ ഉടൻ തന്നെ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്നാണ് എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയത
ഫോർട്ട് കൊച്ചിയിലുള്ള ദിലീപിന്റെ ഒരു സുഹൃത്ത് മുഖേനയാണ് ഈ ദൃശ്യങ്ങൾ പകർപ്പെടുത്തു ലണ്ടനിലേക്ക് കടത്തിയതെന്നും ബാലചന്ദ്രകുമാറിനെ വിളിച്ച ആൾ അവകാശപ്പെട്ടിരുന്നു. ദൃശ്യങ്ങൾ പകർപ്പെടുത്തു വിദേശത്തേക്ക് അയച്ചതിനേക്കുറിച്ച് ദിലീപിന് വ്യക്തമായ വിവരമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
അതിനിടെ ദിലിപ് അടക്കം ഉൾപ്പെട്ടിട്ടുള്ള നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റു പ്രതികളേയും അറസ്റ്റ് ചെയ്യുന്നതിന് വിലക്കുണ്ടാകും. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അനുവദിച്ച ശേഷം കേസ് ഇന്ന് കോടതി പരിഗണിക്കാനിരുന്നതായിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ചില തെളിവുകൾ പരിശോധിക്കേണ്ടതുണ്ടെന്നതടക്കം പ്രോസിക്യൂഷൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കൈമാറാമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെയായിരുന്നു ദിലീപിന് അന്വേഷണ സംഘം ചോദ്യം ചെയ്തത്. വ്യാഴാഴ്ച വരെ അറസ്റ്റിനും വിലക്കുണ്ടായിരുന്നു.
അവസാനദിനമായ ചൊവ്വാഴ്ച വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകൾ ചേർത്തുള്ള ചോദ്യങ്ങളും ചോദിച്ചു. മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.
മറുനാടന് മലയാളി ബ്യൂറോ