പത്തനാപുരം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ നടൻ ദിലീപ് ഇടതു പക്ഷ എംഎൽഎ കെ ബി ഗണേശ് കുമാറിനെ വീട്ടിലെത്തി കണ്ടതിന് പിന്നിലെ ഉദ്ദേശ്യത്തെ കുറിച്ച് ചർച്ചകൾ സജീവമാകുന്നു. നടിയുടെ കേസിൽ ദിലീപ് അറസ്റ്റിലായ ഘട്ടം മുതൽ നടന് താങ്ങും തണലുമായി ഉണ്ടായിരുന്നത് ഗണേശ് കുമാറായിരുന്നു. ജയിലിൽ എത്തിയും ദിലീപിനെ കാണാൻ ഗണേശ് തയ്യാറായി. ഇടതു മുന്നണിയിൽ നിന്നും എതിർപ്പുയരുന്ന ഘട്ടത്തിലായിരുന്നു ഗണേശ് ദിലീപിനെ കണ്ടത്. ഇതിന് ശേഷമാണ് ഇന്നലെ ദിലീപ്, കെ.ബി.ഗണേശ്‌കുമാർ എംഎ‍ൽഎ.യുടെ പത്തനാപുരത്തെ വീട്ടിലെത്തി കണ്ടത്

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ എത്തിയ ദിലീപ് അടച്ചിട്ട മുറിയിൽ ഒരുമണിക്കൂറോളം ഗണേശുമായി സംസാരിച്ചു. ചർച്ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. കറുത്ത കാറിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ഗണേശിനെ കാണാൻ ദിലീപ് എത്തിയത്. താരം എത്തുന്നു എന്നറിഞ്ഞ് മാധ്യമങ്ങളും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, ക്യമാറ കണ്ണുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് മുണ്ടു മുറുക്കി കുത്തി വീടിനകത്തേക്ക് കയറിപ്പോയി.

ദിലീപ് ജയിലിലായിരുന്ന വേളയിൽ ജയിലിലെത്തി കാണുകയും ദിലീപിന് അനുകൂലമായി സംസാരിക്കുകയും ചെയ്ത ഗണേശ്‌കുമാറിന്റെ നടപടി വിവാദമായിരുന്നു. സിനിമയിലെ സഹപ്രവർത്തകൻ കൂടിയായ ദിലീപ് ഗണേശ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പത്തനാപുരത്ത് മുൻ കാലങ്ങളിൽ എത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചില്ല. സൗഹൃദസന്ദർശനമായിരുന്നെന്ന് എംഎ‍ൽഎ.യുടെ ഓഫീസ് അറിയിച്ചു. കൊട്ടാരക്കരയെത്തി ആർ.ബാലകൃഷ്ണപിള്ളയേയും സന്ദർശിച്ചശേഷമാണ് ദിലീപ് മടങ്ങിയത്.

കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗണേശ് അടക്കമുള്ള സിനിമാക്കാരുടെ ജയിലിലേക്കുള്ള പ്രവാഹമെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമുള്ള ദിലീപിന്റെ സന്ദർശനം ഏറെ ആകാംക്ഷകൾക്കാണ് വഴി വച്ചിരിക്കുന്നത്. അതേസമയം അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിയാൻ ഒരുങ്ങുകയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. അമ്മയിൽ എന്നും ഒരേ ചേരിയിൽ നിന്നും പ്രവർത്തിച്ചവരാണ് ദിലീപും ഗണേശും. അതുകൊണ്ട് തന്നെ കൂടുക്കാഴ്‌ച്ചയിൽ ഈ വിഷയവും ചർച്ചയായോ എന്ന് സംശയമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ 85 ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഗണേശ് രംഗത്തെത്തിയിരുന്നു. അറസ്റ്റിലായതിനു പിന്നാലെ നടൻ ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയ നടപടിയെയാണ് അമ്മ വൈസ് പ്രസിഡന്റ് ഗണേശ്കുമാർ പരസ്യമായി വിമർശിച്ചത്. അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്നും പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാൻ വേണ്ടിയാണിത് ചെയ്തതെന്നാണ് താൻ കരുതുന്നതെന്നുമാണ് ഗണേശ്കുമാർ പറഞ്ഞത്.