കണ്ണൂർ: മന്ത്രി മുഹമ്മദ് റിയാസിനെയും സിപിഎം ജില്ലാസെക്രട്ടറി എം.വി ജയരാജനെയും ക്ഷണിച്ചു സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സെമിനാർ നടത്തിയ രണ്ടു ജില്ലാ ലീഗ് നേതാക്കൾക്കെതിരെ മുസ്ലിം ലീഗ് ജില്ലാനേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചു. സാംസ്്കാരിക വേദി രൂപീകരിച്ചാണ് ഇവർ സി.പി. എം നേതാക്കളെ ക്ഷണിച്ചു ഓഗസ്റ്റ് ആദ്യവാരം കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സെമിനാർ നടത്തിയത്. നേതാക്കൾ ക്ഷണിച്ചതനുസരിച്ചു നിരവധി പാർട്ടിപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നുവെങ്കിലും ജില്ലാനേതൃത്വത്തെ സെമിനാറിന്റെ കാര്യം അറിയിച്ചിരുന്നില്ല.

ഇതോടെയാണ് പാർട്ടിക്ക് സമാന്തരമായി സാംസ്‌കാരിക വേദി രൂപീകരിച്ചു പ്രവർത്തിച്ചതിന് രണ്ട് ജില്ലാ നേതാക്കൾക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. പാർട്ടി തീരുമാനം ലംഘിക്കുകയും ഗുരുതരമായ അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന്റെ പേരിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ കെ.പി. താഹിർ , എംപി എ.റഹീം എന്നിവരെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടിസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാനും തുടർന്ന് യുക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന അധ്യക്ഷനോട് ശുപാർശ ചെയ്യാൻ മുസ്ലിം ലീഗ് ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു.

യു.ഡി.എഫ് കണ്ണൂർ മണ്ഡലം കൺവീനർ കൂടിയായ കെ.പി. താഹിറിനെ ഈ സ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്. കണ്ണൂരിൽ പുതുതായി രൂപീകരിച്ച മുസ്ലിം സാംസ്‌കാരികവേദിയെന്ന സംഘടനയുമായി മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിക്കോ പാർട്ടി പ്രവർത്തകർക്കോ യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. പാർട്ടിയുടെ അംഗീകാരമില്ലാത്തതും, പാർട്ടിയുടെ നയപരിപാടികളും കർമ്മ പദ്ധതികളും സമാന രീതിയിൽ നടപ്പിലാക്കുന്നതുമായ സാമുഹിക-സാംസ്‌കാരിക സന്നദ്ധ സംഘടനകളുമായി മുസ്ലിം ലീഗ് നേതാക്കളും ഭാരവാഹികളും പ്രവർത്തകരും സഹകരിക്കരുതെന്ന് യോഗം കർശന നിർദ്ദേശം നൽകി.

യോഗത്തിൽ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി,ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ.എസ്.മുഹമ്മദ്, എൻ.എ.അബൂബക്കർ മാസ്റ്റർ, ടി.എ. തങ്ങൾ, കെ.വി.മുഹമ്മദലി. ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുള്ള, അഡ്വ.കെ.എ.ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി പങ്കെടുത്തു.