ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട 'ടൂൾകിറ്റ് കേസിൽ' അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകയും ആക്ടിവിസ്റ്റുമായ ദിഷ രവിയെ മൂന്നു ദിവസം കൂടി ജൂഡിഷ്യൽ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവ്. തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ഡൽഹി പൊലീസ് ചൂണ്ടിക്കാട്ടിയപ്പോഴാണു കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.

കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ ത്യുൻബ ട്വിറ്ററിൽ പങ്കുവെച്ച ടൂൾ കിറ്റ് രൂപകൽപന ചെയ്തതിനാണ് 22കാരിയായ ദിഷ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിഷയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരേ ഗ്രേറ്റ ത്യൂൻബ രൂപീകരിച്ച ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാണ് ദിഷ.കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിലെ വീട്ടിൽ നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

'ടൂൾ കിറ്റ്' തയാറാക്കിയതുമായി ബന്ധപ്പെട്ടു മലയാളി അഭിഭാഷക നികിത ജേക്കബ്, പരിസ്ഥിതി പ്രവർത്തകരായ ദിഷ രവി, ശാന്തനു മുളുക് എന്നിവരടക്കം 70 പേർ ജനുവരി 11നു ഖലിസ്ഥാൻ അനുകൂല സംഘടനയായ പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി 'സൂം' ചർച്ചയിൽ പങ്കെടുത്തെന്നാണു പൊലീസ് വ്യക്തമാക്കിയത്.

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള 'ടൂൾ കിറ്റ്' അബദ്ധത്തിൽ ട്വീറ്റ് ചെയ്തതാണു കേസിൽ വഴിത്തിരിവായതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള സമരപരിപാടികളുടെ വിശദാംശങ്ങളടങ്ങിയ 'ടൂൾകിറ്റ്' രഹസ്യ കൈമാറ്റത്തിനുള്ളതായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. ഗ്രേറ്റ അതു ട്വീറ്റ് ചെയ്തയുടൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് ദിഷ വാട്‌സാപ് സന്ദേശം അയച്ചതായും പറയുന്നു.

വിശദാംശങ്ങൾ പുറത്തുപോയാൽ താനടക്കമുള്ളവരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയും ദിഷ അറിയിച്ചിരുന്നു. പിന്നാലെ ഗ്രേറ്റ ട്വീറ്റ് പിൻവലിച്ചു.

ചില മാറ്റങ്ങൾ വരുത്തി അൽപസമയത്തിനു ശേഷം വീണ്ടും പങ്കുവയ്ക്കുകയും ചെയ്‌തെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ടൂൾ കിറ്റിലെ ഉള്ളടക്കം

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ 'ആസ്‌ക് ഇന്ത്യ വൈ', 'വേൾഡ് ഈസ് വാച്ചിങ്' തുടങ്ങിയ ഹാഷ്ടാഗുകളുടെ പ്രചാരണം.

ഓരോ ഹാഷ്ടാഗും പ്രചരിപ്പിക്കാൻ നിശ്ചിത തീയതികൾ.

യുഎന്നിലെയും വിദേശത്തെ പ്രമുഖരെയും ടാഗ് ചെയ്ത് ഹാഷ്ടാഗ് പ്രചാരണം.

ഈ മാസം 4, 5 തീയതികളിൽ വ്യാപക ട്വിറ്റർ പ്രചാരണം.

ഈ മാസം 21 മുതൽ 26 വരെ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രചാരണം.

വിദേശത്തെ ഇന്ത്യൻ എംബസികൾക്കു മുന്നിൽ ഐക്യദാർഢ്യ പ്രകടനം.