- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് കരുതിയ കാർത്തികിനെ അന്ന് കൈപിടിച്ചുയർത്തിയവൾ; അമ്മയായി പത്തു മാസം തികയുംമുമ്പെ ബർമിങാമിൽ സ്‌ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കലം; ഈ മെഡൽ ഇരട്ടക്കുട്ടികൾക്ക്; ദീപികയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്ന് കാർത്തിക്
ചെന്നൈ: ഇരട്ടക്കുട്ടികളുടെ അമ്മയായി ആറു മാസം പോലും തികയുംമുമ്പേ ലോകചാമ്പ്യൻഷിപ്പിനായി കളിക്കളത്തിൽ തിരിച്ചെത്തിയ ദീപിക പള്ളിക്കൽ സ്‌ക്വാഷിൽ അന്നത്തെ വിജയയാത്രയുടെ തുടർച്ചയെന്നോണമാണ് കോമൺവെൽത്ത് ഗെയിംസിൽ വെങ്കല നേട്ടത്തിലൂടെ അടയാളപ്പെടുത്തിയത്. സൗരവ് ഘോഷാലിനൊപ്പം മിക്സഡ് ഡബിൾസിൽ വെങ്കലം നേടിയ ദീപിക നേരത്തേ ഗ്ലാസ്‌കോയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം നേടിയിരുന്നു.
കളിക്കളത്തിലെ അവിശ്വസനീയമായ തിരിച്ചുവരവിന്റെ, ആഹ്ലാദവും ആവേശവുമാണ് ദീപിക തന്റെ പ്രകടനത്തിലൂടെ പറയാതെ പറയുന്നത്. കബീർ, സിയാൻ എന്നിങ്ങനെ ഇരട്ടക്കുട്ടികൾക്കു ജന്മംനൽകിയ ദീപികയുടെ കളിക്കളത്തിലേക്കുള്ള മടങ്ങിവരവ് ഒരുപാട് സ്ത്രീകൾക്ക് ആത്മവിശ്വാസത്തിലേക്കുള്ള വാതിൽതുറക്കൽകൂടിയാണ്.
'നീ വളരെ നന്നായി കളിച്ചു, നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു' എന്നായിരുന്നു കോമൺവെൽത്ത് ഗെയിംസിൽ സ്‌ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ വെങ്കലം നേടിയപ്പോൾ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ദിനേശ് കാർത്തിക് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇരട്ടക്കുട്ടികളുടെ അമ്മയായി പത്തു മാസം പോലും പൂർത്തിയാകുംമുമ്പാണ് ബെർമിങ്ഹാമിൽ ദീപിക മത്സരത്തിനെത്തിയത്. ഭാര്യയെക്കുറിച്ചോർത്ത് കാർത്തിക് അഭിമാനിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
കാർത്തിക്കിന്റെ താളംതെറ്റിയ കുടുംബ ജീവിതത്തിലേക്ക് ഒരു മാലാഖയെപ്പോലെ കടന്നുവളാണ് ദീപിക. റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തിൽ റിയാനയെപ്പോലെ, ആന്ദ്രേ അഗസ്സിയുടെ ജീവിതത്തിൽ സ്റ്റെഫി ഗ്രാഫിനെപ്പോലെ ഒരാൾ. ആദ്യ വിവാഹ ബന്ധം തകർന്നതിന്റെ വിഷാദത്തിലും നിരാശയിവും ജീവിച്ചിരുന്ന കാർത്തിക്കിന് ദീപിക ആശ്വാസമായി മാറുകയായിരുന്നു.
ഇതോടെ പതുക്കെ കാർത്തിക് തന്റെ പ്രൊഫഷണൽ കരിയറിലും തിരിച്ചുവരാനൊരുങ്ങി. സമീപകാലത്ത് ത്രില്ലർ ഫിനിഷിങ്ങുകൾകണ്ട് കായികപ്രേമികളുടെ ഹൃദയത്തിലിടം നേടി. അതിന്റെ ക്രെഡിറ്റിന്റെ ഒരു ഭാഗം ദീപികയ്ക്കു കൂടി അവകാശപ്പെട്ടതാണ്. ഭർത്താവിന്റെ ആത്മവിശ്വാസമായി അവൾ നിലകൊണ്ടു.
അതുപോലെ ഗർഭിണിയായ ശേഷം കളിക്കളത്തിൽ നിന്നു വിട്ടുനിന്ന ദീപികയുടെ തിരിച്ചുവരവിന് കൈത്താങ്ങായി കാർത്തിക്കും ഒപ്പംനിന്നു. ഇതോടെ ഇരട്ടക്കുട്ടികളുടെ അമ്മയായിയൊക്കെ നിൽക്കുമ്പോഴും കളിക്കളത്തിൽ വിസ്മയവിജയങ്ങൾ അവൾക്ക് സ്വന്തമാക്കാനായി.
''അമ്മയായ എനിക്ക് കളിക്കളത്തിൽ പഴയ ഫോമിൽ കളിക്കാനാകില്ലെന്നാണ് പലരും പറഞ്ഞത്. അതൊക്കെ അവരുടെ മാത്രം വിശ്വാസമായിരുന്നു. കാലിലെ പരിക്കുമൂലം ഏറെ വിഷമിച്ച ഞാൻ മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്‌ക്വാഷിന്റെ ലോകത്തേക്കു തിരിച്ചെത്തിയത്. ഭർത്താവ്, മക്കൾ, കുടുംബം ഇതൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്.
എന്നാൽ, ഇതൊക്കെ വന്നുചേരുമ്പോഴും സ്വന്തം സ്വപ്നങ്ങളെയും കരിയറിനെയും കൈവിടാതിരിക്കാനും ശ്രദ്ധിക്കണം. അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും നമ്മുടെ സ്വപ്നങ്ങൾ തീവ്രമാണെങ്കിൽ അതിലേക്കുതന്നെ നമ്മൾ തിരിച്ചെത്തും.'' -ദീപികയുടെ വാക്കുകളിൽ അവളുടെ സ്വപ്നത്തിന്റെ നിറങ്ങളത്രയുമുണ്ടായിരുന്നു.
ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് എല്ലാവരും കരുതിയ ഇടത്തു നിന്നും അവിശ്വസനീയ ഉയിർത്തെഴുന്നേൽപ്പിന് ദിനേശ് കാർത്തികിന് ഊർജവും പ്രേരണയും നൽകിയത് ദീപികയുടെ സാന്നിദ്ധ്യമായിരുന്നു. ഇത്തവണ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഫിനിഷിങ് റോളിൽ തകർത്താടിയ കാർത്തികിന് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടു. 2019ലെ ഏകദിന ലോകകപ്പിനു ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യൻ കുപ്പായത്തിലെത്തിയത്.
ദിനേശ് കാർത്തികിന്റെ രണ്ടാമത്തെ ഭാര്യയാണ് ദീപിക പള്ളിക്കൽ. കുടുംബ സുഹൃത്ത് കൂടിയായരുന്ന നികിത വഞ്ജരയായിരുന്നു ഡികെയുടെ ആദ്യത്തെ ഭാര്യ. എന്നാൽ ദേശീയ ടീമിലെയും തമിഴ്‌നാട് ടീമിലെയും മുൻ സഹതാരവുമായ മുരളി വിജയിയുമായി കാർത്തികിന്റെ ഭാര്യ പ്രണയത്തിലായി. ഡികെയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു വിജയ്. പക്ഷെ ഭാര്യക്കു വിജയിയുമായി വഴിവിട്ട അടുപ്പമുണ്ടായിരുന്നതായി കാർത്തിക് വൈകിയാണ് അറിഞ്ഞത്.
ഈ ബന്ധം അറിഞ്ഞതോടെ നികിത വഞ്ജരയുമായുള്ള വിവാഹ ജീവിതം ദിനേശ് കാർത്തിക് അവസാനിപ്പിക്കുകയായിരുന്നു. 2012ലായിരുന്നു ഇത്. വിവാഹ മോചനത്തിനു പിന്നാല മുരളി വിജയ് നികിതയെ വിവാഹം കഴിക്കുകയും ചെയ്തു.
വ്യക്തിജീവിതവും കരിയറും നഷ്ടപ്പെട്ട് നിസഹായനായി നിന്ന കാർത്തികിന് മുന്നിൽ ദീപിക പ്രതീക്ഷയുടെ കരങ്ങൾ വച്ചുനീട്ടുകയായിരുന്നു. വൈകാതെ ഇരുവരും വിവാഹിതരായി. 2021ലായിരുന്നു ദിനേശ് കാർത്തിക്- ദീപിക പള്ളിക്കൽ ദമ്പതികൾക്കു ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. പുതിയ രണ്ടു പേർ കൂടി തങ്ങളുടെ കുടുബത്തിലേക്കു വന്നതായി ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.
ദീപിക റബേക്ക പള്ളിക്കലെന്നാണ് യഥാർഥ പേര്. 1991 സപ്തംബർ 21നു കോട്ടയത്താണ് ദീപിക ജനിച്ചത്. സഞ്ജീവ്- സൂസൻ പള്ളിക്കൽ ദമ്പതികളുടെ മകളാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് ദീപികയുടെ അമ്മ സൂസൻ.
സ്‌ക്വാഷിലേക്കു വരുന്നതിനു മുമ്പ് മോഡലിങിലും ദീപിക പള്ളിക്കൽ ഒരുകൈ നോക്കിയിട്ടുണ്ട്. പിന്നീടാണ് ദീപിക ലോകം അറിയപ്പെടുന്ന സ്‌ക്വാഷ് താരമായി മാറുന്നത്. 2006ലായിരുന്നു അവർ പ്രൊഫഷണൽ സ്‌കാഷ് താരമായി മാറിയത്. ഇതുവരെ നൽകിയിട്ടുള്ള മഹത്തായ സംഭാവനകൾ പരിഗണിച്ച് ദീപികയെ രാജ്യം പത്മശ്രീ, അർജുന അവാർഡുകൾ നൽകി ആരിക്കുകയും ചെയ്തിട്ടുണ്ട്.
കോമൺവെൽത്ത് ഗെയിംസ് ഡബിൾസിൽ ഇന്ത്യക്കു വേണ്ടി സ്‌ക്വാഷിൽ സ്വർണ മെഡൽ നേടിയ താരമാണ് 30 കാരിയായ ദീപിക പള്ളിക്കൽ. ലോക ഡബിൾസ് ചാംപ്യൻഷിപ്പിൽ രണ്ടു തവണ സ്വർണം നേടാൻ ഇവർക്കു സാധിച്ചു. കൂടാതെ ഏഷ്യൻ ഗെയിംസിൽ വെള്ളിയും മൂന്നു തവണ വെങ്കലവും ദീപിക കരസ്ഥമാക്കിയിട്ടുണ്ട്.
വനിതകളുടെ ലോക സ്‌ക്വാഷ് റാങ്കിങിൽ ആദ്യ പത്തിനുള്ളിൽ ഇടം നേടിയ ആദ്യത്തെ ഇന്ത്യൻ താരം കൂടിയാണ് ദീപിക പള്ളിക്കൽ. സമ്മാനത്തുകയിലെ പക്ഷപാതത്തിൽ പ്രതിഷേധിച്ച് 2012, 15 കളിലെ സ്‌ക്വാഷ് ചാംപ്യൻഷിപ്പുകളിൽ മൽസരിക്കാൻ അവർ വിസമ്മതിച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്