തിരുവനന്തപുരം: വികലാംഗരായി ആളുകൾ ജനിക്കുന്നത് അവരുടെ തെറ്റുകൊണ്ടല്ല. ശാരീരിക മനസിക വെല്ലുവിളി നേരിടുന്നവർക്ക് പരിഗണനൽകുകയാണ് സമൂഹം ചെയ്യേണ്ടത്. സർക്കാറും ഇതേലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് വേണ്ടത്. വികലാംഗർക്കുള്ള ആനുകൂല്യം ഉത്തരവായി പുറപ്പെടുവിക്കുകമാത്രമല്ല സർക്കാറിന്റെ കർത്തവ്യം. അത് നടത്തിക്കൊടുക്കുക കൂടി ചെയ്യേണ്ടത് സർക്കാറിന്റെ കടമയാണ്. എന്നാൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സർക്കാർ ഇന്ന് നൽകുന്ന ആനുകൂല്യം കെഎസ്ആർടിസി ബസിലെ ഒരു സീറ്റ് മാത്രമാണ്. അതും കിട്ടണമെങ്കിൽ ബസിലുള്ള സന്മനസുള്ള യാത്രക്കാരുടെ സഹായവും തേടേണ്ട ഗതികേടിലാണ്. സംസ്ഥാനത്തെ വികലാംഗ പെൻഷൻ മുടങ്ങിയിട്ട് ഒമ്പതുമാസമായി. മാത്രമല്ല വികലാംഗരുടെ ഉന്നമനത്തിനായുള്ള പല പദ്ധതികളും ഇപ്പോൾ അവതാളത്തിലാണ്.

നിലവിൽ 50 ശതമാനത്തിൽ കുറവ് അംഗവൈകല്യമുള്ളവർക്ക് 700 രൂപയും ഇതിലധികമുള്ളവർക്ക് 1200 രൂപയുമാണ് പെൻഷനായി ലഭിക്കുന്നത്. ഈ തുക ഒരാളുടെ ജീവിതം തള്ളി നീക്കാൻ തന്നെ മതിയാകില്ല. 1500 രൂപയാക്കി ഉയർത്തണമെന്ന വികലാംഗരുടെ ആവശ്യവും സർക്കാർ ഇതുവരെ ചെവികൊണ്ടിട്ടില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടും മറ്റും ഉണ്ടാകുന്ന രോഗത്തിന് മരുന്ന് വാങ്ങാൻ പോലും തികയാത്ത സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കവെയാണ് ആകെയുള്ള പെൻഷനും വിതരണം ചെയ്യാതെ സർക്കാർ ബുദ്ധിമുട്ടിക്കുന്നത്.

ലോട്ടറി കച്ചവടം നടത്തിയും, പെട്ടിക്കടകൾ നടത്തിയും ഉപജീവനം കഴിക്കുന്ന ഇവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യം ഇല്ലാതായതോടെ എല്ലാ മാസവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചെറിയ ഒരു ആശ്വാസം ഇല്ലാതാകുകയാണ്. പെൻഷൻ വാങ്ങുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തുന്ന ഇവരോട് കൈമലർത്താനെ ജീവനക്കാർക്ക് ആകുന്നുള്ളു. പലരിൽ നിന്നും കടം വാങ്ങി പെൻഷൻ വാങ്ങാൻ യാത്രചെയ്ത് സർക്കാർ സ്ഥാപനങ്ങൾ കയറി മടുത്ത ഇവർക്ക് ഇനി പെൻഷൻ കിട്ടിയാലും കടം വാങ്ങിയതുകൊടുത്തു തീർക്കാനെതികയൂ.

വികലാംഗർക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് വാർഡുകൾ തോറും പ്രത്യേക ഗ്രാമസഭകൾ ചേരണമെന്ന ഉത്തരവും പലയിടത്തും അട്ടിമറിക്കപ്പെടുകയാണ്. വികലാംഗരുടെ മണ്ണും വീടും പദ്ധതിയും അട്ടിമറിക്കപെടുന്നതായും ആക്ഷേപമുണ്ട്. മുഴുവൻ വികലാംഗർക്കും കെഎസ്ആർടിസി പാസ് അനുവദിക്കണമെന്നും നിലവിലെ മാനദണ്ഡം എടുത്തുകളയണമെന്നും പല തവണ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല.

നിലവിൽ പാസ് അനുവദിക്കുന്നതിന് സർക്കാർ നിശ്ചയിച്ച വരുമാന പരിധി പലർക്കും വിനയായകുകയുമാണ്. വികലാംഗ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ഇവരുടെ ആവശ്യത്തോടും സർക്കാർ മുഖംതിരിക്കുകയാണ്. ജീവിതത്തിൽ പല വെല്ലുവിളികളും നേരിട്ട് മുന്നോട്ടു പോകുന്നവരെ സർക്കാർ കണ്ടില്ലെന്ന് വയ്ക്കുകയാണ് ഇപ്പോൾ.