ലഡാക്: സിനിമാ ചിത്രീകരണത്തിന് ലഡാക്കിലെത്തിയ യുവസംവിധായകൻ അതിശൈത്യത്തെ തുടർന്ന് മരിച്ചു. സാജൻ സമായ എന്നറിയപ്പെടുന്ന സാജൻ കുര്യനാ(33)ണ് മരിച്ചത്.

ഷൈൻ ടോം ചാക്കോ നായകനാകുന്ന ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് സാജൻ ലഡാക്കിൽ എത്തിയത്. സാജന്റെ സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്‌കാരമാണിത്.

ലഡാക്കിലെ ഇപ്പോഴത്തെ താപനില മൈനസ് 24 ഡിഗ്രിയാണ്. അതിശൈത്യം മൂലം തളർന്നുവീണ സാജനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലായവേളയിലാണ് സംവിധായകൻ മരിച്ചത്. സിനിമയിൽ വേഷം ചെയ്ത ജോയ് മാത്യു കഴിഞ്ഞ ദിവസം ഷൂട്ടിങ് പൂർത്തിയാക്കി ലഡാക്കിൽ നിന്ന് മടങ്ങിയിരുന്നു. തൃശൂർ സ്വദേശിയായ സാജൻ നേരത്തെ ഏതാനും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല. ദി ലാസ്റ്റ് വിഷൻ, ജഗദീഷും പശുപതിയും നായകരായ ഡാൻസിങ് ഡെത്ത് എന്നീ ചിത്രങ്ങളാണ് നേരത്തെ സാജൻ സംവിധാനം ചെയ്തത്.

മലയാള സിനിമയിൽ പുതു പരീക്ഷണവുമായെത്തിയ ത്രില്ലർ ചിത്രമാണ് ഡാൻസിങ്ങ് ഡെത്ത്. 2014ൽ മലയാള സിനിമയിൽ ആദ്യമായി ഒരു വൈദികനെ മുഴുനീള കഥാപാത്രമാക്കി ക്രിസ്തുമസ് കേക്ക് എന്ന സിനിമ സംവിധാനം ചെയ്തു. ലോകത്തിലെ ആദ്യ നിശബ്ദ സിനിമയായ 'ഗോ ഡോഗ്' സംവിധാനം ചെയ്തത് സാജൻ കുര്യനാണ്.