കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശശിശങ്കർ അന്തരിച്ചു. കോലഞ്ചേരിക്കു സമീപം പാങ്കോടുള്ള വീടിനുള്ളിൽ അബോധാവസ്ഥയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാവിലെ ഒമ്പതോടെയാണു വീടിനുള്ളിൽ അദ്ദേഹം കുഴഞ്ഞുവീണത്. മൃതദേഹം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചെന്നൈയിലുള്ള മകൻ വന്നശേഷം അന്ത്യകർമങ്ങൾ നടക്കുമെന്നാണു റിപ്പോർട്ട്.

നാരായം എന്ന ചിത്രത്തിലൂടെ 1993ൽ സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സംവിധായകനാണു ശശിശങ്കർ. ദിലീപ് എന്ന നടനെ ജനപ്രിയനാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിന്റെയും സംവിധായകനാണ് അദ്ദേഹം.

പുന്നാരം, മന്ത്രമോതിരം, ഗുരു ശിഷ്യൻ, മിസ്റ്റർ ബട് ലർ, സർക്കാർ ദാദ എന്നിവയാണു മറ്റു മലയാള ചിത്രങ്ങൾ. പേരഴകൻ, പഗഡൈ പഗഡൈ എന്നീ തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കുഞ്ഞിക്കൂനന്റെ തമിഴ് റീമേക്കായിരുന്നു പേരഴകൻ. സൂര്യയും ജ്യോതികയുമാണു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

മിസ്റ്റർ ബട്‌ലർ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ രചനയിലായിരുന്നു അദ്ദേഹം. പി എ ബക്കറുടെ സംവിധാന സഹായിയാണു തുടക്കം.

ബീനയാണ് ഭാര്യ, വിഷ്ണു, മീനാക്ഷി എന്നിവർ മക്കളാണ്.