കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസിൽ അകത്തായ ദിലീപ് റിമാൻഡിൽ ആയ ആദ്യസമയത്തുതന്നെ സിനിമയിലെ പല പ്രമുഖരും ദിലീപിനെ കാണാൻ ജയിലിൽ എത്തിയിരുന്നു. എന്നാൽ ഇക്കാര്യം ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ ആരും അറിഞ്ഞില്ലെന്നുമാത്രം. ദിലീപിന് സന്ദർശകരായി എത്തിയവരിൽ പലരും സംവിധായകരായിരുന്നു. ദിലീപിനെ കണ്ട് പൊട്ടി കരഞ്ഞ ഇവരെയൊക്കെ സമാധാനിപ്പിച്ച വിട്ടതും ദിലീപ് തന്നെ.

സംവിധായകരായ ജോഷി, ലാൽ ജോസ്, ജോണി ആന്റണി എന്നിവർ വളരെ നേരത്തെ തന്നെ ദിലീപിനെ സന്ദർശിച്ചിരുന്നു. തിരക്കഥാകൃത്ത് സിബി കെ. തോമസും (ഉദയകൃഷ്ണ സിബി കെ തോമസ് ടീം) ദിലീപിനെ ജയിലിൽ സന്ദർശിച്ചിരുന്നു. ജയിലിലെത്തിയ മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി ദിലീപിനെ കണ്ടയുടൻ പൊട്ടിക്കരഞ്ഞുപോയി. മകൾ മരിചപ്പോൾ പോലും നിയന്ത്രണം വിടാതിരുന്ന ജോഷിയുടെ സങ്കടം കണ്ട് ദിലീപും കരഞ്ഞുപോയി.

ഉറ്റ സുഹൃത്തായ ലാൽ ജോസും ദിലീപിനെ കണ്ട് വിങ്ങിപ്പൊട്ടി. എന്നാൽ ദിലീപ് തികച്ചും നിർവികരാനായിരുന്നുവെന്നു മാത്രമല്ല, ലാലുവിനെയും ജോഷിസാറിനെയും ആശ്വസിപ്പിക്കുക കൂടി ചെയ്തു. താൻ വിമാനാപകടത്തിൽ കൊല്ലപ്പെടും എന്ന് ഒരു ജ്യോത്സ്യൻ പ്രവചിച്ചിരുന്നുവെന്നും അത്രയ്‌ക്കൊന്നും ഉണ്ടായില്ലല്ലോ എന്നോർത്ത് ആശ്വസിക്കുകയാണെന്നും ദിലീപ് പറഞ്ഞു. നിങ്ങൾ പാവം അമ്പിളിച്ചേട്ട(ജഗതി)നെപ്പറ്റി ഓർത്തു നോക്കൂ. അല്ലെങ്കിൽ സുഖമില്ലാത്ത

ഇന്നസെന്റ് ചേട്ടനു വേണ്ടി പ്രാർത്ഥിക്കൂ എന്നാണ് ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമാണ്. എത്ര ശ്രദ്ധിച്ചാലും ആപത്തുണ്ടാവും. അങ്ങനെ കരുതിയാൽ മതി എന്നായിരുന്നു ദിലീപിന്റെ ഉപദേശം. താൻ കുറ്റം ചെയ്‌തെങ്കിലല്ലേ ദുഃഖിക്കേണ്ടതുള്ളു. അതു ചെയ്യാത്തതിനാൽ ദുഃഖമില്ലെന്നും ദിലീപ് പറഞ്ഞു.

ഇതു കഴിഞ്ഞാണ് സംവിധായകൻ രഞ്ജിത്തും നടൻ സുരേഷ്‌കൃഷ്ണയും ഒരുമിച്ച് ദിലീപിനെ സന്ദർശിച്ചത്. ഇതോടെയാണ് മാധ്യമങ്ങൾ സന്ദർശനങ്ങളുടെ വിവരം തന്നെ അറിയുന്നത്. ''ജയിലിൽ കിടന്നാലെന്താ, രഞ്ജിത്തേട്ടനെ ഇവിടെ വരെ എത്തിക്കാൻ കഴിഞ്ഞല്ലോ''എന്നു പറഞ്ഞാണ് ദിലീപ് രഞ്ജിത്തിനെ സ്വീകരിച്ചത്.

തുടർന്ന് ജയറാം, ഹരിശ്രീ അശോകൻ, ഗണേശ്‌കുമാർ തുടങ്ങിയവർ കൂടി എത്തിയതോടെയാണ് സംഭവം വിവാദമായതും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും.