ചെറുവത്തൂർ: മുത്തച്ഛന്റെ മരണത്തിൽ മനംനൊന്തെന്ന് പ്രാഥമികമായി വിലയിരുത്തുന്ന കൊച്ചു മകളുടെ ആത്മഹത്യയിൽ ദുരൂഹത മാറുന്നില്ല. പടന്ന തെക്കേക്കാട്ടെ പി.കെ കണ്ണൻ (75) മരിച്ചതിന് തൊട്ടുപിന്നാലെയാണ് കൊച്ചുമകൾ രേഷ്മയെ (22) വീട്ടിനകത്തെ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. മുത്തച്ഛന്റെ മരണത്തെ തുടർന്നുള്ള സംഘർഷമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ രണ്ട് സർക്കാർ ജോലിക്ക് പിഎസ് സിയുടെ അഡൈ്വസ് മെമോ കിട്ടിയ രേഷ്മ ഇതിന് മുതിരുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഇന്നലെ വെളുപ്പിനാണ് കണ്ണൻ ഹൃദയാഘാതത്തെ തുടർന്ന് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. രാവിലെ ആറോടെ മരണവിവരം വീട്ടിലറിയിച്ചു. ഇതോടെ അസ്വസ്ഥത പ്രകടിപ്പിച്ച രേഷ്മ മുറിക്കകത്ത് കയറി വാതിലടച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രേ. നിലവിളി കേട്ട് വീട്ടുകാരും അയൽവാസികളും ചേർന്ന് വാതിൽ തകർത്ത് അകത്ത് കടന്ന് തീ കെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പി .എസ് .സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ അഡ്വൈസ് മെമോ ലഭിച്ച രേഷ്മ ഓഡർ പ്രതീക്ഷിച്ചുനിൽക്കുകയായിരുന്നു. പി.എസ്.സിയുടെ എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിലും രേഷ്മയ്ക്ക് അഡ്വൈസ് മെമോ തയ്യാറാവുന്നുണ്ടായിരുന്നു. മൃതദേഹം ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. രേഷ്മയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

തെക്കേക്കാട്ടെ പത്മിനി ദാമോദരൻ ദമ്പതികളുടെ മകളാണ് രേഷ്മ. നീതു, നിത്യ, മിഥ്യ, ദീപ്തി എന്നിവർ സഹോദരങ്ങളാണ്. യശോദയാണ് പി.കെ കണ്ണന്റെ ഭാര്യ. മക്കൾ: പത്മിനി, തമ്പാൻ, രവി, ദേവയാനി.