മലപ്പുറം: ഡിഫ്തീരിയ ബാധിച്ചു മലപ്പുറത്ത് ഒരു മരണം കൂടി. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് അഫ്സാഖാണ് (14) മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഡിഫ്തീരിയ ബാധിച്ച് രണ്ടുപേരാണ് മരണമടഞ്ഞത്. ഇന്നലെയാണ് രോഗത്തെ തുടർന്ന് അവശനിലയിൽ അഫ്സാഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

അതേസമയം ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. നേരത്തെ താനൂർ സ്വദേശിയായ മുഹമ്മദ് അമീനാണ് ഡിഫ്തീരിയ ബാധിച്ച് മരിച്ചിത്. കഴിഞ്ഞ വർഷവും രണ്ട് കുട്ടികൾ മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നിരന്തരം സംഘടിപ്പിച്ച് വരികയായിരുന്നു.

എന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രചാരണങ്ങളും വ്യാപകമായത് വാക്സിനേഷന് തടസമായിരുന്നു. ഡിഫ്തീരിയ ബാധയെ തുടർന്ന് രണ്ടാമതൊരു മരണം കൂടീ ഉണ്ടായ സാഹചര്യത്തിൽ താനൂർ മുനിസിപ്പാലിറ്റിയിൽ പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതമാക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. പത്തു ദിവസത്തിനകം താനൂർ മുനിസിപ്പാലിറ്റിയിലെ മുഴുവൻ സ്‌കൂളുകളിലും എത്തി പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവരെ കണ്ടെത്തി മരുന്ന് നൽകാനാണ് ആദ്യ നീക്കം. ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും ഇതിനായി താനൂരിലെത്തും. തുടർന്ന് മറ്റിടങ്ങളിലേക്കും പ്രതിരോധ പ്രവർത്തനങ്ങൾ നീട്ടുമെന്ന് അധികൃതർ അറിയിച്ചു.