കൊച്ചി: ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് പാവപ്പെട്ട ചില മനുഷ്യരുടെ പ്രതീക്ഷകൾ കൂടിയാണ്. ദിലീപിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർദ്ധനർക്കായി വീടു വെച്ചു നൽകുന്ന സുരക്ഷിത ഭവനം എന്ന പദ്ധതിയാണ് ഇതോടെ താറുമാറായത്. 55 കോടി രൂപയുടെ ''സുരക്ഷിതഭവനം'' പദ്ധതിയിൽ നിർധനർക്കായി 1000 വീടുകൾ പണിതു നൽകാനാണ് ഉദ്ദേശിച്ചിരുന്നത്. ദിലീപിന്റെ അച്ഛന്റെ സ്മരണയ്ക്കായി ആരംഭിച്ച ജി.പി. ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു വീടുകളുടെ നിർമ്മാണം. ഇതിനായി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണവും ഉണ്ടായിരുന്നു. ഈ പദ്ധതിയാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.

ഈ പദ്ധതിയിൽപ്പെട്ട മൂന്നു വീടുകളുടെ പണി പൂർത്തിയാക്കി കെമാറിയിരുന്നു. മറ്റ് മൂന്നു വീടുകളുടെ നിർമ്മാണം പൂർത്തിയാകുകയും ചെയ്തു. ദിലീപിന്റെ സൗകര്യം നോക്കി ഈ വീടുകളുടെ താക്കോൽദാനച്ചടങ്ങ് നടത്താനിരിക്കെയാണ് താരം ജയിലിലായത്.

ദിലീപില്ലെങ്കിലും താക്കോൽദാനം നടത്തി വീടുകൾ കൈമാറുമെന്നു പദ്ധതിയുമായി സഹകരിക്കുന്ന ആക്ഷൻ ഫോഴ്സ് ഭാരവാഹികൾ പറഞ്ഞു. രണ്ടു വീടുകളുടെ നിർമ്മാണം പാതിവഴിയിലാണ്. ഇവയും പൂർത്തിയാക്കി നൽകും. തുടർന്നുള്ള പ്രവർത്തനങ്ങളാണ് ദിലീപിന്റെ അറസ്റ്റോടെ അനിശ്ചിതത്വത്തിലായത്. പദ്ധതിയുടെ ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.

ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കേരളത്തിന്റെ പതിനാല് ജില്ലകളിൽ നിന്നുമായി പത്ത് പേർക്ക് വീതം 140 വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് 1000 വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതി ആരംഭിച്ചത്. വീടിനായി 35,000-ൽ പരം അപേക്ഷകളാണു ലഭിച്ചത്. ജില്ല തിരിച്ച് മുൻഗണനാ പട്ടികയും തയാറാക്കിയിരുന്നു.

പാവങ്ങൾക്ക് വീടുവെച്ച് നൽകുന്നതിന് പുറമേ നിരവധി സാമൂഹിക സേവന പരിപാടികളും ദിലീപിന് ഉണ്ടായിരുന്നു. രക്തദാന പരിപാടികൾ ഉൾപ്പെടെ സാമൂഹിക സേവനരംഗത്ത് ദിലീപ് സജീവമായിരുന്നു. സാമ്പത്തിക സ്രോതസുകൾക്കൊപ്പം ദിലീപിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഫാൻസ് അസോസിയേഷനുകളിലേക്കും നീളും. ഫാൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് റിയൽ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ചില ഫാൻസ് ഭാരവാഹികൾ താരങ്ങളുടെ ബിനാമികളാണെന്ന സംശയവും പ്രബലമാണ്.

ഫാൻസ് അസോസിയേഷൻ നേതാക്കളിൽ പലരും ക്വട്ടേഷൻ സംഘങ്ങളിൽപ്പെട്ടവരുമാണ്. തൊഴിലോ വരുമാനമോ ഇല്ലാതിരുന്ന നേതാക്കളിൽ പലരും ആഡംബരജീവിതം നയിക്കുന്നതും ആഡംബര കാറുകളും സ്ഥലങ്ങളും വാങ്ങിയതും അസോസിയേഷൻ പ്രവർത്തനങ്ങളുടെ മറവിലാണ്. ഇവരുടെ സാമ്പത്തിക സ്രോതസ് എന്താണെന്നതും സംശയമുയർത്തിയിട്ടുണ്ട്. ചില ഭാരവാഹികൾക്ക് രണ്ടും മൂന്നും വാഹനങ്ങളുണ്ട്. ഇവരുടെ നേതൃത്വത്തിൽ രക്തദാനം, വൃക്കദാനം തുടങ്ങിയ സന്നദ്ധ പ്രവർത്തനങ്ങളാണ് പ്രധാനമായും നടത്തുന്നത്. അപൂർവമായി വീടില്ലാത്തവർക്കു വീടു വച്ചു നൽകാറുണ്ട്.