കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ ഇനി മുകേഷ് എംഎൽഎയെ ചോദ്യം ചെയ്യണം. എന്നാൽ അതിനുള്ള അനുമതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിന് ലഭിച്ചതുമില്ല. ദിലീപിന്റെ സുഹൃത്തായ അൻവർ സാദത്ത് എംഎൽഎയെ ചോദ്യം ചെയ്ത ശേഷം മാത്രമേ മുകേഷിനെ ചോദ്യം ചെയ്യൂ എന്നാണ് സൂചന. അൻവർ സാദത്ത് കോൺഗ്രസ് എംഎൽഎയാണ്. മുകേഷിനെ ചോദ്യം ചെയ്യുന്നത് വെറും സാധാരണ സംഭവമാക്കാനാണ് ഈ മുൻ കരുതൽ. അല്ലെങ്കിൽ കൊല്ലം എംഎൽഎയുടെ ചോദ്യം ചെയ്യൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. അതുകൊണ്ടാണ് മുകേഷിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനം നീട്ടുന്നത്. അതിനിടെ ബിനാമി സ്വത്തുകളിലേക്കും കള്ളപ്പണത്തിലേക്കും അന്വേഷണം നീണ്ടതോടെ ദിലീപിനെ പിന്തുണയ്ക്കാൻ സിനിമാ ലോകവും തയ്യാറാവുകയാണ്. ദിലീപ് സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ പല ഉന്നതരും കുടുങ്ങും.

എം.ജി. റോഡിലെ അബാദ് പ്ലാസയിൽ താരനിശയുമായി ബന്ധപ്പെട്ടുള്ള റിഹേഴ്സലിനിടെ നടിയും ദിലീപും തമ്മിൽ കശപിശയുണ്ടായിരുന്നു. ഇത് തീർക്കാൻ മധ്യസ്ഥതവഹിച്ച നടനെയാണ് പൊലീസ് ചോദ്യംചെയ്യാൻ ഒരുങ്ങുന്നത്. ഇതിനും അനുമതി കിട്ടിയിട്ടില്ല. നടനുമായി നിരവധിതവണ ബന്ധപ്പെട്ട പലരും പൊലീസിന്റെ ചോദ്യംചെയ്യൽ ലിസ്റ്റിലുണ്ട്. ആലുവ എംഎ‍ൽഎ. അൻവർ സാദത്തിന്റെയും കൊല്ലം എംഎ‍ൽഎ. മുകേഷിന്റെയും മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്. ദിലീപും സാദത്തും അടുത്ത സുഹൃത്തുക്കളാണ്. ഏതാനും എംഎ‍ൽഎ.മാർക്കൊപ്പം ഇപ്പോൾ പാരീസിലാണ് അൻവർ സാദത്ത്. നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു പൾസർ സുനി. ഇതിനിടെയാണ് അന്വേഷണം ബിനാമി സ്വത്തിലേക്ക് കൂടി എത്തിയത്. ഇത് സിനിമാ ലോകത്തെ ഞെട്ടിച്ചു. ഇതോടെ ദിലീപിന് അനുകൂലമായ തരംഗം വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി.

അതിനിടെ ദിലീപിന് അനുകൂലമായ വികാരം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി സൂചന പൊലീസിന് ലഭിച്ചു. ഇതിനായി വൻനീക്കങ്ങൾ നടക്കുന്നതായി അധികൃതർ സംശയിക്കുന്നു. സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം നീണ്ടതോടെയാണ് സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ച് നീക്കം ആരംഭിച്ചത്. ആദ്യം രൂക്ഷമായി പ്രതികരിച്ചവർ പലരും നിലപാട് മയപ്പെടുത്തുകയും ചെയ്തു. ആസിഫ് അലിയുടെ നിലപാട് മാറ്റത്തെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ദിലീപിനെതിരെ ആഞ്ഞടിച്ച ആസിഫ് അലി എല്ലാം ഇപ്പോൾ വിഴുങ്ങി. ദിലീപ് ശിക്ഷിക്കപ്പെടരുതെന്ന ആഗ്രഹമാണുള്ളതെന്ന് തിരുത്തി. അതിനിടെ മാധ്യമപ്രവർത്തകർ ഉൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ദിലീപ് അനുകൂല മെസേജുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മാധ്യമങ്ങളിലെ റിപ്പോർട്ടർമാരെയും ന്യൂസ് റീഡർമാരെയും ലക്ഷ്യമിട്ടും പോസ്റ്റുകളുണ്ട്. ദിലീപിന്റെ കേസും രാഷ്ട്രീയകേസുകളും ഒരേരീതിയിൽ വിലയിരുത്തിയും താരതമ്യം ചെയ്തും മെസേജുകളുണ്ട്. ഇവ ഏജൻസി ഉപയോഗിച്ച് ചെയ്യിക്കുകയാണെന്ന് അധികൃതർ സംശയിക്കുന്നു.

കേസിന്റെ ഗൂഢാലോചന സംബന്ധിച്ചു നടൻ ദിലീപുമായി പൊലീസ് തെളിവെടുപ്പു പൂർത്തിയാക്കി. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ ദിലീപിനെ ഇന്നു ഹാജരാക്കും. അന്വേഷണം തുടരാനായി കസ്റ്റഡി നീട്ടാൻ പൊലീസ് ആവശ്യപ്പെടുമോ, ദിലീപിന്റെ ജാമ്യാപേക്ഷ കോടതി അനുവദിക്കുമോ എന്നിവ ഇന്നറിയാം. ദിലീപ് നൽകിയ മൊഴികളിലെ പൊരുത്തക്കേടു മനസ്സിലാക്കിയ പൊലീസ്, ഭാര്യ കാവ്യാ മാധവന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തി. എന്നാൽ ഇത് പൊലീസ് സ്ഥിരീകരിക്കുന്നില്ല. അന്വേഷണം താളം തെറ്റുന്നതിന്റെ വലിയ സൂചനയായി ഇതിനെ വിലയിരുത്തുന്നു. അന്വേഷണം പൂർത്തിയാക്കും മുൻപു കാവ്യാ മാധവൻ, അമ്മ ശ്യാമള, സംവിധായകനും നടനുമായ ലാൽ, പി.ടി.തോമസ് എംഎൽഎ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തുമെന്നു മാത്രമാണ് പൊലീസ് പറയുന്നത്. കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും ഉണ്ട്. അത് പരസ്യമായി ചെയ്യാനാണ് പൊലീസിന്റെ നീക്കം.

കുറ്റം മറച്ചുവയ്ക്കാൻ പ്രതിയെ സഹായിച്ചതായി സംശയിക്കപ്പെടുന്ന എംഎൽഎമാരായ മുകേഷ്, അൻവർ സാദത്ത്, മുഖ്യപ്രതി സുനിൽകുമാറിന്റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവർക്കുള്ള ചോദ്യാവലി പൊലീസ് തയാറാക്കി. ആദ്യഘട്ടത്തിൽ നടൻ ദിലീപിന് അനുകൂലമായി മൊഴിനൽകിയ മുഴുവൻ പേരെയും പൊലീസ് വീണ്ടും ചോദ്യംചെയ്യും. ദിലീപിന്റെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദം പൂർത്തിയാക്കിയെങ്കിലും പ്രോസിക്യൂഷൻ വാദം ഇന്നലെ നടന്നില്ല. സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിനു ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക പൊലീസിനുണ്ട്. ഗൂഢാലോചന നടത്തിയതായി പൊലീസ് ആരോപിക്കുന്ന തൃശൂരിലെ മൂന്നു ലൊക്കേഷനുകളിലാണ് ഇന്നലെ തെളിവെടുപ്പു നടത്തിയത്. തെളിവെടുപ്പു പൂർത്തിയാക്കി ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിൽ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തു.

കസംഭവത്തിൽ നേരത്തേ ചോദ്യംചെയ്ത ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും സംവിധായകൻ നാദിർഷയെയും കസ്റ്റഡിയിലെടുക്കുമെന്നും സൂചനകളുണ്ട്. കാവ്യയുടെ അമ്മ ശ്യാമളയുടെയും മൊഴിയെടുത്ത പൊലീസ് ഇവരുടെ വസ്ത്രസ്ഥാപനമായ 'ലക്ഷ്യ'യിൽ പരിശോധന തുടരാനും തീരുമാനിച്ചു. കേസിൽ അറസ്റ്റിലായ ദിലീപുമൊത്ത് ആക്രമണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ കാവ്യയും അമ്മയും ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മാഡം നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്ന് കേസിലെ ഒന്നാംപ്രതി പൾസർ സുനി നേരത്തേ മൊഴിനൽകിയിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് മാഡത്തിന് നൽകിയതായും സുനി പറഞ്ഞിരുന്നു. എന്നാൽ, സുനി പറഞ്ഞതുപോലെ കേസ് വഴിതിരിച്ചുവിടാനുള്ള പൾസർ സുനിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

കാവ്യയുടെ വസ്ത്രസ്ഥാപനത്തിൽ പൾസർ സുനി വന്നിരുന്നോയെന്നതിൽ അന്വേഷണം നടത്തുന്ന പൊലീസിന് മറ്റുചില കാര്യങ്ങളിൽക്കൂടി വ്യക്തത കിട്ടാനുണ്ട്. നടിയെ ആക്രമിക്കുന്നതിനുമുമ്പ് സുനി ഇവിടെനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോ, ആക്രമണത്തിനുശേഷം ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കൊണ്ടുവന്നിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ഉത്തരങ്ങൾക്കാണ് പൊലീസ് ശ്രമിക്കുന്നത്.കാവ്യയുടെയും ശ്യാമളയുടെയും മൊഴികൾ ദിലീപിന്റെ മൊഴിയുമായി ഒത്തുനോക്കിയ പൊലീസ് ചില വൈരുധ്യങ്ങൾ കണ്ടെത്തിയതായും സൂചനകളുണ്ട്. കാവ്യയുടെയും ശ്യാമളയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ ഇവരുടെ ഒരു അടുത്ത ബന്ധുവിനെക്കൂടി പൊലീസ് ചോദ്യംചെയ്യാൻ സാധ്യതയുണ്ട്.

അതിനിടെ പഴയതുപോലെ തിരിച്ചുവരുമെന്ന് ദിലീപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സുഹൃത്തും സിനിമാനിർമ്മാതാവുമായ അംജിത്തിനോട് ദിലീപ് ഇക്കാര്യം പറഞ്ഞത്. ടെന്നീസ് അക്കാദമി ഖജാൻജിയായ അംജിത് ദിലീപ് നായകനായ വാർ ആൻഡ് ലൗ സിനിമയുടെ നിർമ്മാതാവാണ്. ദിലീപിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ അംജിത് അവിടെയുണ്ടായിരുന്നു. പൊലീസ് വാഹനത്തിലിരുന്ന് ദിലീപ് പുറത്തുണ്ടായിരുന്ന അംജിത്തിനെ കൈ വീശിക്കാണിച്ചു. അക്കാദമിയുെട ഇൻഡോർ ടെന്നീസ് കോർട്ടിൽ തെളിവെടുപ്പിനായി ദിലീപിനെ കയറ്റിയപ്പോൾ അംജിത്തും അകത്തുണ്ടായിരുന്നു.

'ഞാൻ അങ്ങനെയൊരാളെ കണ്ടിട്ടില്ല. ജീവിതത്തിൽ ഇതേവരെ കാണാത്ത ഒരാളെക്കുറിച്ചാണ്....' -പൾസർ സുനിയുടെ പേര് പരാമർശിക്കാതെ ദിലീപ് പറഞ്ഞു. 'ആരൊക്കെയോ ചെയ്തത് ഞാൻ അനുഭവിക്കുന്നു. ഞാൻ തിരിച്ചുവരും.'-ഇങ്ങനെയായിരുന്നു പ്രതികരണം.