കൊച്ചി : ദിലീപും പൾസർ സുനിയും തമ്മിലെ ബന്ധം ദൃഡപ്പെടുത്തുന്ന തെളിവുകളൊന്നും കിട്ടാതെ വലഞ്ഞ് അന്വേഷണ സംഘം. അതിനിടെ ദിലീപ് കൊച്ചിയിൽ നിന്ന് മാറി നിൽക്കുന്നത് അറസ്റ്റ് ഒഴിവാക്കാനാണെന്നും പൊലീസ് സംശയിക്കുന്നു. ദിലീപിന്റെ സിനിമയുമായി ബന്ധപ്പെട്ട ചിത്രീകരണമൊന്നും ഒരിടത്തും നടക്കുന്നില്ല. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ ദിലീപിന്റെ താമസം ദുരൂഹമാണ്. മൊഴിയെടുക്കുന്നത് വൈകിപ്പിക്കാനും അറസ്റ്റിൽ സംശയിച്ചുമാണ് ഇതെന്ന് പൊലീസ് കരുതുന്നു. അതിനിടെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടന് സൂചന നൽകി. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകാനാണ് അഭ്യന്തര വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. ദിലീപിനെ പോലൊരാളെ അറസ്റ്റ് ചെയ്യാനും ഉന്നത തല അനുമതി വേണം. ഇതു കിട്ടിയാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കാര്യങ്ങൾ നീക്കൂ.

നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നു എന്ന് പൾസർ സുനിയുടെ മൊഴിയും പുറത്തു വന്നു കഴിഞ്ഞു. നേരത്തെ കാക്കനാട് ജയിലിൽ നിന്നും സുനി ദിലീപിന് എഴുതിയ കത്തിലെ വിശദാംശങ്ങൾ പൾസർ സുനി പൊലീസ് ഉദ്യോഗസ്ഥരോട് ആവർത്തിച്ചതായാണ് വിവരം. നടിക്കെതിരായ ആക്രമത്തെ കുറിച്ച് നടന് മുന്നറിവുണ്ടായിരുന്നെന്നാണ് സുനി മൊഴിനൽകിയിരിക്കുന്നത്. നേരത്തെ ജയിലിൽ നിന്നും എഴുതിയ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊലീസിന് നൽകിയ മൊഴിയിലും സുനി ആവർത്തിച്ചെന്നാണ് വിവരം. അന്വേഷണ സംഘത്തിനാണ് സുനി മൊഴി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പൾസർ സുനിയുടെ മൊഴിയിൽ പൊലീസ് വ്യാപക അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാം അതീവ രഹസ്യമായി നടക്കണമെന്ന് പൊലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്. നടിയെ അക്രമിച്ച വീഡിയോയുടെ ഒർജിനൽ കണ്ടെത്താനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം.

സ്‌കൂൾ പഠനത്തോടെ തന്നെ വഴിവിട്ട ജീവിതമാണ് പൾസർ സുനിയുടേത്. ചെറിയ മോഷണം തുടങ്ങിയപ്പോഴേ വീട്ടുകാരുടെ കണ്ണിലെ കരടായി. 17-ാം വയസ്സിൽ നാടുവിട്ടു. പിന്നെ എങ്ങനെ സിനിമാക്കാരുടെ പ്രിയതമനായെന്ന് വീട്ടുകാർക്കും അറിയില്ല. എല്ലാ സൂപ്പർതാരങ്ങളുമായും സുനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പൾസർ സുനിയുടെ ക്രിമിനൽ ബന്ധം അറിഞ്ഞിട്ടും സിനിമാക്കാരുടെ ഇഷ്ട തോഴനായി സുനി. നടന്മാരുടെ വീക്ക്നെസ് തിരിച്ചറിഞ്ഞ സുനി ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. തുടർന്നാണ് രഹസ്യ കൂടിക്കാഴ്ചകളും മറ്റും വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തുന്നത്. ലൊക്കേഷനിൽ മദ്യം കഞ്ചാവും തുടങ്ങി ഇവർക്ക് ആവശ്യമുള്ള എല്ലാം സുനി എത്തിച്ചുനൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്.

എല്ലാം അറിഞ്ഞ് പെരുമാറുന്ന സുനിയുടെ വലയിൽ നടന്മാർക്ക് പുറമെ ചില നടിമാരും കുടുങ്ങിയതായാണ് വിവരങ്ങൾ. പ്രമുഖ സംവിധായകരുടെ ഭാര്യമാർ അടക്കം അഞ്ചുനടിമാരും സുനിയുടെ ബ്ലാക്ക്‌മെയിലിങ് കെണിയിൽ കുടുങ്ങിയെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. മാനഹാനി ഭയന്ന് ഇവർ സുനിക്ക് ലക്ഷങ്ങൾ നൽകി രക്ഷപ്പെടുകയായിരുന്നുവെന്ന് ദീപിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. കേവലം ഡ്രൈവറാണെങ്കിലും സിനിമാ ലൊക്കേഷനിൽ എത്തിയാൽസുനി ഒരു കാര്യസ്ഥനാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെ ലൈറ്റ് ബോയ് മുതൽ സംവിധായകനെ വരെ കൈയിലെടുക്കാനുള്ള മിടുക്കാണ് സിനിമ ചിത്രീകരണ രംഗത്ത് ഇയാളെ പ്രിയങ്കരനാക്കിയത്. അവസാനകാലത്ത് ദിലീപിനൊപ്പമാണ് പൾസർ സുനി പ്രവർത്തിച്ചിരുന്നതെന്ന് ഏവരും പറയുന്നു. എന്നാൽ ആരും പരസ്യമായി ഇപ്പോഴൊന്നും മിണ്ടുന്നുമില്ല. ഇതോടെ ദിലീപും പൾസർ സുനിയുമായുള്ള ബന്ധം പൊലീസിന് ഉറപ്പിക്കാനുമാകുന്നില്ല.

സിനിമയിൽ ലൊക്കേഷനുകളിലേക്ക് കാറിൽ ആർട്ടിസറ്റുകളെ എത്തിക്കലായിരുന്നു സുനിയുടെ പ്രധാനപണി. മുകേഷ് ഉൾപ്പെടെയുള്ളവരുടെ ഡ്രൈവറായി. പിന്നീട് തട്ടിപ്പിന്റെ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. സുനി പത്തുവർഷങ്ങൾക്ക് മുമ്പ് മറ്റൊരു നായികയെ സമാനമായ രീതിയിൽ ഉപദ്രവിച്ചിരുന്നു. നടിയെ ബലമായി വാഹനത്തിൽ കയറ്റി ദേഹോപദ്രവം ഏൽപിച്ച് നഗ്‌നചിത്രങ്ങൾ പകർത്തിയശേഷം ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്നു സിനിമാലോകത്തെ പ്രമുഖർ പറഞ്ഞു. ജോണി സാഗിരകയുടെ ഡ്രൈവറായിരുന്നപ്പോഴാണ് മേനകയെ തട്ടിക്കൊണ്ട് പോകാൻ സുനി ശ്രമിച്ചത്. ഇത്തരത്തിലൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് ദിലീപ് പറയുന്നത് പൊലീസിന് വിശ്വസിക്കാനാകുന്നില്ല. എന്നാൽ ആരും മൊഴി കൊടുക്കുന്നതുമില്ല. പൾസർ സുനിയുടെ ഫോൺ നഷ്ടമായതും നിർണ്ണായകമായി. ഇതിൽ പൾസർ സുനിയുടെ സിനിമാ ബന്ധം സ്ഥാപിക്കാനുള്ള തെളിവുകൾ ഉണ്ടായിരിന്നിരിക്കുമെന്ന് പൊലീസ് കരുതുന്നു.

വീടുമായോ നാടുമായോ ബന്ധം സൂക്ഷിക്കാത്ത ആളായിരുന്നു സുനി. പതിനേഴാം വയസ്സിൽ നാടുവിട്ട സുനിൽ അപൂർവമായി മാത്രമാണ് വീട്ടിൽ വരാറുള്ളതെന്നും സഹോദരി പറയുന്നുു. സംഭവത്തിന് അഞ്ചു മാസം മുമ്പാണ് സുനിൽ ഒടുവിൽ വീട്ടിൽ വന്നത്. അതുകൊണ്ട് തന്നെ അവർക്കും പൾസർ സുനിയുടെ ബന്ധങ്ങളെ കുറിച്ച് അറിയില്ല. അതും പൊലീസിന് വലിയ വെല്ലുവിളിയാണ്. ദിലീപും പൾസർ സുനിയും തമ്മിലെ ബന്ധത്തിന് ആധികാരികത ഉണ്ടെങ്കിലേ സൂപ്പർ താരത്തെ അറസ്റ്റ് ചെയ്യാൻ കഴിയൂ. 17നു രാത്രിയാണ് സുനിയും കൂട്ടരും നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. ദിലീപിനെ ഭീഷണിപ്പെടുത്തി കത്തയച്ചെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൾസർ സുനിയുടെ സഹതടവുകാരായിരുന്ന ഇടപ്പള്ളി സ്വദേശിയായ വിഷ്ണു, പത്തനംതിട്ട സ്വദേശിയായ സനൽ എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രാത്രി വൈകി രേഖപ്പെടുത്തി. തുടർന്ന് മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജയിലിനുള്ളിൽവച്ച് പൾസർ സുനിയുമായി ഗൂഢാലോചന നടത്തി, സുനിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണു ചുമത്തിയത്.

അതേസമയം, ഭീഷണിപ്പെടുത്തി പണതട്ടാൻ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. കൂടുതൽ പരിശോധനകൾക്കുശേഷം മാത്രമേ കേസെടുക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. പൾസർ സുനി ദിലീപിനായെഴുതിയതെന്നു കരുതുന്ന ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഇതിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് പരിശോധനയിൽ വ്യക്തമാകുകയും ചെയ്തിരുന്നു. 'ദിലീപേട്ടാ' എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്താണ് പുറത്തായത്. ജയിലിൽവച്ച് താൻ എഴുതുന്ന ഈ കത്ത്, വളരെ ബുദ്ധിമുട്ടിയാണ് കൊടുത്തുവിടുന്നതെന്ന വിശദീകരണം മുഖവുരയിലുണ്ട്. ഇതുമായി വരുന്ന വ്യക്തിക്ക് കേസുമായി ബന്ധമില്ലെന്നും കത്തിൽ പറയുന്നു. കേസിൽ പെട്ടതോടെ എന്റെ ജീവിതം തന്നെ പോയ അവസ്ഥയിലാണ്. എന്റെ കാര്യം നോക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂവെന്നും കത്തിലുണ്ട്. കൂടാതെ, ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമായി പൾസർ സുനി നടത്തിയ സംഭാഷണവും പുറത്തായിരുന്നു. ജയിലിൽനിന്നാണ് സുനി അപ്പുണ്ണിയേ വിളിച്ചിരുന്നത്. ദിലീപിനയച്ച കത്ത് വായിക്കണമെന്നും സംഭാഷണമധ്യേ ഇയാൾ ആവശ്യപ്പെട്ടിരുന്നു.

പൾസർ സുനിക്ക് ഫോൺ എത്തിച്ചത് വിഷ്ണുവായിരുന്നു പൊലീസ് അറിയാതെ ഷൂവിൽ ഒളിച്ച് കടത്തിയാണ് ഫോൺ എത്തിച്ചത്. ദിലീപിന്റെ മാനേജറെയും മറ്റും സുനി ഫോൺ ചെയ്യുന്ന സമയത്ത് സഹത്തടവുകാർ കാവൽ നിന്നും എന്നും വിഷ്ണു മൊഴി നൽകിയെന്നാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് സഹ തടവുകാർ്‌ക്കെതിരെ കേസെടുത്തത്.