ന്യൂഡൽഹി:സുപ്രീംകോടതി ഭരണസംവിധാനത്തിനെതിരെ കലാപക്കൊടി ഉയർത്തിയ മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ലോയ കേസിലും പിടിമുറുക്കുന്നു. കേന്ദ്ര സർക്കാരിന്റേയും ബിജെപിയുടേയും പരിപൂർണ പിന്തുണ ഉറച്ചതോടെ വിവാദമായ ലോയ ദുരൂഹമരണക്കേസ് പരിഗണിക്കാൻ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ തന്നെ ചീഫ് ജസ്റ്റിസ് നിയോഗിച്ചു. ചൊവ്വാഴ്ച അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഈ കേസിൽ വാദം കേൾക്കും.

ജസ്റ്റിസ് ജസ്തി ചെലമേശ്വർ, മദൻ ബി.ലോക്കൂർ, രഞ്ജൻ ഗൊഗോയ്, കുര്യൻ ജോസഫ് എന്നിവരാണ് പ്രതിഷേധത്തിന്റെ ഭാഗമായി ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ ഭിന്നത വാർത്താസമ്മേളനം വിളിച്ച് പരസ്യമാക്കിയത്.ഏറ്റവും ഗൗരവ സ്വഭാവമുള്ള കേസുകൾ ആദ്യം ചീഫ് ജസ്റ്റിസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ഏറ്റെടുക്കുന്നില്ലെങ്കിൽ പിന്നീട് വരുന്ന ഏറ്റവും മുതിർന്ന ജഡ്ജിമാർ പരിഗണിക്കുക എന്നതാണ് സുപ്രീംകോടതി പിന്തുടരുന്ന രീതി. എന്നാൽ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി അടക്കമുള്ളവ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ സീനിയോറിറ്റിയിൽ രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ വരുന്നത് ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ്. ഇവരെ മറികടന്നാണ് അരുൺ മിശ്രയ്ക്ക് ഈ കേസ് കൊടുത്തിരിക്കുന്നത്.

സുപ്രധാനമായ കേസ് താരതമ്യേന ജൂനിയറായ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന് കൈമാറിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായ ഭിന്നതകളാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കൊല കേസിൽ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹം മരണം സംബന്ധിച്ചാണ് അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. ലോയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിന് നോട്ടീസ് അയച്ചിട്ടില്ല. കേസ് വീണ്ടും പരിഗണിക്കുന്നതിന് വേണ്ടി മാറ്റി വയ്ക്കുകയും ചെയ്തു.ഇതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ ഒരുവശത്ത് ഊർജിതമായി നടക്കുമ്പോഴാണ് മുതിർന്ന ജഡ്ജിമാരെ പാടെ അവഗണിച്ച് ലോയ കേസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ നൽകാനുള്ള തീരുമാനം.

മുമ്പ് മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ചും രൂപീകരിച്ചിരുന്നു. ബെഞ്ച് രൂപീകരണത്തിൽ ചീഫ് ജസ്റ്റിസ് ഏകപക്ഷീയ തീരുമാനമെടുക്കുന്നതായി പരസ്യമായി പറഞ്ഞ നാലു മുതിർന്ന ജഡ്ജിമാരിൽ ആരെയും ഇതിലും ഉൾപ്പെടുത്തിയിരുന്നില്ല.
ആധാർ, ശബരിമല, സ്വവർഗരതി തുടങ്ങിയ കേസുകൾ പരിഗണിക്കാനായി രൂപീകരിച്ച ബെഞ്ചിൽ, ചീഫ് ജസ്റ്റിസിനെ കൂടാതെ എ.കെ. സിക്രി, എം.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരാണുള്ളത്.