- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ലോക പുസ്തക ദിനത്തിൽ ചർച്ച സംഘടിപ്പിച്ചു
ദോഹ: വായന സംസ്‌കാരമുള്ള മനുഷ്യന്റെ സ്വഭാവമാണെന്നും ചിന്തയേയും ജീവിതത്തേയും മാറ്റിമറിക്കാനും നവീകരിക്കാനും സഹായിക്കുന്ന ശക്തമായ മാദ്ധ്യമമാണ് പുസ്തകമെന്നും ലോക പുസ്തക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്ലവകരമായ പുരോഗതിയെ തുടർന്ന് ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളുടെ സ്വാധീനം മനുഷ്യന്റെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ ഒരു പരിധിവരെ കീഴടക്കിയിട്ടുണ്ടെങ്കിലും വായനയെ മലയാളിക്ക് മാറ്റിനിർത്താനാവുകയില്ലെന്ന് ചർച്ച അടിവരയിട്ടു. പുസ്തക വായനയിൽ ചില ഏറ്റക്കുറച്ചിലുകളുണ്ടായി എങ്കിലും വായന സജീവവും സർഗാത്മകവുമായി തുടരുകയാണ്. മനുഷ്യന്റെ സാംസ്‌കാരിക വളർച്ചക്ക് വായന അനുപേക്ഷ്യമാണെന്നും ഇളംതലമുറയെ വായനയുടെ മനോഹരതീരങ്ങളിലൂടെ കൈപിടിച്ചുകൊണ്ടുപോകുവാൻ അദ്ധ്യാപകരും രക്ഷിതാക്കളും പ്രബുദ്ധരായ സമൂഹവും ശ്രദ്ധിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ഉദ്ബോധിപ്പിച്ചു. മാനവ സൗഹൃദവും നന്മയും പരസ്പരം പങ്കുവെക്കുവാനും ഊഷ്മളമായ ബന്ധങ്ങൾ നിലനിർത്തുവാനും വായന സഹായിക
ദോഹ: വായന സംസ്‌കാരമുള്ള മനുഷ്യന്റെ സ്വഭാവമാണെന്നും ചിന്തയേയും ജീവിതത്തേയും മാറ്റിമറിക്കാനും നവീകരിക്കാനും സഹായിക്കുന്ന ശക്തമായ മാദ്ധ്യമമാണ് പുസ്തകമെന്നും ലോക പുസ്തക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്ലവകരമായ പുരോഗതിയെ തുടർന്ന് ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളുടെ സ്വാധീനം മനുഷ്യന്റെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ ഒരു പരിധിവരെ കീഴടക്കിയിട്ടുണ്ടെങ്കിലും വായനയെ മലയാളിക്ക് മാറ്റിനിർത്താനാവുകയില്ലെന്ന് ചർച്ച അടിവരയിട്ടു. പുസ്തക വായനയിൽ ചില ഏറ്റക്കുറച്ചിലുകളുണ്ടായി എങ്കിലും വായന സജീവവും സർഗാത്മകവുമായി തുടരുകയാണ്.
മനുഷ്യന്റെ സാംസ്‌കാരിക വളർച്ചക്ക് വായന അനുപേക്ഷ്യമാണെന്നും ഇളംതലമുറയെ വായനയുടെ മനോഹരതീരങ്ങളിലൂടെ കൈപിടിച്ചുകൊണ്ടുപോകുവാൻ അദ്ധ്യാപകരും രക്ഷിതാക്കളും പ്രബുദ്ധരായ സമൂഹവും ശ്രദ്ധിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ഉദ്ബോധിപ്പിച്ചു. മാനവ സൗഹൃദവും നന്മയും പരസ്പരം പങ്കുവെക്കുവാനും ഊഷ്മളമായ ബന്ധങ്ങൾ നിലനിർത്തുവാനും വായന സഹായിക്കുമെന്നത് അനിഷേധ്യമാണ്. അതുകൊണ്ട് തന്നെ എഴുത്തുകാർക്ക് സമൂഹത്തിന്റെ പുരോഗതിയിലും വളർച്ചയിലും വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നത് ചരിത്രബോധ്യമാണ്. ഇന്ത്യയിൽ അസഹിഷ്ണുതാവിവാദ സമയത്ത് പല എഴുത്തുകാരും തങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങൾ തിരിച്ചേൽപ്പിച്ചതുപോലും കലാകാരന്റെ സർഗാതമക പ്രതികരണമാണ്.
ചിന്തയുടെ ഇന്ധനമാണ് വായന. എവിടെ വായന ഇല്ലാതാകുന്നുവോ അവിടെ ചിന്ത മരവിക്കുകയും സമൂഹം അധഃപതിക്കുകയും ചെയ്യും. നക്ഷത്രപ്രഭയുള്ള കാലവും ഉൾക്കനമുള്ള രചനകളും മലയാളിക്ക് അവിസ്മരണീയമായ ഓർമകളാണ്. അക്ഷരമെന്നാൽ ഒരിക്കലും നാശമില്ലാത്തത് എന്നാണ്. മറ്റൊരു മാദ്ധ്യമത്തിനും വായനയെ ഇല്ലാതാക്കാനാവില്ല. നമ്മുടെ സമീപനത്തിലാണ് മാറ്റം വരേണ്ടതെന്ന് പ്രസംഗകർ ഓർമിപ്പിച്ചു.
കോടിക്കണക്കിന് രൂപ ചിലവഴിച്ചാലും ചിത്രീകരിക്കാൻ കഴിയാത്ത ഉദാത്തവും അതിമനോഹരവുമായ ലോകത്തെ വരച്ചുകാട്ടാൻ കഴിയുമെന്നതാണ് വായനയുടെ മറ്റൊരു സവിശേഷത. കുട്ടികളെ പത്രമാസികളും കഥകളുമൊക്കെ ഉറക്കെ വായിപ്പിക്കുന്നത് അക്ഷര ശുദ്ധിയും ഭാഷാ സ്ഫുടതയും വർദ്ധിപ്പിക്കുവാൻ സഹായിക്കും. ഏത് ഭാഷയിൽ വായിക്കുന്നതും അഭികാമ്യമാണെങ്കിലും മനുഷ്യന്റെ മനസിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലുവാൻ സഹായിക്കുക മാതൃഭാഷയിലുള്ള വായനയാണ്. മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ വരമായ വിവരം നേടാനും മനുഷ്യനെ സംസ്‌ക്കരിക്കാനും വായനക്കുള്ള കഴിവ് അപാരമാണെന്നും ഈ രംഗത്ത് സമകാലിക സമൂഹം അലംഭാവം കാണിക്കരുതെന്നും ചർച്ച ഓർമ്മപ്പെടുത്തി.
അറിവിന്റെ വിശാലമായ ലോകത്തേക്കുള്ള താക്കോലാണ് വായന. വായിക്കുന്നവരാണ് യഥാർഥ നേതാക്കളെന്ന വാക്യം അന്വർഥമാക്കണം. വായിക്കാനാഹ്വാനം ചെയ്താണ് ഖൂർആൻ അവതരണം തന്നെ ആരംഭിച്ചത്. ഇരുട്ടും വെട്ടവും മൽസരിക്കുന്ന കലിയുഗത്തിൽ ഇരുട്ടിനെ തട്ടി മാറ്റി വെട്ടത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാക്കി മാറ്റാൻ പരന്ന വായനക്ക് മാത്രമേ കഴിയൂ.
മലയാളിയുടെ വായന സംസ്‌കാരത്തിന്റെ ശേഷിപ്പും തിരിച്ചറിവും ശക്തിപ്പെടുത്തുവാനുള്ള അവസരമാണ് പുസ്തക ദിനം ഉദ്ഘോഷിക്കുന്നത്. വായനയുടെ അനന്ത സാധ്യതകളെ തിരിച്ചറിഞ്ഞ് അതിന്റെ ഗുണഭോക്താക്കളാകുന്നവരാണ് പ്രവാസികൾ. മലയാളികളിൽ വായന അന്യമാകുന്നു എന്ന വിലാപങ്ങൾക്കൊന്നും വലിയ അർഥമില്ല. വായനയുടെ തലങ്ങളിൽ മാത്രമാണ് മാറ്റം വരുന്നത്. വിശാലമായ മാനങ്ങളുള്ള ഒരു പ്രക്രിയയാണ് വായന. കഥയും കവിതയും നോവലും സർഗ രചനകളുമെന്നപോലെ തന്നെ പ്രകൃതിയുടെ ദൃശ്യ വായനയും വൈകാരിക വായനയും വ്യത്യസ്തമായ തലങ്ങളാണ്.
ദൃശ്യമാദ്ധ്യമം നമുക്ക് ഇമേജറികളിലോ സങ്കൽപ്പത്തിലോ ചോയിസ് നൽകാതിരിക്കുമ്പോൾ പുസ്തകങ്ങളിൽ നമുക്ക് നമ്മുടെ ഭാവനക്കനുസരിച്ച ബിംബങ്ങൾ സങ്കൽപ്പിക്കാൻ കഴിയും. ഇത് മനുഷ്യന്റെ ചിന്തയേയും വികാരത്തേയും തൊട്ടുണർത്താൻ പോന്നതാണ്. വായനയുടെ പരിമളം മനസിന് കുളിരേകുന്ന അവാച്യമായ ഒരനുഭൂതിയാണ്. മുൻ വിധികളില്ലാതെ സങ്കുചിതത്തമില്ലാതെ ഈ പരിമളം കാത്ത് സൂക്ഷിക്കാനായാൽ ഒരു തരം ശക്തിക്കും മനുഷ്യ മനസുകളെ സാംസ്‌കാരിക പാതയിൽ നിന്നും പിറകോട്ട് വലിക്കാനാവില്ല.
അക്ഷരങ്ങളെ പ്രണയിക്കുന്ന ഓരോരുത്തർക്കും വായന അവാച്യമായ അനുഭൂതിയാണ് നൽകുന്നത്. വായിക്കുന്നതും വായനക്ക് പ്രചോദനമേകുന്നതും ഒരു പോലെ പുണ്യമാണ്. ഞാൻ സുഹൃത്തുക്കളുടെ അഭാവം പരിഹരിക്കുന്നത് പുസ്തകങ്ങളിലൂടെയാണെന്ന അംബേദ്കറുടെ പ്രസ്താവന പുസ്തകങ്ങളെ കൂട്ടുകാരാക്കാനുള്ള ആഹ്വാനമാണ്. . കൂടുതൽ പ്രസംഗിക്കുകയും കുറച്ചു പ്രവർത്തിക്കുകയും ചെയ്യുക എന്ന നിലപാടിന് മാറ്റം വരികയും കുട്ടികളെ മടിയിലുത്തി കഥ പറഞ്ഞു കൊടുത്തിരുന്ന സ്വഭാവം വീണ്ടെടുക്കുകയും ചെയ്താൽ കുട്ടികളുടെ വായനയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിയും. കൂടാതെ കുട്ടികൾക്കുള്ള ഉപഹാരങ്ങളും സമ്മാനങ്ങളും നല്ല പുസ്തകങ്ങളാക്കിയും അവരെ വായനാകുതുകികളാക്കാൻ കഴിയും.
മനുഷ്യ പ്രയാണത്തിന് ചിന്തയുടേയും ചന്തയുടേയും രണ്ടു വഴികളാണുള്ളതെന്നും ചന്തയുടെ വഴി തെരഞ്ഞെടുക്കുന്ന ധനികരും ചിന്തയുടെ വഴി തെരഞ്ഞെടുക്കുന്നവർ ധന്യരുമാകുമെന്നും ചർച്ച അടയാളപ്പെടുത്തി. അന്നം തേടിയുള്ള യാത്രയിലും ചിന്തയുടേയും ചന്തയുടേയും വഴികളെ സനമ്യയിപ്പിക്കുവാൻ കഴിയുന്നവരാണ് ശരിയായ വിജയികൾ. മനുഷ്യന് വായന ശരീരത്തിന് രക്തം പോലെയാണ്. പരന്ന വായന മനുഷ്യനിൽ ധന്യത പ്രസരിപ്പിക്കുന്നതോടൊപ്പം വിനയാന്വിതരും സംസ്‌കാര സമ്പന്നരുമാക്കും. വായന വൈവിധ്യം നഷ്ടപ്പെടാതെ വായനയുടെ പരിമളം പരത്താനുള്ള സോദ്ദേശ്യ ശ്രമങ്ങളാണ് കാലഘട്ടം നമ്മോടാവശ്യപ്പെടുന്നത്.
എന്തിന് വായിക്കണം, എന്തു വായിക്കണം എന്നിത്യാദി ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കണ്ടെത്തി കേവലം അറിവിനുമപ്പുറം തിരിച്ചറിവിലേക്ക് നയിക്കുന്ന വായനകളാണ് കാലാതീതമായി നിലനിൽക്കുക. അറിവ് നേടുക എന്നതിനപ്പുറം വായന സാംസ്‌കാരികമായ തിരിച്ചറിവിന്റേയും ബോധത്തിന്റേയും ഭാഗമാണ്. ഡോ. സാബു, ഡോ. വണ്ടൂർ അബൂബക്കർ, പി. ഉണ്ണികൃഷ്ണൻ, ഷീല ടോമി, കെ. മാധവിക്കുട്ടി, രാമചന്ദ്രൻ വെട്ടിക്കാട്ട്, ഹബീസി, ഹുസൈൻ കടന്നമണ്ണ, എം ടി. നിലമ്പൂർ, ആർ.ജെ. സൂരജ്, ഫാസിൽ ഷാജഹാൻ, സഹീർ റഹ്മാൻ, സിന്ധു രാമചന്ദ്രൻ, മഹ് മൂദ് മാട്ടൂൽ, ജലീൽ കുറ്റ്യാടി, റഫീഖ് മേച്ചേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മീഡിയ പ്ലസ് സിഇഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.