ജക്കാർത്ത: പ്രകൃതി സംഹാര താണ്ഡവമാടിയ ഇന്തോനേഷ്യയിൽ നിന്നും കരളലിയിക്കുന്ന കാഴ്‌ച്ചകളാണ് ഇപ്പോൾ ലോകത്തിന് കാമാൻ സാധിക്കുന്നത്. ഭൂകമ്പവും സുനാമിയും പിന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവിടെ രക്ഷാപ്രവർത്തനം ഇപ്പോഴും അവസാനിക്കാറായിട്ടില്ല. മഹാദുരന്തത്തിന്റെ ഭീതി പടർത്തുന്ന കാഴ്‌ച്ചകൾ മാറുന്നതിന് മുൻപേ ഇവിടെ വീണ്ടും ദൃശ്യമാകുന്നത് അതി ഭീകരമായ മറ്റു ചിലതാണ്. ദുരന്തം ഉണ്ടായ ശേഷം ഒക്ടോബർ ആറ് വരെ 1571 പേരുടെ മൃതദ്ദേഹം കണ്ടെത്തി എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഇത് ഇനിയും ക്രമാതീതമായി വർധിക്കുമെന്നാണ് സൂചന.

ഇന്തോനേഷ്യയിലെ പലു നഗരത്തിലാണ് ഏറ്റവും അധികം ആളുകൾ മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെയുള്ള പലവിദൂര ഗ്രാമങ്ങളിലേക്കും റോഡുകൾ പുനർനിർമ്മിച്ചാണ് രക്ഷാ സംഘം പുറപ്പെട്ടത്. എന്നാൽ അവിടെ കാത്തിരുന്ന കാഴ്‌ച്ചകൾ ഞെട്ടിക്കുന്നതായിരുന്നു.പ്രധാന ഗ്രാമങ്ങളായ പെട്ടോബോ, ബലാറോവ എന്നീ പ്രദേശങ്ങൾ ഇല്ലാതായ അവസ്ഥയാണ്. ഭൂരിഭാഗം പ്രദേശവും ചെളിമൂടി ശ്മശാന തുല്യമായി കിടക്കുകയാണ്. ഇവിടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഫ്രഞ്ച് സംഘം കണ്ടത് ചെളിപിടിച്ച ഭാഗത്ത് നിന്നും ഉയർന്ന് നിൽക്കുന്ന കൈകളും കാലുകളുമാണ്.

ശരീരഭാഗങ്ങൾ പലതും ഭീതി ഉണർത്തും വിധംചിതറി കിടക്കുന്ന അവസ്ഥയിലായിരുന്നു. സെപ്റ്റംബർ 28ന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ പലുവിന്റെ തെക്കൻ പ്രദേശങ്ങളിൽ മറ്റൊരു പ്രതിഭാസം രൂപപ്പെട്ടിരുന്നു. ഈ ഭാഗത്തെ മണ്ണ് കുഴമ്പു പരുവത്തിലാകുന്നതായിരുന്നു അത്.

മണ്ണിലെ ജലത്തിന്റെ സാന്നിധ്യം അസാധാരണമായി കൂടിയതായിരുന്നു ഈ സ്ഥലത്തെ പ്രശ്‌നം. എന്നാൽ ഇതെങ്ങനെ സംഭവിച്ചു എന്നതിൽ ഇപ്പോഴും വിശദീകരണമായിട്ടില്ല.1700ൽ അധികം വീടുകളാണ് നിന്ന നിൽപിൽ ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കപ്പെട്ടതെന്ന് നാഷനൽ ഡിസാസ്റ്റർ ഏജൻസി പറയുന്നു.

പല സ്ഥലങ്ങളിലും വീടുകളും മറ്റു കെട്ടിടങ്ങളും രണ്ടായി പിളർന്നു. ഈ വീടുകൾക്കൊപ്പം നൂറുകണക്കിനു പേരും മണ്ണിനടിയിലായെന്നാണു നിഗമനം. അതിനാൽത്തന്നെ വരുംനാളുകളിൽ മരണസംഖ്യ ഇനിയുമേറുമെന്നും രക്ഷാസംഘം പറയുന്നു. മാത്രവുമല്ല 'ചെളിച്ചതുപ്പ്' ഇപ്പോൾ അതിവേഗം ഉണങ്ങി കട്ടിപിടിച്ചിരിക്കുകയാണ്.

അതിനകത്തു പെട്ടവരെ ജീവനോടെ രക്ഷിക്കാനാകില്ലെന്ന് ഉറപ്പായി. പക്ഷേ മരിച്ച എല്ലാവരുടെയും മൃതദേഹം കണ്ടെത്തുമെന്നാണ് ഇന്തൊനീഷ്യൻ പ്രസിഡന്റ് ഉറപ്പു നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെളി മൂടിയ പ്രദേശങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ഫ്രഞ്ച് സംഘം ഇവിടെയെത്തിയത്.

ചെളിയിൽ മൂടി തകർന്നടിഞ്ഞു കിടക്കുന്ന പെട്ടോബോ നഗരത്തിലാണ് പോംപിയേഴ്‌സ് ഹ്യൂമാനിറ്റെയേഴ്‌സ് ഫ്രോൻസൊ സംഘത്തിന്റെ ആദ്യ ദൗത്യം. നോക്കെത്താദൂരത്തോളം ചെളിയിൽ പുതഞ്ഞു കിടക്കുകയാണ് പ്രദേശം. ഉണങ്ങിക്കിടക്കുന്ന ഈയിടത്തിലൂടെ നീങ്ങി മണ്ണിൽ നിന്നു നീണ്ടു നിൽക്കുന്ന മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയാണ് ആർണോൾഡ് ആലിബെർട്ടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം. കാണാൻ സാധിക്കുന്ന മൃതദേഹങ്ങളെല്ലാം മാറ്റിയാൽ മാത്രമേ പിന്നാലെ യന്ത്ര സംവിധാനങ്ങൾ ഇവിടെ എത്തിക്കാനാകൂ. ആഴത്തിൽ കുഴിയെടുത്ത് ചെളി വാരി മാറ്റുന്ന യന്ത്രങ്ങളാണു വരാനിരിക്കുന്നത്.പെട്ടോബോയിലെയും പലുവിനു വടക്കു പ്രദേശങ്ങളിലെയും മണ്ണാണ് അസാധാരണമായി കുഴമ്പു പരുവത്തിലായത്.

 നൂറു മീറ്ററോളം ആഴത്തിൽ ചെളി പുതഞ്ഞു കിടക്കുന്നയിടങ്ങളും ഇവിടെയുണ്ട്. ഇവ വൃത്തിയാക്കിയെടുക്കാൻ 4-5 മാസങ്ങളെടുക്കും. പ്രത്യേകം മണ്ണുമാന്തി യന്ത്രങ്ങൾ അതിന് ആവശ്യമായി വരും. അപ്പോഴും മൃതദേഹങ്ങൾ താഴെ കിടക്കുന്നതിനാൽ സൂക്ഷ്മതയോടെ മാത്രമേ കുഴിക്കൽ സാധ്യമാകൂ. അതിനുള്ള വഴിയൊരുക്കുകയാണ് ഫ്രഞ്ച് സംഘം ഇപ്പോൾ ചെയ്യുന്നത്. സൂനാമി ആഞ്ഞടിച്ച സുലവെസി ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് ഇപ്പോഴും ദുരിതമയമാണ്. പലു നഗരത്തിലായിരുന്നു ഏറ്റവുമധികം നാശനഷ്ടം.

മൃതദേഹം പലതും ജീർണിച്ച അവസ്ഥയിലായതിനാൽ പകർച്ച വ്യാധികളെക്കുറിച്ച് സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു. പലയിടത്തു നിന്നും ജനങ്ങളുടെ ശരീരഭാഗങ്ങളാണു ലഭിക്കുന്നത്. ഇതും രക്ഷാപ്രവർത്തകർക്ക് രോഗ ഭീഷണി ഉയർത്തുന്നുണ്ട്. എല്ലാ രക്ഷാപ്രവർത്തകർക്കും വാക്‌സിനേഷൻ നൽകി. ആവശ്യത്തിനു ചികിത്സാ സൗകര്യങ്ങളും മേഖലയിൽ ലഭ്യമാക്കാനാകുന്നില്ല. പല ആശുപത്രികളിലും ആവശ്യത്തിനു ജീവനക്കാരുമില്ല.

പലു വിമാനത്താവളത്തിലെ അസൗകര്യങ്ങളും രാജ്യാന്തര സഹായം വൈകുന്നതിനു കാരണമാകുന്നുണ്ട്. തങ്ങളുടെ വേണ്ടപ്പെട്ടവരെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം നിയന്ത്രണാതീതമാകുന്നതാണ് പകർച്ചവ്യാധി ഭീഷണി കൂട്ടുന്നത്. രണ്ടു ലക്ഷത്തിലേറെ പേർക്കെങ്കിലും ഇന്തൊനീഷ്യയിൽ സഹായം എത്തിക്കണമെന്നാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയത്.

നഗരം അപ്പാടെ ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് ലോകം

ഇന്തോനേഷ്യയിൽ ഇക്കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ ഭൂകമ്പവും സുനാമിയും വിതച്ച നാശനഷ്ടങ്ങളുടെ ഭയാകനമായ ചിത്രങ്ങൾ പുറത്ത് വന്നു. ഒരു നഗരം അപ്പാടെ ഭൂകമ്പത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഒലിച്ച് പോകുന്നത് വീഡിയോയും ഇതിന്റെ ഭാഗമായി പുറത്ത് വന്നിട്ടുണ്ട്. രണ്ടായിരത്തോളം പേർ അതായത് കൃത്യമായി പറഞ്ഞാൽ 1649 പേർ ഭൂകമ്പത്തിലും അതിനോട് അനുബന്ധിച്ചുള്ള പ്രകൃതി ദുരന്തത്തിലും കൊല്ലപ്പെട്ട ഇന്തോനേഷ്യയിലെ ചില ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണിവ.

7.5 മാഗ്നിറ്റിയൂഡിൽ ഭൂകമ്പമുണ്ടാവുകയും അത് ശക്തമായ സുനാമിയിലേക്ക് നയിക്കുകയും ചെയ്തതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിത്തീർത്തിരിക്കുന്നത്. ദുരന്തം നടന്ന എട്ട് ദിവസം കഴിഞ്ഞിട്ടും ഇവിടെ മരണനിരക്ക് കുത്തനെ ഉയരുന്ന അവസ്ഥയാണുള്ളത്. കടലോരപട്ടണമായ പാലുവിൽ ആയിരക്കണക്കിന് പേരെയാണ് കാണാതായിരിക്കുന്നത്. എങ്ങും പരന്നൊഴുകി നടക്കുന്ന മൃതദേഹങ്ങൾ കടുത്ത പകർച്ചവ്യാധി ഭീഷണിയാണ് പരത്തിക്കൊണ്ടിരിക്കുന്നത്. സാറ്റലൈറ്റ് വീഡിയോ വെളിപ്പെടുത്തുന്നത് പ്രകാരം ബലറോവ, പെറ്റോബോ നൈബർഹുഡുകൾ വെള്ളം അടിച്ച് കയറി ചെളിയിൽ കുതിരുന്നതും ആയിരക്കണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങുന്നതും മണ്ണടിയുന്നതുമായി നേർ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും നടന്ന് വരുന്നുണ്ട്. കെട്ടിടങ്ങൾക്കിടയിൽ പെട്ട് അഴുകുന്ന മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർക്ക് രോഗബാധയുണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്. ടൈഫോയ്ഡും കോളറയുമുണ്ടാകുമെന്ന ആശങ്കയാൽ രക്ഷാപ്രവർത്തകരെ വാക്‌സിനേഷൻ വിധേയരാക്കിയിട്ടുണ്ട്. ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയ മേഖലകളിൽ കണക്കാക്കിയതിലും പേർ മരിച്ചിട്ടുണ്ടാകാമെന്നും ഇവിടങ്ങളിൽ ഇനിയും രക്ഷാപ്രവർത്തകർ കടന്നെത്താത്ത ഇടങ്ങൾ ഇനിയുമുണ്ടെന്നുമാണ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നത്.