സിഡ്‌നി: രാജ്യത്തെ പ്രോപ്പർട്ടി മാർക്കറ്റിൽ പൊതുവേ മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ. ഡിസംബർ പാദത്തിൽ വെറും 0.2 ശതമാനം മാത്രമാണ് വീടു വില വർധന രേഖപ്പെടുത്തിയത്. അതേസമയം സിഡ്‌നി വീടുവിലയിൽ ഗണ്യമായ ഇടിവു രേഖപ്പെടുത്തി കഴിഞ്ഞു.

നിലവിൽ സിഡ്‌നി മാർക്കറ്റാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്നതെന്നാണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ പാദത്തിൽ 1.6 ശതമാനം ഇടിവാണ് വീടുവിലയിൽ ഉണ്ടായിട്ടുള്ളത്. ഡാർവിനിൽ വീടുവില 1.8 ശതമാനം രേഖപ്പെടുത്തിയതിനെക്കാൾ നേരിയ വർധന മാത്രമാണ് സിഡ്‌നിയിൽ ഉണ്ടായിട്ടുള്ളത്. 2012 മാർച്ചിനു ശേഷം ഇതാദ്യമായാണ് സിഡ്‌നി മാർക്കറ്റിൽ ഇത്തരത്തിലൊരു ഇടിവ് സംഭവിക്കുന്നത്.

സിഡ്‌നിയിലെ വീടുവില ഇടിവ് ഇനിയും ഇതേരീതിയിൽ തന്നെ തുടരാനാണ് സാധ്യതയെന്നാണ് ജെ പി മോർഗൻ വിലയിരുത്തുന്നത്. രാജ്യമെമ്പാടും വീടുവിലയിൽ പൊതുവേ മാന്ദ്യമാണ് അനുഭവപ്പെടുന്നതെങ്കിലും ചില മേഖലകളിൽ ഇപ്പോഴും പ്രോപ്പർട്ടി മാർക്കറ്റ് ശക്തമാണ്. കാൻബറയാണ് ഇതിൽ മുന്നിട്ടു നിൽക്കുന്നത്. വീടു വില 2.8 ശതമാനം വർധിച്ചിട്ടുണ്ട് കാൻബറയിൽ. ഹോബാർട്ടിലാകട്ടെ കഴിഞ്ഞ പാദത്തിൽ 2.5 ശതമാനമാണ് വീടുവില ഏറിയത്.
മെൽബണും ബ്രിസ്‌ബേനും ഇതേ രീതിയിൽ തന്നെ വില വർധനയാണ് സൂചിപ്പിക്കുന്നത്.

അതേസമയം പെർത്തിൽ വീടുവില ഇടിയുന്നതായാണ് സൂചന. കഴിഞ്ഞ പാദത്തിൽ 0.5 ശതമാനം വില വർധന ഉണ്ടായിരുന്നെങ്കിലും ഈ വർഷത്തെ കണക്കനുസരിച്ച് 2.9 ശതമാനം വിലയിടിവാണ് രേഖപ്പെടുത്തുന്നത്. അഡ്‌ലൈഡിൽ മുൻ പാദത്തിലെ 3.3 ശതമാനം വില വർധന അപേക്ഷിച്ച് ഈ വർഷം വെറും 0.5 ശതമാനം വില വർധനയാണ് ഉണ്ടായിട്ടുള്ളത്.