ബ്രാഡ് പിറ്റ് നായകനായ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ എന്ന സിനിമ പലരും ഓർക്കുന്നുണ്ടാവും. എന്നാൽ, ഇത് യഥാർഥ ജീവിതത്തിലെ ബെഞ്ചമിൻ ബട്ടണാണ്. നാലാം വയസ്സിൽ വാർധക്യം പിടിപെട്ട കുരുന്നാണ് ലോകത്തിന് മുന്നിൽ ദയനീയ ചിത്രമായി നിലകൊള്ളുന്നത്.

തെക്കൻ ബംഗ്ലാദേശിലെ മഗൂറയിലാണ് ബയേസീദ് ഹുസൈൻ എന്ന കുരുന്ന് വിധിയുടെ ബലിമൃഗം പോലെ ജീവിക്കുന്നത്. അത്യപൂർവമായ രോഗമാണ് ഈ കുരുന്നിനെ ബാധിച്ചിട്ടുള്ളത്. ശരീരമാകെ ചുക്കിച്ചുളുങ്ങി, കണ്ണുകൾ പിന്നോട്ടുവലിഞ്ഞ് പല്ലുകൾ കൊഴിഞ്ഞ് ബയേസീദ് ഇപ്പോൾത്തന്നെ വാർധക്യത്തിലെത്തിക്കഴിഞ്ഞു.

ശരീരത്തിന് വാർധക്യം ബാധിച്ചുവെങ്കിലും ബയെസീദിന്റെ മനസ്സ് നാലുവയസ്സുകാരന്റേതാണ്. കൂട്ടുകാർക്കൊപ്പം കളിച്ചുനടക്കാൻ ആഗ്രഹിക്കുന്ന ബാല്യം. എന്നാൽ, കുട്ടികൾ പോയിട്ട് മുതിർന്നവർ പോലും ഈ കുരുന്നിനരികെ വരാൻ ഭയക്കുന്നു. തന്റെ സമപ്രായക്കാരേക്കാൾ ബുദ്ധിശേഷിയുള്ള കുട്ടിയാണ് ബയേസീദ്.

പ്രൊഗേറിയ എന്ന ശാരീരികാവസ്ഥയാണ് ബയേസീദിന്. ഉള്ളതിനെക്കാൾ എട്ടുമടങ്ങ് പ്രായക്കൂടുതലായിരിക്കും ഇത്തരം അവസ്ഥ ബാധിച്ചിട്ടുള്ളവരുടെ ശരീരത്തിൽ പ്രതിഫലിക്കുക. പ്രൊഗേറിയ ബാധിച്ച കുട്ടികൾ ശരാശരി 13 വയസ്സുവരെ മാത്രമേ ജീവിച്ചിരിക്കാറുള്ളൂ. ഹൃദ്രോഗബാധിതരായി മരിച്ചുപോവുകയാണ് പതിവ്.

ലൊവേലു ഹുസൈന്റെയും തൃപ്തിയുടെയും മകനായി 2012-ലാണ് ബയേസീദ് ജനിച്ചത്. തുടക്കത്തിൽ നാട്ടിലെ ഡോക്ടർമാർക്ക് എങ്ങനെയാണ് ചികിത്സിക്കേണ്ടത് എന്നുപോലും അറിയുമായിരുന്നില്ല. ജനിച്ചുവീണപ്പോൾ മകനെ നോക്കാൻ പോലും പേടിയായിരുന്നുവെന്ന് തൃപ്തി പറയുന്നു.

അപൂർവമായ ശാരീരികാവസ്ഥയുമായി ജനിച്ച കുട്ടി നാട്ടുകാർക്ക് തുടക്കത്തിൽ ഒരു കൗതുകമായിരുന്നു. എന്നാൽ അവൻ വളരാൻ തുടങ്ങിയതോടെ അവർക്ക് ഭയമായി മാറി. ഇത്തരമൊരു ശാരീരികാവസ്ഥയിൽനിന്ന് മകനെ രക്ഷിക്കാൻ ആരുടെ ഭാഗത്തുനിന്നും ഒരു പിന്തുണയും ലഭിച്ചില്ലെന്ന് തൃപ്തി പറയുന്നു.

രക്തബന്ധമുള്ള ലൊവേലുവും തൃപ്തിയും വിവാഹിതരായതുകൊണ്ടാണ് കുട്ടി ഇങ്ങനെയയിപ്പോയതെന്നാണ് നാട്ടുകാർ പറയുന്നത്. വളരെ ചെറുപ്പത്തിലേ വിവാഹിതരായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ചിലർ കുറ്റപ്പെടുത്തുന്നു. 13-ാം വയസ്സിലായിരുന്നു ലൊവേലുവിന്റെയും തൃപ്തിയുടെയും വിവാഹം.