മസ്‌കത്ത്: ജോലി ഉപേക്ഷിച്ച് പോകുന്നവർക്ക് വിസാ നിരോധനവും, ഫ്രീ വിസാക്കാർക്കെതിരെ നടപടി സ്വീകരിച്ചും വിസാ നിയമങ്ങൾ കർശനമാക്കിയതോടെ ഒമാനിലെ പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ കുറവ്. ജൂലൈയെ അപേക്ഷിച്ച് ആഗസ്റ്റിൽ പ്രവാസി ജീവനക്കാർ 3,236 പേർ കുറഞ്ഞ് 1,541,430 ആയതായി നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകൾ പറയുന്നു.

ഇതിൽ പുരുഷന്മാരുടെ എണ്ണം 13,67,360ഉം സ്ത്രീകളുടെ എണ്ണം 1,74,070 ഉം ആണ്. കുടുംബവുമായി താമസിക്കുന്ന പ്രവാസികളുടെ എണ്ണമാകട്ടെ 0.7 ശതമാനം കുറഞ്ഞ് 233,644 ൽ നിന്ന് 232,094 ആയി.

സർക്കാർ ജീവനക്കാരുടെ എണ്ണം 358 പേർ വർധിച്ച് 57,527 ആയി. സ്വകാര്യ ജീവനക്കാരുടെ എണ്ണമാകട്ടെ 2044 പേർ കുറഞ്ഞ് 1,251,809 ആയി. 87 ശതമാനം പ്രവാസികളും ഇന്ത്യ, ബംഗ്‌ളാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. 1,336,533 ആണ് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം. പ്രവാസികളിൽ 2.4 ശതമാനം ഇതോപ്യക്കാരും 2.2 ശതമാനം ഇന്തോനേഷ്യക്കാരും രണ്ട് ശതമാനം ഫിലിപ്പിനോകളും 1.5 ശതമാനം ഈജിപ്തുകാരുമാണ്.