- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭർത്താവിന്റെ മരണത്താൽ പാതിവഴിയിലായ സിനിമ ഏറ്റെടുത്ത് പൂർത്തിയാക്കി; തിയേറ്റർ വിട്ട് ഒടിടിയിൽ റിലീസ് ചെയ്ത 'സിദ്ധാർത്ഥൻ എന്ന ഞാൻ' കണ്ടത് വെറും ആയിരം പേർ; ടെലിഗ്രാമിലൂടെ കണ്ടത് 45,000'; ഇത്രയും പേർ ഒടിടിയിൽ കണ്ടിരുന്നെങ്കിൽ കടം വീട്ടുവാനുള്ള തുക കിട്ടിയേനെയെന്ന് സംവിധായക ആശ പ്രഭ
തിരുവനന്തപുരം: വലിയ പ്രതിസന്ധികൾ നേരിട്ട് പൂർത്തീകരിച്ച 'സിദ്ധാർത്ഥൻ എന്ന ഞാൻ' എന്ന തന്റെ സിനിമ ടെലിഗ്രാമിൽ പ്രചരിക്കുന്നതിനെതിരെ സംവിധായിക ആശ പ്രഭ. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമ ഒടിടിയിലൂടെ വെറും ആയിരം പേർ കണ്ടപ്പോൾ ടെലിഗ്രാമിലൂടെ കണ്ടത് 45000 പേരാണെന്ന് ആശ പ്രഭ തുറന്നുപറയുന്നു. ഇത്രയും പേർ ആ സിനിമ ഒടിടിയിൽ കണ്ടിരുന്നങ്കിൽ തനിക്ക് തന്റെ കടം വിട്ടുവാൻ ഉള്ള പണമെങ്കിലും ലഭിച്ചേനെയെന്നും ആശ പ്രഭ ഫേസ്‌ബുക്കിൽ കുറിച്ചു.
തന്റെ ഭർത്താവിന്റെ മരണത്തെ തുടർന്ന് പാതിവഴിയിലായ തിരക്കഥയും സിനിമയും ഏറ്റെടുത്ത് പൂർത്തിയാക്കുകയായിരുന്നു ആശ പ്രഭ. എന്നാൽ തിയേറ്ററിൽ നിന്ന് വലിയ പിന്തുണ ലഭിക്കാതിരുന്ന ചിത്രം പിന്നീട് മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയായിരുന്നു. നീ സ്ട്രീം, ലൈംലൈറ്റ്, റൂട്ട്സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
മൂന്നുവർഷങ്ങൾക്ക് മുമ്പ് സിനിമയുടെ ലോകത്ത് തിളങ്ങി നിൽക്കെ, മൺമറഞ്ഞുപോയ ഭർത്താവിന്റെ സ്വപ്നം സഫലമാക്കുക കൂടിയായിരുന്നു ആശ പ്രഭ. തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നീ സ്ട്രീം, ലൈംലൈറ്റ്, റൂട്ട്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഈ മാസം 13 പെരുനാൾ ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്.
നന്ദകുമാറിന്റെ 16 വർഷത്തെ സിനിമാ ജീവിതത്തിൽ താങ്ങും തണലുമായി പ്രവർത്തിച്ച പരിചയത്തിലാണ് അദ്ദേഹം പറഞ്ഞു വച്ച കഥ ഭാര്യയും സംവിധായികയുമായ ആശപ്രഭ സിനിമയാക്കിയത്.
മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു എന്നീ ചിത്രങ്ങളൊരുക്കിയ നന്ദകുമാർ കാവിലിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഭാര്യ ആശ പ്രഭ. ചിത്രത്തിന്റെ തിരക്കഥ നന്ദകുമാർ കാവിലിന്റേതാണ്. അത് സിനിമയായി കാണാനുള്ള ആഗ്രഹത്തിലാണ് ആശ പ്രഭ സംവിധായികയുടെ വേഷം അണിഞ്ഞത്. ഹൃദയാഘാതമാണ് നന്ദകുമാറിന്റെ ജീവൻ കവർന്നത്. സിനിമ മേഖലയിൽ നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആ സൗഹൃദങ്ങൾ തന്നെ ആണ് ആശ പ്രഭയക്ക് സംവിധാന രംഗത്തേക്ക് കടന്നുവരുവാൻ പ്രചോദനം നൽകിയതും.
സിനിമയുടെ നിർമ്മാണ ഘട്ടത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടെങ്കിലും വീട്ടുകാരുടേയും സുഹൃത്തുകളുടേയും പിന്തുണയോടെ സിനിമ പൂർത്തിയാകുകയായിരുന്നു. 2019 മെയ് 17ന് തീയേറ്ററുകളിലെത്തിയെങ്കിലും സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കൊടുവിൽ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.
സിദ്ധാർത്ഥൻ എന്ന ഞാൻ, ഒരു നാട്ടിൻ പുറത്തുകാരന്റെ ജീവിത കഥയാണ് പറയുന്നത്. ഇതിനോടകം തന്നെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ആസ്വാദക മനസുകൾ കീഴടക്കി മുന്നേറുന്നു. ചിത്രത്തിൽ പുതുമുഖമായ അതുല്യ പ്രമോദാണ് നായിക.
ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ, വിജയൻ കാരന്തൂർ , ശരത് കോവിലകം, നന്ദ കിഷോർ, വിനോദ് നിസാരി, രജീഷ്, പപ്പൻ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണൻ, ശാരദ, രുദ്ര കൃഷ്ണൻ, അനശ്വര പി അനിൽ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിദ്ധാർത്ഥൻ എന്ന ഞാൻ എന്ന എന്റെ സിനിമ വളരെ സന്തോഷത്തോടും അഭിമനത്തോടും കൂടിയാണ് മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമിലായി നിങ്ങളുടെ മുന്നിൽ എത്തിച്ചത് ഇത്ര പ്രതികൂലമായ സാഹചര്യമായിട്ടു പോലും എന്നെ അറിയുന്ന പല സുഹ്യത്തുക്കളും സിനിമ കാണുകയും നല്ല അഭിപ്രായങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു സന്തോഷം തോന്നിയ നിമിഷം പക്ഷെ അത് അധികം നീണ്ടുനിന്നില്ല കാരണം എന്ത് എന്ന് അല്ലേ എന്റെ സിനിമ പ്ലാറ്റ്‌ഫോമിലൂടെ കണ്ടത് ആയിരങ്ങൾ ആണങ്കിൽ അത് പിറ്റെ ദിവസം തന്നെ ടെലിഗ്രാം മിൽ വരുകയും പതിനായിരങ്ങൾ കാണുകയും ചെയ്തുചുരുക്കി പറഞ്ഞാൽ ഇതുവരെ 44 ലിങ്ക് ഡിലിറ്റ് ചെയ്തു അത് ഡൗൺലോട് ചെയ്തത് 45000 അധികം കടന്നു. ഇത്രയും പേർ ആ സിനിമ മൂന്ന് ഒടിടി യിൽ എതിൽ എങ്കിലും ഒന്നിൽ കണ്ടിരുന്നങ്കിൽ എനിക്ക് എന്റെ കടം വിട്ടുവാൻ ഉള്ള തുക കിട്ടിയേനെ ഇനിയെങ്കിലും ടെലിഗ്രാം ലിങ്കിൽ സിനിമ കാണുന്ന നിങ്ങൾ ഒരോ ര ത്തരും ഒന്ന് ചിന്തിക്കണം എത്ര പേരുടെ അധ്വാനത്തിന്റെ ഫലം ആണ് നിങ്ങൾ ഒറ്റ ക്ലിക്കിൽ കണ്ട് ഇല്ലാതാക്കുന്നത് സിനിമ യ്ക്ക് വേണ്ടി ഇറങ്ങി തിരിച്ച ഞങ്ങളുടെ കണ്ണിരിലൂടെ ആകരുത് നിങ്ങൾ സിനിമ കാണുന്നത് ഇത് എന്റെ സിനിമയുടെ മാത്രം ഒറ്റപ്പെട്ട സംഭവം അല്ല ഇപ്പോൾ ഇറങ്ങിയ എല്ലാ സിനിമാ കാർക്കും ഇങ്ങനെ ഒരു കണ്ണീർ കഥ പറയാനുണ്ട് എനിക്ക് നിങളോട് ഒരോരത്തരോടും പറയാൻ ഒന്നോ ഉള്ളു നിങ്ങൾ സ്വയം തീരുമാനം എടുക്കണം ഞാൻ ആയിട്ട് ഒരു സിനിമാക്കാരുടെയും കണ്ണീർ വീഴിക്കില്ല എന്ന് എന്നാൽ മാത്രമേ ഇതിന് ഒരു പരിഹാരം കാണാൻ നമുക്ക് പറ്റു
ന്യൂസ് ഡെസ്ക്