തിരുവനന്തപുരം: സംവിധായകൻ അജയൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'പെരുന്തച്ചൻ' എന്ന ഒറ്റ സിനിമയുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ അജയ് വിഖ്യാത നാടകകാരൻ തോപ്പിൽ ഭാസിയുടെയും അമ്മിണിയമ്മയുടേയും മകനാണ്.ഡോ.സുഷമയാണ് ഭാര്യ. പാർവ്വതി, ലക്ഷ്മി എന്നിവരാണ് മക്കൾ. സംസ്‌കാരം നാളെ നടക്കും.

1990ൽ പുറത്തിറങ്ങിയ പെരുന്തച്ചന്റെ രചന എം ടി വാസുദേവൻ നായരുടേതാണ്. പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അരവിന്ദൻ, കെ ജി ജോർജ്, ഭരതൻ, പത്മരാജൻ, എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.അഡയാർ ഫിലിം ടെക്‌നോളജിയിൽ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയൻ അച്ഛൻ തോപ്പിൽ ഭാസിയ്‌ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തനം തുടങ്ങി. ഭരതനും പത്മരാജനും ഒപ്പം പ്രവർത്തിച്ചു. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

കേവലം 57 ദിവസംകൊണ്ടാണ് പെരുന്തച്ഛന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു സിനിമയ്ക്ക് 50-60 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന അക്കാലത്ത് പെരുന്തച്ചന് ചെലവായത് വെറും 32 ലക്ഷവും.ഭാവചിത്രയുടെ ബാനറിൽ ജയകുമാർ നിർമ്മിച്ച് തിയേറ്ററുകളിലെത്തിച്ച പെരുന്തച്ചൻ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി. ഏറ്റവും മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരം അജയന് ഈ ചിത്രം നേടിക്കൊടുത്തു.

മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി തിലകന് ലഭിക്കുന്നത് ഈ ചിത്രത്തിലെ പ്രകടനത്തിനാണ്. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച കലാസംവിധാനം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടി.പെരുന്തച്ചൻ നൂറും നൂറ്റിഅൻപതും ദിവസം പിന്നിട്ട് കേരളത്തിലങ്ങോളമിങ്ങോളം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.