ചെന്നൈ: നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലിയുള്ള തർക്കം കോടതിയിലെത്തി. നടൻ പ്രഭുവിനും സഹോദരനും നിർമ്മാതാവുമായ രാംകുമാർ ഗണേശനുമെതിരെയാണ് കേസ്. സഹോദരികളായ ശാന്തി നാരായണസാമിയും രാജ്വി ഗോവിന്ദരാജനുമാണ് ഇരുവർക്കുമെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

സ്വത്ത് ഭാഗം വച്ചതിൽ വൻക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇവർ ആരോപിച്ചു. ശിവാജി ഗണേശന്റെയും കമലയുടെയും മക്കളാണ് നാല് പേരും. ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് പ്രഭുവും രംകുമാറും ചേർന്നാണ്. പിതാവ് ഒരു വിൽപ്പത്രവും എഴുതിയിട്ടില്ലെന്നും സഹോദരങ്ങളായ രാംകുമാറും പ്രഭുവും വ്യാജ വിൽപത്രം ഉപയോഗിച്ച് സ്വത്ത് മുഴുവൻ കൈക്കലാക്കിയെന്നും ശാന്തിയും രാജ്വിയും ആരോപിച്ചു. പബ്ലിക് പവർ ഓഫ് അറ്റോണിയിൽ ഒപ്പിട്ട് തങ്ങളെ കബളിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു.

തങ്ങളറിയാതെ നിരവധി സ്വത്തുക്കൾ വിറ്റിട്ടുണ്ടെന്നും ഇവർ മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ പരാതിയിൽ ഉണ്ട്. 82 കോടി വില വരുന്ന ശാന്തി തീയറ്റേഴ്സ് സഹോദരിമാരോട് ചോദിക്കാതെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയെന്നും ആരോപണമുണ്ട്. ആയിരം പവൻ സ്വർണാഭരണങ്ങളും 500 കിലോ വെള്ളിയും പ്രഭുവും രാംകുമാറും കൈക്കലാക്കിയിട്ടുണ്ടെന്നും പറയുന്നു.

അച്ഛന്റെ മരണശേഷം എസ്റ്റേറ്റും മറ്റു സ്വത്തുക്കളും സഹോദരന്മാർ നോക്കി നടത്തുന്നതിൽ ശാന്തിക്കും രാജ്വിക്കും തുടക്കത്തിൽ ഒരു പ്രശ്നവുമില്ലായിരുന്നു. എന്നാൽ,പിൽക്കാലത്ത് തങ്ങളുടെ അനുവാദമില്ലാതെ ചില വസ്തുവകകൾ ഇരുവരും വിറ്റതായി വിവരം ലഭിച്ചതോടെയാണ് അവർ കോടതിയെ സമീപിച്ചത്.

1952 മെയ് 1നാണ് ശിവാജി ഗണേശൻ കമലയെ വിവാഹം കഴിക്കുന്നത്. നാല് മക്കളാണ് ഇരുവർക്കുമുള്ളത്. മകൻ പ്രഭു നടനാണ്. മൂത്ത മകൻ രാംകുമാർ നിർമ്മാതാവും. ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് പ്രഭുവും പ്രഭുവിന്റെ മൂത്തമകൻ രംകുമാറും ചേർന്നാണ്. ഇരുവരുടേയും മക്കളായ വിക്രം പ്രഭുവും ദുഷ്യന്ത് രാജ്കുമാറും നടന്മാരാണ്.

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 2005-ലെ ഭേദഗതി പ്രകാരം പിതാവ് ശിവാജി ഗണേശന്റെ സ്വത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്നും അവ കൃത്യമായി വിഭജിക്കാൻ ഉത്തരവിടണമെന്നും ഇവർ ഹർജിയിൽ പറയുന്നു. ആകെ 270 കോടി രൂപയുടെ സ്വത്ത് ശിവാജി ഗണേശന്റെ പേരിലുള്ളതായാണ് കണക്കാക്കുന്നത്. അതേസമയം അമ്മയുടെ തറവാട്ടു ഭൂമിയായ തഞ്ചാവൂരിലെ ശൂരക്കോട്ടായി ഗ്രാമത്തിൽ ഉൾപ്പെട്ട രണ്ട് കോടി വിലമതിക്കുന്ന കൃഷിഭൂമിയിലും മറ്റ് സ്വത്തുക്കളിലും തങ്ങൾക്ക് ന്യായമായ വിഹിതം നിഷേധിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്.വൻ കടബാധ്യത ചൂണ്ടിക്കാട്ടി 2018 ഡിസംബർ 20ന് 5 കോടി രൂപ കടം തീർക്കാൻ ഗോപാലപുരത്തെ വീട് വിൽക്കാനുള്ള സെറ്റിൽമെന്റ് രേഖയിൽ തങ്ങളെ കൊണ്ട് ഒപ്പുവെയ്‌പ്പിക്കുകായിരുന്നുവെന്നും ഇരുവരും പറയുന്നു.