തിരുവനന്തപുരം: ഐഎഫ്ഡിസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നിയമിക്കുന്നതായി വാർത്ത പുറത്തുവന്നതോടെ വിവാദങ്ങളും അദ്ദേഹത്തിന് പിന്നാലെയെത്തി. സുരേഷ് ഗോപിയുടെ നിസ്സഹകരണം കാരണം 2009ൽ പൂർത്തിയാക്കിയ സിനിമ റിലീസ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയത് സംവിധായകൻ അനീഷ് വർമ്മയാണ്. സുരേഷ് ഗോപി നായകനായ കാവ്യം എന്ന സിനിമയാണ് ഡബ്ബിങ് പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ പെട്ടിക്കുള്ളിലായത്. സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ 70 ലക്ഷം നടൻ ആവശ്യപ്പെട്ടെന്നും അനീഷ് വർമ്മ പറഞ്ഞു.

2008ൽ ആണ് സുരേഷ് ഗോപി, മനോജ് കെ ജയൻ , വിജയരാഘവൻ, നവ്യ നായർ എന്നിവരെ കേന്ദ്ര താരങ്ങളാക്കി കാവ്യം എന്ന സിനിമ അനീഷ് വർമ്മ സംവിധാനം ചെയ്യുന്നത്. 23 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി, ഏകദേശം ഒരു കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതലായി വകയിരുത്തിയത്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി സുരേഷ് ഗോപിക്ക് നിശ്ചയിച്ചിരുന്ന പ്രതിഫലം 30 ലക്ഷം രൂപയായിരുന്നു. കരാർ പ്രകാരം ചിത്രീകരണം പൂർത്തിയാക്കിയതോടെ അദ്ദേഹത്തിന് 20 ലക്ഷം രൂപ കൊടുത്തുവെന്ന് അനീഷ് പറയുന്നു.

എന്നാൽ ഇതിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് താരത്തിന് മുഴുവൻ പണവും കൊടുക്കാൻ കഴിയാത്ത വിധത്തിലായി. ബാക്കിയുള്ള പത്തുലക്ഷം നൽകിയാലേ താൻ ഡബ്ബ് ചെയ്യുകയുള്ളൂവെന്ന് സുരേഷ്‌ഗോപി അറിയിക്കുകയയിരുന്നു. ഇതിനിടെ ബാക്കിയുള്ള താരങ്ങൾ ഡബ്ബിങ് നടപടികൾ പൂർത്തിയാക്കിയെങ്കിലും പണം കിട്ടാത്തതിനാൽ സുരേഷ് ഗോപി അതിന് വിസമ്മതിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി താരത്തെ സമീപിച്ചെങ്കിലും വിട്ടുവീഴ്‌ച്ചക്ക് അദ്ദേഹം തയ്യാറായില്ലെന്നുമാണ് അനീഷിന്റെ ആരോപണം.

ഒടുവിൽ രണ്ട് വർഷം കഴിഞ്ഞ് പത്തുലക്ഷം നൽകാൻ തയാറായി സുരേഷ്‌ഗോപിയെ സമീപിച്ചു. എന്നാൽ തന്റെ ശമ്പളം കൂടിയെന്നും പത്തുലക്ഷത്തിന് പകരം എഴുപതു ലക്ഷം രൂപ തന്നാൽ മാത്രമേ താൻ ഡബ്ബ് ചെയ്യുകയുള്ളൂവെന്നുമാണ് അപ്പോൾ സുരേഷ് ഗോപി സ്വീകരിച്ച നിലപാട്. ഇതോടെ സിനിമ പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥ വരികയും ചെയ്തു.

ഒരു സിനിമ എഠുക്കാനുള്ള ആഗ്രഹം കാരണം താനിപ്പോൾ കടക്കെണിയിൽ ആണെന്നാണ് അനീഷ് പറയുന്നത്. ഒന്നരകോടിയോളം രൂപ കടംകയറിയിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ താൻ മാദ്ധ്യമങ്ങളെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി എന്ന വ്യക്തിയോട് എനിക്ക് യാതൊരു വിരോധവുമില്ല. സിനിമയുടെ ചിത്രീകരണസമയത്തൊക്കെ യാതാരു ബുദ്ധിമുട്ടുമില്ലാതെ സഹകരിച്ച ആളാണ്. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇത്രയും കടുപിടുത്തം വേണമോ എന്നാണ് അനീഷിന്റെ ചോദ്യം. ഇപ്പോഴും അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോവഴും സാധിച്ചിട്ടില്ല.

സിനിമയെ കുറിച്ച് അറിയിച്ചപ്പോൾ ഡബ്ബ് ചെയ്യാൻ എഴുപതു ലക്ഷം രൂപ വേണമെന്ന പഴയ നിലപാട് തന്നെ അദ്ദേഹം സ്വീകരിച്ചതോടെ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലായെന്നാണ് അനീഷ് പറയുന്നത്. ഇങ്ങനെയുള്ള ഒരാൾ എൻഎഫ്ഡിസിയുടെ ചെയർമാൻ സ്ഥാനത്തിരുന്നാൽ എങ്ങനെ ഇന്ത്യൻ സിനിമയെ എങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യവും അനീഷ് വർമ്മ ഉന്നയിക്കുന്നു.