- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അറസ്റ്റിലായ കനേഡിയൻ മുൻ നയതന്ത്രജ്ഞൻ മൈക്കൽ കോവ്റിഗിന്റെ വിചാരണ ചെയ്യാനൊരുങ്ങി ചൈന; നടപടി കാനഡയുടെ പ്രതിഷേധം വകവെക്കാതെ
ബെയ്ജിങ്ങ്: കാനഡയുടെ പ്രതിഷേധം വകവെക്കാതെ ചൈനയിൽ അറസ്റ്റിലായ കനേഡിയൻ മുൻ നയതന്ത്രജ്ഞൻ മൈക്കൽ കോവ്റിഗിന്റെ വിചാരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനൊരുങ്ങി ചൈന. 2018 ഡിസംബറിൽ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് മൈക്കൽ കോവ്റിഗിനെ ചൈന തടവിലാക്കിയത്. കാനഡയിലെ വാൻകൂവറിൽ യുഎസിലെ കുറ്റത്തിന് വാവെയ് എക്സിക്യൂട്ടീവ് മെങ് വാൻചൗവിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തുണ്ടായിരുന്ന മൈക്കൽ കോവ്റിഗിനെയും മൈക്കിൾ സ്പേവറെയും രാജ്യദ്രോഹകുറ്റം ചുമത്തി ചൈന തടവിലാക്കിയത്. ബിസിനസുകാരനും ഉത്തര കൊറിയയിലേക്കു യാത്ര സംഘടിപ്പിക്കുന്നയാളുമാണ് മൈക്കിൾ സ്പേവർ. ബിസിനസ് വീസയിൽ രാജ്യത്ത് എത്തിയ കോവ്റിഗ് നയതന്ത്ര രഹസ്യങ്ങൾ ചോർത്തിയന്നാണ് ചൈനയുടെ ആരോപണം. മൈക്കിൾ സ്പേവറിന്റെ വിചാരണ നടപടികൾ കഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയാക്കിയിരുന്നു. മൈക്കിൾ സ്പേവർ കുറ്റക്കാരനാണെന്നു വിധിച്ച വിചാരണ കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റി വച്ചു.
അജ്ഞാത സ്ഥലത്ത് താമസിപ്പിച്ചിരിക്കുന്ന കോവ്റിഗിനെ ദിവസവും മൂന്നു നേരം ചോദ്യം ചെയ്യുന്നതായും രാത്രിയിൽ ഉറങ്ങുന്ന സമയത്തു പോലും മുറിയിലെ വെളിച്ചമണക്കാൻ അനുവദിക്കില്ലെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. നയതന്ത്ര പ്രതിനിധികളെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കുന്നില്ലെന്നും മൈക്കൽ കോവ്റിഗിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിയമപരമായ അവകാശങ്ങളെല്ലാം ചൈന നിഷേധിക്കുന്നുവെന്ന് കാനഡ ശക്തമായി പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.
ചൈന ബോധപൂർവ്വം തങ്ങളുടെ പൗരന്മാർക്ക് നയതന്ത്ര സഹായം നിഷേധിക്കുന്നതായി കനേഡിയൻ നയതന്ത്രജ്ഞൻ ജിം നിക്കേൽ ആരോപിച്ചു. ബെയ്ജിങ്ങിലുള്ള കാനേഡിയൻ എംബസിയുടെ ഡെപ്യൂട്ടി ചീഫാണ് ജിം നിക്കേൽ. വിചാരണകോടതിയിലേക്കു പ്രവേശിക്കാനുള്ള നയതന്ത്ര പ്രതിനിധികളുടെയും മാധ്യമപ്രവർത്തകരുടെയും നീക്കം പൊലീസ് തടഞ്ഞതിനു ശേഷമാണ് ആരോപണവുമായി ജിം നിക്കേൽ രംഗത്തെത്തിയത്. വാവെയ് എക്സിക്യൂട്ടീവ് മെങ് വാൻചൗവിനെ അറസ്റ്റിനു പ്രതികാരമായിട്ടാണ് കാനേഡിയൻ പൗരന്മാരെ ചൈന അറസ്റ്റ് ചെയ്തതെന്നായിരുന്നു ഉയരുന്ന പ്രധാന ആരോപണം.
ഇറാനിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുമായി വാവെയ്ക്ക് കുറ്റകരമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന ആരോപണത്തെ തുടർന്ന് 2018 ഡിസംബർ ഒന്നിനാണ് മെങ് വാൻചൗവിനെ വാൻകൂവർ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. യുഎസ് ഭരണകൂടത്തിന്റെ വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു മെങ് വാൻചൗവിനെ പിടികൂടിയത്. മെങ് ചൗവിന്റെ അറസ്റ്റിനു പിന്നാലെ 2018 ഡിസംബർ 17 ന് മൈക്കൽ കോവ്റിഗിനെയും സ്പേവറെയും ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്തു.
മൈക്കൽ കോവ്റിഗ് ഉൾപ്പെെടയുള്ളവരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലേക്കു പോകുന്നവർ യാത്രയുടെ കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്ന് 2020 ഡിസംബർ 17ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഒരു യാത്രാ മുന്നറിയിപ്പു പുറപെടുവിച്ചിരുന്നു. പ്രാദേശിക നിയമങ്ങൾ ചൈന ഏകപക്ഷീയമായി നടപ്പാക്കുകയാണെന്നും ചൈനയിൽ എത്തുന്ന പൗരന്മാരെ കൃത്യമായ നിയമനടപടികളില്ലാതെ അനധികൃതമായി തടങ്കലിൽ വയ്ക്കുക, പുറത്തേക്കു പോകുന്നത് തടയുക (എക്സിറ്റ് ബാൻ), ചൈനീസ് സർക്കാരിന്റെ അന്വേഷണത്തിൽ നിർബന്ധിതമായി ഉൾപ്പെടുത്തുക എന്നിവ പതിവാണെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. ബിസിനസ് തർക്കങ്ങളിൽ ചൈനീസ് പൗരന്മാർക്ക് അനുകൂലമായ തീരുമാനം എടുപ്പിക്കുക, വിദേശ രാജ്യങ്ങളുമായി വിലപേശലിന് അവസരമുണ്ടാക്കുക തുടങ്ങിയവയാണ് ചൈനയുടെ ലക്ഷ്യമെന്നും യുഎസ് ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ