ചെന്നൈ: അണ്ണാ ഡി.എം.കെ ചിഹ്നമായ രണ്ടില കോഴ കേസിൽ നേരിട്ട് ഹാജരാകാൻ ടി.ടി.വി. ദിനകരന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ച് മണിക്കൂറുകൾക്കുള്ളിൽ സാക്ഷിയായ അഭിഭാഷകൻ ആത്മഹത്യ ചെയ്തു.

ചെന്നൈ സ്വദേശി ഗോപിനാഥ് (31) ആണ് ബുധനാഴ്ച ജീവനൊടുക്കിയത്. ചെന്നൈ പൂന്തമല്ലി കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഗോപിനാഥ് പാട്ടാളി മക്കൾ കക്ഷി തിരുവേർക്കാട് ഏരിയാ ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ മുതിർന്ന അഭിഭാഷകനായ മോഹൻരാജിനെ നേരത്തെ ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. വി.കെ. ശശികല വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ ദിനകരന്റെ അഭിഭാഷകനാണ് മോഹൻരാജ്.

ഏപ്രിൽ എട്ടിന് നേരിട്ട് ഹാജരാവാനാണ് ദിനകരന് ഇ.ഡി സമൻസ് അയച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയായ സുകേഷ് ചന്ദ്രശേഖർ ജയിലിലാണ്. 2017ലാണ് ദിനകരനെയും ചന്ദ്രശേഖറിനെയും ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പിന്നീട് ദിനകരൻ ജാമ്യത്തിലിറങ്ങി. ദിനകരനും ചന്ദ്രശേഖറും തമ്മിൽ 50 കോടിയുടെ ഇടപാട് നടന്നതായാണ് ആരോപണം. നിലവിൽ അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവാണ് ദിനകരൻ.