ചെന്നൈ:തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുന്നു. എടപ്പാടി പളനിസാമി പക്ഷവും ഒ.പനീർസെൽവം വിഭാഗവും ഒന്നായതിനു തൊട്ടുപുറകെ കരുക്കൾ നീക്കി ശശികല പക്ഷം. ടി.ടി.വി.ദിനകരനൊപ്പമുള്ള 19 എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഗവർണർക്ക് കത്തു നൽകി. ഇതോടെ എടപ്പാടി പളനിസാമി സർക്കാർ ന്യൂനപക്ഷമായി. ഗവർണർ വിദ്യാസാഗർ റാവു വിശ്വാസവോട്ട് തേടുമ്പോൾ കരുത്ത് തെളിയിക്കാനുള്ള ശ്രമമായിരിക്കും ഇനി ദിനകരൻ നടത്തുക. ഇതിന്റെ ആദ്യപടിയായി, തന്നെ അനുകൂലിക്കുന്ന 16 എംഎൽഎമാരെ ദിനകരൻ പുതുച്ചേരിയിലെ രഹസ്യ റിസോർട്ടിലേക്കു മാറ്റി. ദിനകരന്റെ വിശ്വസ്തരായ മൂന്നു എംഎൽഎമാർ ചെന്നൈയിൽ തന്നെ തുടരുകയുമാണ്.

തനിക്കൊപ്പം 20 മുതൽ 25 വരെ എംഎൽഎമാരുണ്ടെന്നും ദിനകരൻ അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ ശശികലപക്ഷത്തിന് കാര്യമായി വിയർക്കേണ്ടി വരില്ല. പലവിധ കേസുകളുടെ നൂലാമാലകളിൽ പെട്ടുഴലുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾക്ക് ശശികല പക്ഷം മുതിരില്ലെന്ന എഐഡിഎംകെ ഔദ്യോഗിക പക്ഷത്തിന്റ വിശ്വാസമാണ് ഇതോടെ തകർന്നത്. ഇതിനു പിന്നാലെ തമിഴ്‌നാട് നിയമസഭ വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തു നൽകി.

ഗവർണർക്കു സമർപ്പിച്ച കത്തിൽ തങ്ങൾ എഐഡിഎംകെ അംഗത്വം രാജിവച്ചതായി എംഎൽഎമാർ പറയുന്നില്ല. എന്നാൽ എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷ വിമർശനമാണുള്ളത്. പളനിസാമി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ മുൻപത്തെപ്പോലെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് കത്തിലുള്ളത്.

234 സീറ്റാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. ജയലളിതയുട മരണശേഷം ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. 233 സീറ്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ത് 117 എണ്ണം. അണ്ണാഡിഎംകെ പക്ഷത്ത് നിലവിൽ സ്പീക്കർ ഉൾപ്പെടെ 135 പേരുണ്ട്. ദിനകരപക്ഷത്ത് 18 പേർ ഉണ്ടെന്നായിരുന്നു ആദ്യസൂചനകൾ. എന്നാൽ 19 പേരുമായി ഗവർണർക്കു മുന്നിലെത്തിച്ചാണ് അദ്ദേഹം ഞെട്ടിച്ചത്. എടപ്പാടിപനീർസെൽവം സഖ്യത്തിനാകട്ടെ ഇനി പരീക്ഷണങ്ങളുടെ നാളുകളുമായിരിക്കും