തിരുവനന്തപുരം: സിനിമാ-സീരിയൽ സംവിധായകൻ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യ നാരായണൻ ആത്മഹത്യ ചെയ്ത നിലയിൽ. ശനിയാഴ്ച രാവിലെയാണ് പുളിയറക്കോടം മൈലാടി അങ്കൺവാടിക്ക് സമീപത്തെ വീട്ടിൽവച്ച് ശരണ്യ ജീവനൊടുക്കാൻ ശ്രമിച്ചത്. രാവിലെ പത്തുമണിയോടെ ബാത്ത് റൂമിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. തൂങ്ങിയ നിലയിൽ കണ്ടതോടെ രഞ്ജിത് താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് രഞ്ജിത്തിന്റെ സുഹൃത്തുക്കൾ വ്യക്തമാക്കി.

കെ കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി എന്ന സീരിയലിലും മഴവിൽ മനോരമയിലെ സിബിഐ ഡയറി എന്ന പരിപാടിയിലും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് രഞ്ജിത്ത് മൗക്കോട് ഇപ്പോൾ. ഇവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തും ശരണ്യയും തലസ്ഥാനത്തേക്ക് താമസത്തിന് എത്തുന്നത്.

സാമ്പത്തികമായ ചില പ്രശ്‌നങ്ങളും അതേച്ചൊലി ഉണ്ടായ വഴക്കുമാണ് ശരണ്യ നാരായണനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി വിളപ്പിൽശാല പൊലീസ് മറുനാടനോട് വ്യക്തമാക്കി. രണ്ടു മക്കളാണ് കണ്ണൂർ സ്വദേശികളായ ഈ ദമ്പതികൾക്ക് ഉള്ളത്. ആറുവയസ്സുകാരി അദ്രിമയും രണ്ടുവയസ്സുകാരി അദിത്രിയും.

സീരിയലുകൾക്ക് പുറമെ സ്വതന്ത്രമായി സിനിമയും ചെയ്തിട്ടുണ്ട് രഞ്ജിത്ത്. ചില പരസ്യ ചിത്രങ്ങളും സ്വന്തമായി ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ടോടെ ശരണ്യയുടെ മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി. പയ്യന്നൂരുകാരിയാണ് ശരണ്യ നാരായണൻ. രഞ്ജിത്ത് കണ്ണൂർ ചെറുപുഴ സ്വദേശിയാണ് രഞ്ജിത് മൗക്കോട്.