വൈക്കം: ജീവൻ രക്ഷിക്കണമന്ന് ആവശ്യപ്പെട്ട് ഫേസ്‌ബുക്കിൽ ലൈവായി പെൺകുട്ടിയുടെ പ്രാണന് വേണ്ടിയുള്ള അഭ്യർത്ഥന ഫലം കണ്ടു. വീട്ടുകാരെ വെറുപ്പിച്ച് മതം മാറി കാമുകന സ്വന്തമാക്കിയ ദിൽന എന്ന യുവതിയാണ് ഭർത്താവിൽ നിന്നും തന്റെ ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി ഫേസ്‌ബുക്ക് ലൈവിലൂടെ രംഗത്ത് വന്നത് വൈറലായിരുന്നു. ഇത് മറുനാടൻ വാർത്തായാക്കുകയും ചെയ്തു. ഇതോടെ വിഷയത്തിൽ പൊലീസ് ശ്രദ്ധയിലെത്തി. വൈക്കം സിഐ വിഷയത്തിൽ ഇടപെട്ടു.

ഭർത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഇട്ട വിഡിയോ ലഭിച്ച വൈക്കം പൊലീസ് സംഭവസ്ഥലത്തെത്തി വീട്ടമ്മയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂർ ഹിൽസിൽ നെല്ലുവേലിൽ ദിൽന ബേബിയാണ് (29) ചൊവ്വാഴ്ച രാവിലെ വിഡിയോ സന്ദേശം വാട്‌സ്ആപ്പിൽ പ്രചരിപ്പിച്ചത്. കുറച്ച് ദിവസങ്ങളായി താൻ ഭർത്താവുമായി പ്രശ്നത്തിലാണെന്നും ഡിവോഴ്സ് നൽകിയില്ലെങ്കിൽ തന്നെ കൊല്ലുമെന്നും ആരോരും സഹായത്തിനില്ലാതെ കഴിയുന്ന തന്നെ രക്ഷിക്കണമെന്നുമാണ് യുവതി ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചത്. ഇത് ഫലം കാണുകയായിരുന്നു.

വൈക്കം ചെമ്മനാകരിയിലെ കളത്തിൽ ലേക്ക് റിസോർട്ടിൽ അടച്ചിട്ട മുറിയിൽനിന്നായിരുന്നു സന്ദേശം. റിസോർട്ടിൽ ജനറൽ മാനേജറായ ഭർത്താവ് കോഴിക്കോട് സ്വദേശി അഭിജിത്ത് മർദിച്ചതായും വധഭീഷണിയുണ്ടെന്നും അടച്ചിട്ട മുറിക്കുപുറത്ത് വാതിൽ തുറക്കാൻ തട്ടിവിളിക്കുകയാണെന്നും ആയിരുന്നു സന്ദേശം. ഭർത്താവിന്റെ മർദനത്തിൽ നെറ്റിയിൽ ഉണ്ടായ പരിക്കും കാണിച്ചു. വൈക്കം എസ്.ഐ എം. സാഹിലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരി പാവണ്ടൂർ എന്ന സ്ഥലത്തെ ബാലന്റെയും ശ്രീലതാ ബാലന്റെയും മകനായ ആഭിജിത്ത് ബാലനാണ് ഭർത്താവ്. ഇപ്പോൾ വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഉപദ്രവിക്കാൻ തുടങ്ങിയത്. ദിൽന തനിക്ക് പറ്റിയയ ഭാര്യയല്ലെന്നും തന്റെ സ്റ്റാറ്റസിനൊത്ത മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നുമായിരുന്നു ആവശ്യം. അതിന് ദിൽനയിൽ നിന്നും ഡിവോഴ്സ് വേണം. ഈ ആവശ്യമുന്നയിച്ചാണ് ഇയാൾ ഉപദ്രവം തുടങ്ങിയത്.

സംഭവത്തെകുറിച്ച് യുവതി പറയുന്നതിങ്ങനെ: ക്രിസ്തുമത വിശ്വാസിയായ ദിൽനയും ഹിന്ദു (നായർ) വിഭാഗത്തിൽപെട്ട അഭിജിത്തും പ്രണയത്തിലാവുകയും 2014 ജനുവരി 17ന് കോഴിക്കോട് ആര്യ സമാജത്തിൽ വെച്ച് മതം മാറിയശേഷം വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം ഇവർ ചെമ്മാനകരിയിലെ റിസോർട്ടിൽ ജനറൽ മാനേജർക്കുള്ള മുറിയിൽ താമസമാക്കി. ഇതിനിടെ, അഭിജിത്തിന്റെ വീട്ടുകാർ സ്ത്രീധനം ചോദിച്ച് ശല്യപ്പെടുത്തുന്നുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. ഇവർ ഒന്നിച്ച് താമസിക്കുന്നതിനിടെ ദിൽനയെ വിവാഹം ചെയ്തത് അറിയാതെ മറ്റൊരു യുവാവ് വിവാഹ ആലോചനയുമായി എത്തി. ഈ യുവാവിനോട് അഭിജിത്ത് വിവരങ്ങൾ സൂചിപ്പിച്ചെങ്കിലും അയാൾ പിന്മാറാതെവന്നതിനെതുടർന്ന് അഭിജിത്ത് ആത്മഹത്യഭീഷണി മുഴക്കിയാണ് അയാളെ പിന്തിരിപ്പിച്ചത്. ഇതൊന്നും യുവതി അറിഞ്ഞിരുന്നില്ല.

2017 ജനുവരി 17ന് യുവതിയുടെ വീട്ടിലേക്ക് അഭിജിത്ത് വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചു. വിവരം അറിഞ്ഞ യുവതി ചോദിച്ചപ്പോൾ തന്റെ വീട്ടുകാരെ സമാധാനിപ്പിക്കാൻ ചെയ്തതാണെന്നും ഇത് കാര്യമാക്കേണ്ടെന്നും അഭിജിത്ത് യുവതിയെ പറഞ്ഞ് സമാധാനിപ്പിച്ചു. തുടർന്ന് ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ ബുദ്ധിമുട്ടിയ യുവതിയോട് നീ ഈ പ്രശ്‌നങ്ങൾ പുറത്തുപറഞ്ഞാൽ നമ്മുടെ സ്വകാര്യ ജീവിതം താൻ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നും അത് യൂട്യൂബിൽ ഇടുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ജൂലൈ നാലുമുതൽ റിസോർട്ടിലെ മുറിയിൽ രണ്ടായി കഴിയുകായിരുന്നെന്ന് യുവതി പറയുന്നു.

ഇന്നലെ വീണ്ടും വാക്തർക്കം ഉണ്ടാവുകയും അഭിജിത്ത് മർദിക്കുകയും ചെയ്തു. തുടർന്ന് മുറിക്കുള്ളിൽ പൂട്ടിയിട്ട യുവതി എല്ലാം ഫെയ്‌സ് ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചു. ഇതോടെ വൈക്കത്തുനിന്ന് പൊലീസ് എത്തിയാണ് ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നും വൈക്കം സി.ഐ ബിനു പറഞ്ഞു.