ആലപ്പുഴ: തോട്ടപ്പള്ളിയിൽ മണലെടുപ്പുമായി ബന്ധപ്പെട്ട സിപിഐ-സിപിഎം തർക്കം രൂക്ഷമായി. കടലാക്രമണം ശക്തമാതോടെ തോട്ടപ്പള്ളിയിലെ മണലെടുപ്പ് എംഎൽഎ ഇടപെട്ട് താത്കാലികമായി നിർത്തിവെപ്പിച്ചിരുന്നു. തീരത്ത് നിലവിലുള്ള കടൽഭിത്തിയോട് ചേർന്നുള്ള വീടുകൾ സംരക്ഷിക്കുവാൻ വേർതിരിച്ച മണൽ എത്തിക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യം അനുസരിക്കാൻ കെഎംഎംഎല്ലും, ഐആർഇഎല്ലും ഒക്കെ കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് തോട്ടപ്പള്ളിയിൽ പൊഴിമുഖത്ത് എത്തി മണലെടുപ്പ് നിർത്തിവെപ്പിച്ചത്..

വ്യാഴാഴ്ച വൈകീട്ട് എച്ച്. സലാം എംഎ‍ൽഎ. നേരിട്ടെത്തിയാണ് മണലെടുപ്പു തടഞ്ഞത്. ഇതിന് പിന്നാലെ എച്ച്. സലാമിനെ ഫേസ്‌ബുക്കിലൂടെ പരിഹസിച്ച് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് രംഗത്തെത്തി. എംഎ‍ൽഎയുടെ നേതൃത്വത്തിൽ ധാതുമണലെടുപ്പ് തടഞ്ഞെന്ന പത്ര കട്ടിങ്ങാണ് 'മെയ്‌ മാസത്തെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരിദിനം' എന്ന ക്യാപ്ഷനോടെ ഫേസ്‌ബുക്കിൽ ആഞ്ചലോസ് പോസ്റ്റ് ചെയ്തത്.

ആഞ്ചലോസിന് മറുപടിയുമായി എച്ച്.സലാമും പോസ്റ്റിട്ടു. സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തിനനുസരിച്ച് പക്വത പ്രകടിപ്പിക്കണമെന്ന് എച്ച്. സലാം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ നിലപാടാണ് ഉയർത്തിപ്പിടിക്കേണ്ടത്. തീരം സംരക്ഷിക്കാനാണ് തോട്ടപ്പള്ളിയിലെ മണലെടുപ്പ് തടഞ്ഞതെന്നും എച്ച്.സലാം വിശദീകരിച്ചു. 'സിപിഐയുടെ ജില്ലാ സെക്രട്ടറിയായ മഹാനായ നേതാവിനോട് അനുവാദം ചോദിക്കുവാൻ കഴിഞ്ഞില്ല.. ക്ഷമിക്കണേ സിംഹമേ..' എന്നും എച്ച്.സലാം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മണലെടുപ്പിനെ സിപിഐ ആദ്യം മുതൽ എതിർത്തിരുന്നതാണ്. എന്നാൽ, സിപിഎമ്മിന് അനുകൂല നിലപാടായിരുന്നു. തോട്ടപ്പള്ളിയിലെ കരിമണൽഖനനത്തിനെതിരേ മുൻപ് ടി.ജെ. ആഞ്ചലോസിന്റെ നേതൃത്വത്തിൽ സിപിഐ. സമരരംഗത്തുണ്ടായിരുന്നു.