കോഴിക്കോട്: കപ്പ തുരന്ന് കഴിക്കാത്തവർ തങ്ങളിൽ പെട്ടവർ അല്ലെന്ന് ഉദ്‌ബോധിപ്പിച്ച് കോഴിക്കോട് ഡിങ്കമത സമ്മേളനം നടന്നു. ഡിങ്കന്റെ അത്ഭുതപ്രവർത്തികൊണ്ട് രോഗശാന്തി ലഭിച്ചപ്പോൾ ഡിങ്കേലൂയ വിളിച്ചും മീട്ടു മുയലിന്റെ മരണത്തിന് ഇടയാക്കിയ ചക്കയെ ശത്രുവായി പ്രഖ്യാപിച്ചു കൊണ്ടുമാണ് ഡിങ്കോയിസ്റ്റുകളുടെ സമ്മേളനത്തിന് പരിസമാപ്തിയായത്. കോഴിക്കോട് നടന്ന പ്രഥമ ഡിങ്കമത സമ്മേളനം സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ കണക്കറ്റ് പരിഹസിച്ചു കൊണ്ടാണ് അവസാനമായത്. ലോകത്തെ ഏകദൈവം ഡിങ്കനാണെന്നും സമ്മേളനം ഉദ്‌ഘോഷിപ്പിച്ചു.

എല്ലാ മതങ്ങളിലും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ ആക്ഷേപഹാസ്യം കൊണ്ട് നിശിതമായി വിമർശിച്ചു കൊണ്ട് പുതുചരിത്രമെഴുതിയാണ് ഡിങ്കമത മഹാ സമ്മേളനം നടന്നത്. ഭൂമിയിലെ ഏക സത്യം ഡിങ്കോയിസമാണെന്നും പ്രപഞ്ചത്തിന് അപ്പുറത്തുനിന്നും വന്ന ഡിങ്കൻ മാനവരാശിയെ രക്ഷിക്കുമെന്നും ഉറപ്പുനൽകിയാണ് ഒരു കൂട്ടം ആളുകൾ ഡിങ്കമതമഹാസമ്മേളനം കോഴിക്കോട് സംഘടിപ്പിച്ചത്. സമ്മേളനം നടക്കുന്ന സദസിലേക്കു രാവിലെ മുതൽ തന്നെ ഡിങ്കോയിസ്റ്റുകൾ വിവിധ മേഖലകളിൽ നിന്നായി എത്തിച്ചേർന്നിരുന്നു.

പിന്നീട് എന്താണ് ഡിങ്കമതമെന്നും ഡിങ്കോയിസം കൊണ്ടുദ്യേശിക്കുന്നതെന്തെന്നും അറിയാൻ നിരവധി പേർ സമ്മേളന വേദിയിലേക്ക് എത്തി. ഇതോടെ ഡിങ്കോയിസത്തേയും ഡിങ്കമതത്തിന്റെ ഇപ്പോഴത്തെ ആവശ്യകതയേയും സമ്മേളനം വിശദമായി ചർച്ച ചെയ്തു. സമൂഹത്തിൽ നിലനിൽക്കുന്ന മത വിശ്വാസങ്ങളെ ശാസ്ത്രീയമായി വിമർശിക്കുകയും അതിൽ ഡിങ്കമതത്തെ ഉൾപ്പെടുത്തി പുതുവ്യാഖ്യാനം രൂപപ്പെടുത്തുകയും ചെയ്ത് ഡിങ്കോയിസ്റ്റുകൾ സദസിന്റെ കൈയടി നേടി. ഭൂമിയുടെ ഉൽപത്തിയും ജീവജാലങ്ങളുടെ നിലനിൽപ്പുമെല്ലാം വിശദമാക്കി അവ ഡിങ്കോയിസവുമായി ബന്ധപ്പെടുത്തി ഹാസ്യരൂപേണയാണു സമ്മേളനം നടന്നത്.

1983ൽ 'ബാലമംഗളം' ആണ് ഡിങ്കന്റെ കഥകൾ പ്രസിദ്ദീകരിച്ചു തുടങ്ങിയത്. ഇതിനാൽ ഡിങ്കോയിസത്തിന്റെ വിശുദ്ധ ഗ്രന്ഥമായാണ് ബാലമംഗളത്തെ വിശേഷിപ്പിച്ചത്. മതഗ്രന്ഥങ്ങളിലെ പല ഏടുകളുമെടുത്തു ഡിങ്കമതവുമായി താരതമ്യം ചെയ്തതും സദസിന് പുതിയ അനുഭവമായിരുന്നു.



മതങ്ങളുടെ അതിപ്രസരവും അവ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഖാതങ്ങളും വിശദമാക്കുന്ന വിധത്തിൽ 'ചക്കയേറ്' മത്സരവും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഡിങ്കമതത്തിൽ വിശ്വസിച്ച മിട്ടുമുയലിന്റെ തലയിൽ ചക്കവീഴുകയും മരിക്കുകയും ചെയ്ത സംഭവത്തെയാണു വർത്തമാനകാലത്തെ അന്ധവിശ്വാസങ്ങളുമായി ബന്ധിപ്പിക്കുന്നത്.

മിട്ടുമുയൽ മരിച്ചതോടെ ചക്കയെ ശത്രുവായി കണ്ട് കല്ലെറിയുന്ന രീതിയായിരുന്നു ഡിങ്കമതക്കാർ പിന്തുടർന്നത്. എന്നാൽ ഒരിക്കൽ ചക്കവീണു മുയൽ ചത്തെന്നു കരുതി ചക്കയെ പ്രതിസ്ഥാനത്തു നിർത്തി കല്ലെറിയേണ്ടെന്ന മുന്നറിയിപ്പു നൽകി ഡിങ്കമതക്കാർക്ക് ചക്കയോടുള്ള എതിർപ്പ് ഇല്ലാതാക്കുകയായിരുന്നു 'ചക്കയേറ്' ലക്ഷ്യമിട്ടത്.

വ്യത്യസ്തമായ പേരുകളോടെയായിരുന്നു ഡിങ്കാചാര്യന്മാർ വേദിയിലെത്തിയത്. ഡിങ്കമതത്തേയും ശാസ്ത്രീയതയേയും സംബന്ധിച്ചു ജീവോത്പത്തി പ്രകരണം എന്ന സെഷനിലൂടെ ഗുരുത്വാകർഷണ കർത്ത ശൂന്യനാമയെന്ന പേരിലാണ് ഡിങ്കാചാരി കാര്യങ്ങൾ അവതരിപ്പിച്ചത്. സർവശ്രീ ഡിങ്കശ്രീ ഭൂമിവാതിലൻ, ഡിങ്കാചാര്യ പത്തിരിവൃത്ത ചൈതന്യ, ഡിങ്കാചാരി പത്മിനി ഉപനിഷത്ത് എന്നീ പേരുകളിലായിരുന്നു ഡിങ്കമത സമ്മേളനത്തിൽ ഓരോ ഡിങ്കോയിസ്റ്റുകളും പ്രസംഗിച്ചത്. ടി.പി. വിജേഷ്, മിനോൺ, ഏണസ്റ്റ്, സോജൻ എന്നിവരും പരിപാടിയുടെ നേതൃത്വം വഹിച്ചു.

വിശ്വാസജീവിതത്തിലെ അസഹിഷ്ണുക്കളുടെ കൂട്ടായ്മയാണു ഡിങ്കമതം. ഈ കൂട്ടായ്മിൽ പേജുകളും ഗ്രൂപ്പുകളും കൂട്ടായ്മകളുമായി ആയിരക്കണക്കിന് ഫേസ്‌ബുക്ക് ഫോളോവേഴ്‌സാണിന്നുള്ളത്. നടന്മാർ, രാഷ്ട്രീയക്കാർ, സെലിബ്രിട്ടികൾ അടക്കെ പലരും ഡിങ്കോയിസ്റ്റുകളുടെ സഹയാത്രികരാണ്.