തിരുവനന്തപുരം: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് ഏതാനും ആഴ്‌ച്ചകളായി ലോകത്തെങ്ങും ചർച്ച. ഷാർലെ എബ്ദോയ്ക്ക് വേണ്ടി ശബ്ദമുയർത്തിയവരുടെ കൂട്ടത്തിൽ മലയാളികളുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് സംഘപരിവാറുകാരുടെ ഭീഷണിയെ തുടർന്ന് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുഗൻ എഴുത്തുപേക്ഷിച്ച വാർത്ത സൈബർ ലോകത്ത് സജീവ ചർച്ചക്ക് ഇടയാക്കിയത്. ഇങ്ങനെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ നടക്കുന്നതിനിടെ മലയാള സിനിമ സംവിധായകൻ കമലിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ വിനയൻ രംഗത്തെത്തി. മലയാള സിനിമയിൽ നിന്നും തന്നെ മാറ്റി നിർത്തിയവരുടെ കൂട്ടത്തിൽപ്പെട്ട കമൽ പെരുമാൾ മുരുഗന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതാണ് വിനയനെ ചൊടിപ്പിച്ചത്.

ഇന്നലെ കൊച്ചി മുസിരിസ് ബിനാലെ വേദിയിലാണ് എഴുത്തുകാരൻ പെരുമാൾ മുരുഗന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക കൂട്ടായ്മയിൽ കമൽ പങ്കെടുത്തത്. ഇതിനെതിരെ ഫേസ്‌ബുക്കിലൂടെ രൂക്ഷമായ ഭാഷയിൽ തന്നെ വിനയൻ വിമർശിച്ചു. കഴിഞ്ഞ ഏഴു വർഷമായി മലയാള സിനിമയിലെ ടെക്‌നീഷ്യന്മാരോടും കലാകാരന്മാരോടും വിനയന്റെ സനിമയുമായി സഹകരിക്കരുത് എന്ന് നിർദ്ദേശം നൽകിയിരിക്കുന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന വ്യക്തിയാണ് കമൽ. അദ്ദേഹമാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്നതെന്നാണ് വിനയന്റെ ആക്ഷേപം. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കമൽ രംഗത്തുവന്നതെന്നും വിനയൻ ആരോപിച്ചു.

വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കും ബാധകമാണു കമലേ...തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി ഇന്നലെ കൊച്ചി ബിനാലെ വേദിയിൽ കലാകാരന്മാരും സാഹിത്യകാരന്മാരും ഒത്തു ചേർന്നു എന്ന വാർത്ത കണ്ടു. വളരെ നല്ല കാര്യമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ നീളുന്ന കൈവിലങ്ങുകളുടെ എണ്ണം കൂടുകയാണ് നമ്മുടെ നാട്ടിൽ. ഇതിനെ ചെറുത്തു തോൽപ്പിക്കേണ്ടതു തന്നെയാണ്.

പക്ഷെ അതിൽ പങ്കെടുക്കാനുള്ള യോഗ്യത സംവിധായകൻ കമലിനുണ്ടോ എന്ന് അദ്ദേഹം തന്നെ ഒന്നു ചിന്തിച്ചാൽ കൊള്ളാം. തന്റെ കൂടെ മലയാളസിനിമയിൽ പ്രവർത്തിച്ച ഒരു സംവിധായകനെക്കൊണ്ട് പണിയെടുപ്പിക്കരുത്, അയാളുടെ കൂടെ നമ്മുടെ സംഘടനയിലെ ഒരാളും സഹകരിക്കരുത് എന്ന് കഴിഞ്ഞ 7 വർഷമായി കർശനമായി തീരുമാനമെടുത്ത് നടപ്പാക്കുന്ന കേരളത്തിലെ ഫിലിം ഡയറക്ടേഴ്‌സ് യൂണിയൻ നേതാവാണദ്ദേഹം. ഇപ്പോൾ സെക്രടറിയാണെന്നു തോന്നുന്നു. അതിനെതിരെ ഒരു വാക്കു പോലും ഉരിയാടിയില്ലെന്നു മാത്രമല്ല വിനയനെ വിലക്കി ഒറ്റപ്പെടുത്തുന്നതിന് ആവേശത്തോടെ നിലകൊണ്ടവരിൽ ഒരാളാണദ്ദേഹം. കമലിനു ശത്രുതയുള്ളവരെയൊക്കെ വിലക്കാം മറിച്ച് തനിക്ക് പബ്ലിസിറ്റി കിട്ടുന്ന വേദിയിൽ പോയി ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി പ്രസംഗിക്കാം. ഇതാണോ കമലിന്റെ നിലപാട്? സമ്മതിച്ചിരിക്കുന്നു സംവിധായകന്റെ ആദർശം.