ലണ്ടൻ: ഇക്കഴിഞ്ഞ ഏപ്രിൽ 28 മുതൽ കേരളത്തിലെ പൊലീസ് ആരംഭിച്ച നട്ടം തിരിയൽ ഇന്നലെയാണ് അവസാനിച്ചത്. പല വിധ അക്രമവും കൊലപാതകവും കണ്ടിട്ടുള്ള നാട്ടിൽ പെരുമ്പാവൂരിലെ പെൺകുട്ടി ജിഷ കൊല്ലപ്പെട്ടതിനു സമാനമായ തരത്തിൽ കൊടിയ പീഡനവും ക്രൂരതയും ഏറ്റുവാങ്ങിയ ഒരു സംഭവം മുൻപെങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതാണ് പൊലീസിനെ പ്രധാനമായും കുഴക്കിയത്. നാടെങ്ങും അരിച്ചു പെറുക്കിയുള്ള അന്വേഷണം തുടക്കം മുതൽ നാട്ടുകാരെയും അന്യ സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചായിരുന്നു.

എന്നാൽ അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പൊലീസ് ഇരുട്ടിൽ തപ്പുന്ന അവസ്ഥയായി. ഇതിനാലാണ് ആയിരക്കണക്കിന് ആളുകളെ ചോദ്യം ചെയ്തതും വിരലടയാള പരിശോധന നടത്തിയതും 28 ലക്ഷം ഫോൺ കോളുകൾ പരിശോധിച്ചതും ഒക്കെ. ഒടുവിൽ കഴിഞ്ഞ വർഷം നാദിർഷ ആദ്യമായി സംവിധാനം ചെയ്ത സിനിമ അമർ അക്‌ബർ ആന്റണിയിൽ പറയുന്ന കാര്യങ്ങൾ സത്യമായതിലുള്ള ആശങ്കയാണ് മലായളികൾ പങ്കുവെക്കുന്നത്.

നാട്ടിൽ അന്യസംസ്ഥാനക്കാർ നിറയുമ്പോൾ അവരിൽ അക്രമ വാസനയുള്ളവർ എത്തുന്നത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇക്കാര്യമായിരുന്നു നാദിർഷായുടെ സിനിമാ വിഷയം. ലൈംഗിക കുറ്റകൃത്യ വാസനയുള്ള അന്യ സംസ്ഥാന തൊഴിലാളി പെൺകുഞ്ഞുങ്ങളെ കേന്ദ്രീകരിച്ചു നടത്തുന്ന പീഡന കൊലപാതകവും സമൂഹം എങ്ങനെ അതിനോട് പ്രതികരിക്കുന്നു എന്നതുമാണ് നാദിർഷ ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചത്.

ഉള്ളിൽ നൊമ്പരവും അമർഷവും അടക്കി മാത്രം കാണികൾക്ക് തിയറ്റർ വിടാൻ കഴിയുന്ന തരത്തിൽ മികച്ച കയ്യടക്കം കാട്ടിയ ചിത്രത്തിന് നിറഞ്ഞ പ്രേക്ഷക ശ്രദ്ധയും ലഭിച്ചു. ഇപ്പോൾ ജിഷ കൊലപാതകത്തിന്റെ അന്വേഷണ പരിസമാപ്തി നാദിർഷയുടെ ചിത്രം പോലെ ആയതിനും ദീർഘവീക്ഷണത്തോടെ ഇത്രയും കരുത്തുള്ള പ്രമേയം തയ്യാറാക്കാൻ പറ്റിയത്തിനും സിനിമ നൽകിയ മുന്നറിയിപ്പ് മലയാളിക്ക് തിരിച്ചറിയാൻ പറ്റാത്തതും ഒക്കെയാണ് ഇന്നലെ സോഷ്യൽ മീഡിയ പ്രധാനമായും ചർച്ച ചെയ്തത്.

തന്റെ സിനിമയിൽ ചൂണ്ടിക്കാട്ടിയ വിഷയം ചെറുതല്ലെന്ന് മലയാളികളെ ബോധിപ്പിക്കാൻ സാധിച്ചു എന്നതിന്റെ ചാരിധാർത്ഥ്യത്തിലാണ് നാദിർഷാ. ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ലണ്ടനിൽ എത്തിയ വേളയിൽ നാദിർഷാ ഇക്കാര്യം മറുനാടൻ മലയാളിയോട് തുറന്നു പറയുകയും ചെയ്തു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ നാദിർഷ പറഞ്ഞ മറുപടി: 'എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ഇതിനെക്കാൾ വലിയൊരു അംഗീകാരം ഉണ്ടോ? ജിഷ വധക്കേസിൽ അന്യ സംസ്ഥാന തൊഴിലാളി പ്രതി ആയതു മാത്രമല്ല സിനിമയിലൂടെ തിരിച്ചറിയാൻ പറ്റിയ കാര്യം.

സിനിമയിൽ വളരെ മാന്യനായി ജീവിക്കുന്ന, മറ്റുള്ളവർക്ക് മാതൃക കാട്ടുന്ന രമേഷ് പിഷാരടിയുടെ കഥാപാത്രം ഒടുവിൽ വീടിനു മുകളിൽ കഞ്ചാവ് വളർത്തിയത്തിനു പൊലീസ് പിടിയിൽ ആകുന്ന രംഗം ഉണ്ട്. ഇതേ സംഭവവും അടുത്തിടെ കേരളത്തിൽ യഥാർത്ഥ്യമായി.'' ഇക്കാര്യങ്ങൾ ആസൂത്രിതമായി, സംഭവിക്കുമോ എന്ന ധാരണയിൽ ചിത്രീകരിച്ചത് അല്ലെന്നും കൂടി നാദിർഷ കൂട്ടി ചേർത്ത്.

തന്റെ സിനിമകളും കോമഡി ഷോകളും കാണാൻ വരുന്നവർ മസിലു പിടിച്ചു വരരുതെന്നാണ് നാദിർഷായ്ക്ക് പറയാനുള്ളത്. അധികം മസിലു പിടുത്തം ഇല്ലാത്ത ജനത്തിന്റെ നടുവിൽ നിന്ന് അവരുടെ മനസ് അറിഞ്ഞുള്ള ഒരു ഷോ അവതരിപ്പിക്കുന്നതാണ് തന്റെ ശൈലി. സിനിമയിലും കോമഡിയിലും ഇതാണ് താൻ ചിത്രീകരിച്ചതെന്നാണ് നാദിർഷാ വ്യക്തമാക്കുന്നത്. ലണ്ടനിൽ കോമഡി ഷോയ്ക്കാതി എത്തിയ ടീമിൽ അതിപ്രഗൽഭരല്ല, എന്നാൽ ആരും മോശക്കാരല്ല. കറക്റ്റ് മിക്സിങ് ആണ്. പാട്ടിനു പാട്ട്, കോമഡിക്ക് കോമഡിയുണ്ടെന്നും നാദിർഷാ വ്യക്തമാക്കി.

തന്റെ കോമഡി ഷോ കാണാൻ എത്തുന്നവർക്ക് ഒരു ശ്രീനിവാസൻ തമശ പടം, അല്ലെങ്കിൽ ഒരു വിനീത് ചിത്രം കാണുന്ന ലാഘവത്തോടെ മനസ് നിറഞ്ഞു തിരികെ വീട്ടിൽ പോകാം'' ഇതാണ് യുകെയിലെ കോമഡി ഷോയെ കുറിച്ച് അദ്ദേഹം പറഞ്ഞത്. നാദിർഷ, വിനീത്, വൈക്കം വിജയലക്ഷ്മി, പാഷാണം ഷാജി, രഞ്ജിനി ജോസ്, വിനോദ് വെഞ്ഞാറംമൂട് എന്നിവരാണ് കോമഡി ഷോയക്കായി യുകെയിൽ എത്തിയത്.