തിരുവനന്തപുരം: കേരളത്തെ കൊള്ളയടിച്ച് വീണ്ടും മണിചെയിൻ തട്ടിപ്പ്. തമിഴ്‌നാട്ടിലെ മധുര ആസ്ഥാനമായ ഡിസ്‌ക് അസറ്റ് ലീഡ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തുടനീളം ഓഫീസ് തുറന്ന് 100 കോടിയിലേറെ രൂപ തട്ടിച്ചെടുത്തെന്ന് നിക്ഷേപകർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശിന് പരാതി നൽകി. തമിഴ്‌നാട്ടിൽ ആയിരം കോടിയിലേറെ തട്ടിച്ച കമ്പനിയാണ് കേരളത്തിലും നിക്ഷേപകരെ വലയിലാക്കിയത്. 22 ശാഖകളാണ് കമ്പനിക്ക് കേരളത്തിലുണ്ടായിരുന്നത്.

തട്ടിപ്പിനിരയായതിൽ മനംനൊന്ത് 22 ഏജന്റുമാർ ഇതുവരെ ആത്മഹത്യ ചെയ്തതായി നിക്ഷേപകർ പറയുന്നു. 49 ഓഹരിയുടമകളാണ് കമ്പനിക്കുള്ളത്. കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ വകുപ്പിന്റെയും റിസർവ് ബാങ്കിന്റെയും അനുമതിയോടെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്നാണ് ഉടമകൾ നിക്ഷേപകരെ ധരിപ്പിച്ചിരുന്നത്. കേന്ദ്ര കമ്പനികാര്യ വകുപ്പിൽ 2006 ഏപ്രിൽ 20ന് ഡിസ്‌ക് അസറ്റ് പ്രൊമോട്ടർ ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ കമ്പനിയായി രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റ്ഔട്ട് കാട്ടിയാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചത്.

തിരുവനന്തപുരത്ത് പാറശാലയിലും കരമന വിജയ് ടവറിലും ഓഫീസ് തുറന്നാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. പ്രതിമാസം 100രൂപ മുതൽ 10,000രൂപ വരെ നിക്ഷേപിക്കുന്നവർക്ക് 30 ശതമാനം ലാഭവിഹിതം നൽകുമെന്നും ഈ തുക നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. കമ്പനിയുടമകൾ കേരളത്തിലും തമിഴ്‌നാട്ടിലുമായി 1200 കോടി പിരിച്ചെടുത്തെന്നാണ് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ പറയുന്നത്. കമ്പനി ചെയർമാൻ ഉമാശങ്കർ, ഡയറക്ടർ വിവേകാനന്ദം ജനാർദ്ദനൻ എന്നിവർക്കെതിരെയാണ് തിരുവനന്തപുരത്ത് പരാതി നൽകിയിട്ടുള്ളത്.

36 മാസം, 63 മാസം, 60 മാസം തവണകളായാണ് കമ്പനി നിക്ഷേപം സ്വീകരിച്ചത്. കാലാവധി പൂർത്തിയാവുമ്പോൾ 12.5ശതമാനം പലിശയോടെ നിക്ഷേപം തിരിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം. മൂന്നരവർഷമായിട്ടും ഒരാൾക്ക് പോലും പണം തിരിച്ചുകിട്ടാതായതോടെയാണ് തങ്ങൾ തട്ടിപ്പിനിരയായെന്ന് നിക്ഷേപകർ മനസിലാക്കിയത്. കമ്പനിക്ക് തമിഴ്‌നാട്ടിൽ 5500 ഏക്കർ സ്ഥലവും പല ബാങ്കുകളിലായി 1800കോടി നിക്ഷേപവുമുണ്ടെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ ഈ നിക്ഷേപവും സ്വത്തുക്കളും ബിനാമികളുടെ പേരിൽ മാറ്റി നിക്ഷേപകരെ വഞ്ചിക്കുകയാണെന്നും ആരോപണമുണ്ട്. നേരത്തേ ചില നിക്ഷേപകർ പ്രശ്നമുണ്ടാക്കിയപ്പോൾ അവരുടെ ബോണ്ട് രസീത്, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവയെല്ലാം കമ്പനി കൈക്കലാക്കിയിരുന്നു. പിന്നാലെ 22ശാഖകളും അടച്ചുപൂട്ടി കമ്പനിയുടമകൾ സ്ഥലംവിട്ടു. ഇപ്പോൾ നിക്ഷേപകരുടെ കൈയിൽ ഒരു തെളിവുമില്ലാത്ത സ്ഥിതിയാണ്.

തമിഴ്‌നാട്ടിലെ നിക്ഷേപകർ നേരത്തേ കമ്പനിക്കെതിരേ മധുര കോടതിയിൽ കേസുകൊടുത്തിരുന്നു. കേസ് നിസാരകാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോകാനാണ് കമ്പനി ശ്രമിച്ചത്. പിന്നീട് ചെന്നൈ ഹൈക്കോടതിയിലേക്ക് കേസ് മാറ്റി. 2011ൽ ഹൈക്കോടതി 11 കമ്മിഷണർമാരെ നിയമിച്ചു. 90 ദിവസത്തിനകം പണം തിരികെനൽകണമെന്ന് ഉത്തരവുണ്ടായിട്ടും ഇതുവരെ ആർക്കും പണം കിട്ടിയില്ല. ഡയറക്ടർമാരടക്കം ചിലർക്ക് ജയിൽ ശിക്ഷ ലഭിച്ചതായും നിക്ഷേപകർ പറയുന്നു. പണം തിരിച്ചുകിട്ടാനായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്ത് ഇറങ്ങാനാണ് നിക്ഷേപകരുടെ തീരുമാനം.

സാധാരണക്കാരനെ വിഴുങ്ങിയ ലീ കാപ്പിറ്റൽ

വമ്പൻ പലിശ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം മുന്നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ലീകാപ്പിറ്റൽ നടത്തിയത്. ഉടമ സന്തോഷ് കുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 2013 ജൂലായിലാണ് ലീ കാപ്പിറ്റൽ തട്ടിപ്പ് പുറത്തായത്. ജൂലായ് 16ന് ഇയാൾക്കെതിരേ തിരുവനന്തപുരത്ത് കേസെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിച്ചിട്ടും സന്തോഷിന്റെ പൊടിപോലും കണ്ടുപിടിക്കാനായില്ല. കൊല്ലം നിലമേൽ സ്വദേശിയായ സന്തോഷ്‌കുമാർ തലസ്ഥാനത്ത് ഉന്നതരുടെ സംരക്ഷണയിൽ വിലസുകയാണ്. കൊല്ലം ജില്ലയിലെ ആയൂരിൽ ഇന്നോവ കാറിൽ സന്തോഷ് കറങ്ങുന്നതായും അവിടത്തെ ബിയർ പാർലറിലെത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കൊച്ചിൻ സ്റ്റോക് എക്സ്ചേഞ്ചിലേയും മുംബൈയിലെ യൂണിവേഴ്സൽ കൊമ്മോദിറ്റി എക്സ്ചേഞ്ച് ലിമിറ്റഡിലേയും രജിസ്ട്രേഷൻ ഉപയോഗിച്ച് കേരളത്തിലുടനീളം ശാഖകൾ തുറന്ന് 300 കോടിയിലേറെ രൂപയാണ് സന്തോഷ്‌കുമാർ സമാഹരിച്ചത്. നൂറു രൂപയ്ക്ക് അഞ്ചുരൂപ പലിശ വാഗ്ദാനം ചെയ്ത് പത്തുവർഷമായി സന്തോഷ്‌കുമാർ നിക്ഷേപം സ്വീകരിക്കുകയായിരുന്നു.2013 മാർച്ച് വരെ ഇടപാടുകാർക്ക് പലിശ നൽകിയിരുന്നു. നിക്ഷപമായി സ്വീകരിച്ച പണമുപയോഗിച്ച് ഓൺലൈൻ ഓഹരിവ്യാപാരം നടത്തുകയായിരുന്നു രീതി. കോയമ്പത്തൂരിലും ബാംഗ്ലൂരിലുമടക്കം ശാഖകളുള്ള കമ്പനിയിൽ പതിനായിരത്തിലധികം പേർ ലക്ഷങ്ങൾ നിക്ഷേപിച്ചു. വസ്തു വിറ്റുപോലും ചിലർ ലക്ഷങ്ങൾ നിക്ഷേപം നടത്തിയി. ലീ കാപിറ്റൽ സർവീസസ് ഗോൾഡ് തേജസ് എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചിരുന്നു. ഇതിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 60,000 രൂപയായിരുന്നു. ഇതിൽ മാത്രം 2400 പേർ നിക്ഷേപം നടത്തിയിരുന്നു.

നിക്ഷേപകർക്ക് ഒരു ഗ്രാം സ്വർണവും 3,500 രൂപയും ഇൻസെന്റീവായി നൽകി. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ നിക്ഷേപം സ്വീകരിച്ചത്. 45 കോടിയോളം രൂപ ഇത്തരത്തിൽ സമാഹരിച്ചു. വ്യാജരേഖകൾ നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിലും (സെബി) സന്തോഷ് രജിസ്ട്രേഷൻ നേടിയിരുന്നു.

ഈ രജിസ്ട്രേഷനുകൾ ഉപയോഗിച്ച് കേരളത്തിലുടനീളം എട്ട് ശാഖകളും തമിഴ്‌നാട്, കർണാടകം സംസ്ഥാനങ്ങളിലും ശാഖകൾ തുറന്ന് സന്തോഷ് തട്ടിപ്പ് നടത്തുകയായിരുന്നു. കേസെടുത്തതിനെത്തുടർന്ന് ബാംഗ്ളൂരിലേക്കും പഞ്ചാബിലേക്കും മുങ്ങിയ സന്തോഷ് ഉന്നതരുടെ സംരക്ഷണം ലഭിച്ചതോടെയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.