തിരുവനന്തപുരം: ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിക്കുന്നതിന് നിയന്ത്രണം. ബന്ധുക്കൾക്ക് മാത്രമേ ദിലീപിനെ ജയിലിൽ സന്ദർശിക്കാൻ അനുമതിയുള്ളൂ. രണ്ട് സുഹൃത്തുക്കൾ എത്തിയെങ്കിലും അനുവാദം ലഭിച്ചില്ല. ബന്ധുക്കളാരും ചൊവ്വാഴ്ച ദിലീപിനെ സന്ദർശിച്ചിട്ടില്ലെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ഭാര്യ കാവ്യാ മാധവനോട് തന്നെ ജയിലിലെത്തി കാണരുതെന്ന് ദിലീപ് തന്നെ ആവശ്യപ്പെട്ടതായാണ് സൂചന. മകളേയും ജയിലിലേക്ക് കൊണ്ടു വരരുതെന്ന നിർദ്ദേശം ദിലീപ് നൽകിയിട്ടുണ്ട്. ബന്ധുക്കളേയും കാണാൻ ദിലീപിന് താൽപ്പര്യമില്ല. അതുകൊണ്ടാണ് ആരും എത്താത്തത്.

ഇന്നലെ ആലുവ സബ്ജയിലിൽ 523ാം നമ്പർ റിമാൻഡ് തടവുകാരൻ മാത്രമായിരുന്നു ദിലീപ്. ഒട്ടേറെ സിനിമകളിൽ തടവുപുള്ളിയായി വേഷമിട്ട നായകൻ സ്വന്തം നാട്ടിലെ ജയിലിൽ അന്തിയുറങ്ങിയപ്പോൾ കൂട്ടിന് കൊലക്കേസ് പ്രതിയും മോഷണം, പിടിച്ചുപറി കേസ് പ്രതികളും. നാലു പേരുള്ള രണ്ടാം നമ്പർ സെല്ലിൽ അഞ്ചാമനായി ഇന്നലെ രാവിലെ എട്ടേകാലോടെയാണു ദിലീപ് എത്തിയത്. ജയിലിലെ പ്രഭാതഭക്ഷണ സമയം ഏഴിനായതിനാൽ ഭക്ഷണം വാങ്ങി നൽകിയശേഷമാണു പൊലീസുകാർ ദിലീപിനെ ജയിലിലെത്തിച്ചത്. റിമാൻഡ് തടവുകാരനായതിനാൽ ജയിൽവേഷം ധരിക്കേണ്ടിവന്നില്ല. രണ്ടു ജോഡി വസ്ത്രം കൈവശം സൂക്ഷിക്കാൻ റിമാൻഡ് തടവുകാർക്ക് അവകാശമുണ്ട്. പിന്നീട് എല്ലാം പതിവ് പോലെ. രാത്രി കൊതുകടി സഹിച്ചുള്ള ഉറക്കം. അങ്ങനെ ജനപ്രിയ നായകന് ജീവിതത്തിലെ ഏറ്റവും ദുരിത ദിനമാണ് ജയിലിലെ ഫസ്റ്റ് നൈറ്റ് സമ്മാനിച്ചത്.

പ്രത്യേക സൗകര്യങ്ങളുള്ള സെൽ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിട്ടില്ല എന്നാണ് അന്വേഷണ ഉദ്യേഗസ്ഥർ പറയുന്നത്. നാല് പേർക്കൊപ്പമാണ് ദിലീപ് സെല്ലിൽ കഴിയുന്നത്. പിടിച്ചുപറിക്കാരുൾപെട്ടവരാണ് ദിലീപിന്റെ സഹതടവുകാരായി ഉള്ളത്. 14 ദിവസത്തെ റിമാന്റിലാണ് ദിലീപിനെ ആലുവ സബ്ജയിലിലെത്തിച്ചത്.മജിസ്‌ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചില്ല. സഹോദരൻ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് പോയത്.

ഒഡീഷ സ്വദേശിയായ കൊലക്കേസ് പ്രതിയും മൂന്നു മോഷണക്കേസ് പ്രതികളുമാണു സെല്ലിലെ സഹതടവുകാർ. ജയിൽ അധികൃതർ അനുവദിച്ച പായ് വിരിച്ച് ഇവർക്കിടയിൽ തറയിൽ കിടന്ന് ഉച്ചവരെ ദിലീപ് ഉറങ്ങി. ഉച്ചയ്ക്ക് ചോറും പച്ചക്കറിയുമായിരുന്നു ഭക്ഷണം. സഹതടവുകാരുമായി അധികം സംസാരത്തിനു മുതിർന്നില്ല. രാത്രി ഭക്ഷണം വേണ്ടെന്നു ദിലീപ് പറഞ്ഞെങ്കിലും ഭക്ഷണം നിരസിക്കുന്നതു ശരിയായ കീഴ്‌വഴക്കമല്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയതോടെ വഴങ്ങി. നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മറ്റ് അഞ്ചു പ്രതികൾ സബ് ജയിലിൽ ഉണ്ടെങ്കിലും ഇവരും ദിലീപും തമ്മിൽ ഇന്നലെ കണ്ടില്ല. രാത്രി ഒൻപതിനു കിടന്നിരിക്കണമെന്നാണു ജയിൽ ചട്ടമെന്നതിനാൽ ഒൻപതിനു തന്നെ ദിലീപും ഉറങ്ങാൻ കിടന്നു.

ദിലീപ് ജനിച്ചു വളർന്ന സ്വന്തം വീട്ടിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് ദിലീപ് റിമാൻഡിൽ കഴിയുന്നത് എന്ന പ്രത്യേകതയുമുണ്ട്. സഹപ്രവർത്തകയെ നിഷ്ഠൂരമായി ആക്രമിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസിൽ കോടതി റിമാൻഡ് ചെയ്ത ദിലീപിനെ ജയിലിലേയ്ക്ക് കൊണ്ടു പോകുമ്പോൾ കൂകി വിളിച്ചാണ് നാട്ടുകാർ വരവേറ്റത്. പതിറ്റാണ്ടുകൾ പഴക്കമുള്ള സബ് ജയിലിന്റെ ചരിത്രത്തിലെ ആദ്യ 'വിഐപി' വിചാരണ തടവുകാരനാണു നടൻ ദിലീപ്. എന്നാൽ, ആ പരിഗണന ജയിലിനുള്ളിൽ താരത്തിനു ലഭിച്ചില്ല. 14 സെല്ലുകളിലായി 70 പുരുഷ തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ഇവിടെ ഇപ്പോൾ എൺപതോളം പേരുണ്ട്.

സുരക്ഷാ ഭീഷണി കണക്കിലെടുത്തു ദിലീപിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതിയിൽ നിന്ന് അത്തരം നിർദ്ദേശങ്ങളൊന്നും ജയിൽ അധികൃതർക്കു ലഭിച്ചിട്ടില്ല. മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ളവർ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിലേക്ക് അയയ്ക്കാതെ ദിലീപിനെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തതു തന്നെ സുരക്ഷ കണക്കിലെടുത്താണ്.

അതിനിടെ നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കുകയാണ്. നടിയെ അതിക്രമത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള പർസർ സുനിയുമായി ദിലീപിന് വർഷങ്ങളുടെ പരിചയമുണ്ടെന്നാണ് സൂചന. 2013ലാണ് ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരംഭിക്കുന്നതെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. എംജി റോഡിലെ ഒരു ഹോട്ടലിൽവച്ചായിരുന്നു ഗൂഢാലോചന.

പ്രത്യേക സൗകര്യങ്ങളുള്ള സെൽ ദിലീപിന് നൽകുമെന്നായിരുന്നു ആദ്യം ഉയർന്നു കേട്ടത്. എന്നാൽ ദിലീപിനെ ജയിലിൽ പ്രവേശിപ്പിച്ച് പുറത്തിറങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത് അത്തരത്തിലുള്ള നിർദേശങ്ങൾ ലഭിച്ചില്ലെന്നാണ്. ദിലീപിനെ മറ്റ് തടവുകാർക്കാപ്പമാണ് പാർപ്പിച്ചതെന്നും ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.