കോഴിക്കോട്: അഭിനയ വൈഭവം കൊണ്ടു നാടക വേദിയെ സമ്പന്നമാക്കിയ നാടക, മൈം കലാകാരൻ ദിനേശ് കുറ്റിയിൽ (50) അരങ്ങൊഴിഞ്ഞു. കോവിഡും പിന്നാലെ ന്യൂമോണിയയും പക്ഷാഘാതവും ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. ഭാര്യ: അനില. മക്കൾ: ദിയ, അലൻ. പിതാവ്: പരേതനായ ബാലൻ നായർ. മാതാവ്: ദേവി അമ്മ. സഹോദരങ്ങൾ: ദിജീഷ്(യു എൽ സി സി എസ്), ദിലീപ് (സി ആർ പി എഫ്, ട്രിച്ചി), ദീപ. സംസ്‌കാരം: ഇന്ന് കാലത്ത് 10 മണിക്ക് അമരാവതിയിലെ വീട്ടുവളപ്പിൽ.

27 വർഷമായി അമച്വർ-പ്രൊഫഷണൽ നാടക രംഗത്തും സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്ന ദിനേശ് കുറ്റിയിലിന്റെ ചികിത്സയക്കായി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ ധനസമാഹരണം പുരോഗമിക്കു ന്നതിനിടെയാണ് മരണം സംഭവിച്ചത്. വില്യാപ്പള്ളി അമരാവതി സ്വദേശിയായ ദിനേശ് കുറ്റിയിൽ 1994 മുതൽ കലാരംഗത്തുണ്ട്. സ്‌കൂൾ കലാമത്സരവേദികളിലൂടെ അരങ്ങിലെത്തി. ജില്ലാ, സംസ്ഥാന യുവജനോത്സവ വേദികളിൽ പങ്കെടുക്കുകയും സമ്മാനാർഹനാവുകയും ചെയ്തു.

കേരളോത്സവ വേദികളിലൂടെ മോണോ ആക്ട്, മിമിക്രി, പ്രഛന്ന വേഷം, നാടകം എന്നിവയിൽ ജില്ലയിലും സംസ്ഥാനതലത്തിലും സമ്മാനം നേടി. മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. ഇതിനു പിന്നാലെ പ്രൊഫഷണൽ നാടക രംഗത്ത് എത്തി. വടകര 'സിന്ദൂര', കോഴിക്കോട് 'കലാഭവൻ', ഇരിട്ടി 'ഗാന്ധാര', കോഴിക്കോട് 'സോമ', കോഴിക്കോട് 'രംഗഭാഷ' എന്നീ ട്രൂപ്പുകളിലായി നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. 12 വർഷത്തെ ബഹ്‌റിൻ പ്രവാസ ജീവിതത്തിനിടയിലും ഒട്ടേറെ നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയുമുണ്ടായി.

പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ മൂന്നു തവണയും ജിസിസി റേഡിയോ നാടക മത്സരങ്ങളിൽ നാലു തവണയും മികച്ച നടനായിരുന്നു. ടി വി ചന്ദ്രന്റെ 'മോഹവലയം' എന്ന സിനിമയിലും വേഷം ചെയ്തു. അമൃത ടിവിയിലെ ഒരു സീരിയലിലും ആറു ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

നാടകത്തിന് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനായിരുന്നു ദിനേശ് കുറ്റിയിൽ. അച്ഛൻ മരിച്ച ദിനം തൊട്ട് പതിനൊന്ന് ദിവസം നാടകം കളിക്കേണ്ടിവന്നതും വിവാഹ പിറ്റേന്ന് മുതൽ പത്തു നാൾ നാടകത്തിന് പോയതും അദ്ദേഹം ഓർത്തെടുക്കാറുണ്ടായിരുന്നു. ജീവിത പ്രതിസന്ധി വന്നതോടെയാണ് പ്രവാസ ജീവിതത്തിലേക്ക് ചേക്കേറുന്നത്. ബഹറിനിലെ ജീവിതത്തിനിടെയും കലാപ്രവർത്തനത്തിന് അദ്ദേഹം സമയം കണ്ടെത്തി. അശ്വമേധത്തിലെ കുഷ്ഠരോഗി, ടിപ്പുവിന്റെ ആർച്ചയിലെ പാണൻ, മരുഭൂമിയിലെ ഇലകളിലെ അബ്ദുക്ക, കുറിയേടത്ത് താത്രിയിലെ മൂന്നു വേഷങ്ങൾ, അമ്മത്തൊട്ടിലിലെ സത്യൻ, ഗോദോയെ കാത്തിലെ എസ്ട്രഗൺ, കനലാട്ടത്തിലെ മാധവൻ, ആണുങ്ങളില്ലാത്ത വീട്ടിലെ ഗോവിന്ദൻ, ചോരണകൂര'യിലെ കാന്തൻ, 'സ്വപ്നവേട്ട'യിലെ, കണ്ണൻ തെയ്യം, 'ബീരിയാണി'യിലെ അസ്സനാർച്ച തുടങ്ങിയവയെല്ലാം ദിനേശ് അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്.